ADVERTISEMENT

ബാങ്കുകൾക്ക് ജീവനക്കാരെ പിടിച്ചു നിർത്താൻ സാധിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്നമായെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ വർഷം  ആശങ്ക പ്രകടിപ്പിച്ചിരുന്നു. വീണ്ടും ഇപ്പോൾ പല ബാങ്കിങ് മേധാവികളും അതേ  ആശങ്ക പങ്കുവയ്ക്കുകയാണ്. ജീവനക്കാർ ബാങ്കിങ് ജോലി വിട്ടുപോകുന്നത് ബാങ്ക് മാനേജ്മെന്റുകൾക്ക് വലിയ തലവേദന ആയിരിക്കുന്നു. ബാങ്ക് ജോലി ലഭിച്ചാൽ ജീവിതം 'സെറ്റായി' എന്ന  1980 കളിലെയും 90 കളിലെയും ചിന്തയ്ക്ക് ഇപ്പോൾ മാറ്റം വന്നോ? 

എന്തുകൊണ്ട് കൊഴിഞ്ഞുപോകൽ?

എൻട്രി ലെവൽ ജോലികളിൽ കൊഴിഞ്ഞുപോകൽ 40 മുതൽ 45 ശതമാനം വരെയാണ്. മിഡിൽ ലെവലിൽ 20 -25 ശതമാനവും. വർഷങ്ങൾ ജോലിചെയ്തിട്ടുള്ളവരുടെ ഇടയിൽ ഇത് 10 മുതൽ 15 ശതമാനം വരെയാണെന്നും കണക്കുകൾ പറയുന്നു. സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോകലാണ് പൊതുമേഖലാ ബാങ്കുകളേക്കാൾ കൂടുതൽ. 

ജോലിഭാരം: ജോലിഭാരം കാരണമാണ് പലരും ബാങ്ക് ജോലി ഉപേക്ഷിക്കുന്നത് എന്നൊരു സർവ്വേ കാണിക്കുന്നു. രാവിലെ മുതൽ രാത്രി വരെയുള്ള ജോലി പലപ്പോഴും വലിയ സമ്മർദ്ദമാണ് ജീവനക്കാരിൽ ഉണ്ടാക്കുന്നത്. ബാങ്കുകൾ പല മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നതും ജീവനക്കാർ പല തരത്തിലുള്ള ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുന്നുണ്ട്. പുതിയ ശാഖകൾ തുറക്കുമ്പോൾ ഒന്നോ രണ്ടോ ജീവനക്കാരെ മാത്രം വെച്ച് എല്ലാ ഉത്തരവാദിത്തവും അവർക്ക് നൽകുന്നതും ജീവനക്കാരിൽ കടുത്ത സമർദ്ദമുണ്ടാക്കുന്നു. 

x-default
Reprentative image

ഫിൻ ടെക് കമ്പനികൾ : പുതിയ ഫിൻ ടെക് കമ്പനികൾ കൂടുതൽ ശമ്പളം കൊടുത്ത് ജീവനക്കാരെ ആകർഷിക്കുന്നതും ബാങ്കുകൾക്ക് പ്രശ്നമാകുന്നുണ്ട്. പല സ്റ്റാർട്ട് അപ്പ് കമ്പനികൾ പോലും ബാങ്കുകളേക്കാൾ ഇരട്ടി ശമ്പളമാണ് ജീവനക്കാർക്ക് വാഗ്‌ദാനം ചെയ്യുന്നത്. 

കടുത്ത മത്സരം: ബാങ്കുകൾ ചെയ്യുന്ന ബിസിനസ് മറ്റു പല മേഖലകളിലെയും കമ്പനികൾ ഏറ്റെടുത്തതോടെ ബാങ്കുകൾക്ക് തങ്ങളുടെ പരമ്പരാഗത ബിസിനസ് മോഡലുമായി മുന്നോട്ടു പോകാൻ സാധിക്കാതെയായി. അതുകൊണ്ടുതന്നെ ഓഹരി വ്യാപാര സൗകര്യങ്ങൾ മുതൽ ഇതുവരെ കൈവെക്കാത്ത പല മേഖലകളിലേക്കും ഇറങ്ങി ചെല്ലാൻ ബാങ്കുകളും നിർബന്ധിതരായി. 

x-default
Reprentative image

ലാഭം വർദ്ധിപ്പിക്കാൻ : കുറഞ്ഞ ജീവനക്കാരെക്കൊണ്ട് കൂടുതൽ ജോലിയെടുപ്പിക്കുക, കൂടുതൽ ലാഭം ഉണ്ടാക്കുക എന്ന ബാങ്കുകളുടെ നയവും പ്രശ്നമാകുന്നുണ്ട്. ഓരോ പാദത്തിലും ലാഭം കാണിക്കാനായി ജീവനക്കാർ കൂടുതൽ ടാർഗറ്റ് നേടേണ്ടി വരുമ്പോൾ പല ജീവനക്കാർക്കും കുടുംബവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടെന്ന് സർവേകൾ സൂചിപ്പിക്കുന്നു.

മുഷിപ്പിക്കുന്ന പണി : സാധാരണയുള്ള ബാങ്ക് ജോലികളിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനില്ല എന്നതും ജീവനക്കാരെ വിട്ടുപോകാൻ പ്രേരിപ്പിക്കുന്നുണ്ട്. ഒരേ കാര്യം തന്നെ വർഷങ്ങളായി ചെയ്യുന്നത് ജീവനക്കാരിൽ മടുപ്പ് ഉണ്ടാക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ ക്രിയാത്മകവും തങ്ങളുടെ താൽപര്യങ്ങളെ പോഷിപ്പിക്കുന്നതുമായ ജോലികൾ കണ്ടെത്താൻ പുതിയ തലമുറക്കാർ നോക്കുന്നതും കൊഴിഞ്ഞു പോകൽ കൂട്ടുന്ന ഒരു കാര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com