ADVERTISEMENT

ന്യൂഡൽഹി∙ ഐടി സംവിധാനത്തിലെ വീഴ്ചകളുടെ പേരിൽ കോട്ടക് മഹീന്ദ്ര ബാങ്കിനെതിരെ റിസർവ് ബാങ്കിന്റെ കടുത്ത നടപടി. ഓൺലൈനായി പുതിയ ഉപയോക്താക്കളെ എടുക്കുന്നതും, പുതിയ ക്രെഡിറ്റ് കാർഡ് നൽകുന്നതും അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഉത്തരവ്. നിലവിൽ അക്കൗണ്ട് ഉള്ളവരെയും കാർഡ് ഉള്ളവരെയും തീരുമാനം ബാധിക്കില്ല. ബാങ്ക് ബ്രാഞ്ചുകളിൽ നേരിട്ടെത്തി അക്കൗണ്ട് തുടങ്ങുന്നതിനും തടസ്സമില്ല.

  2 വർഷത്തോളം നീണ്ടു നിന്ന റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കു ശേഷമാണ് ഉത്തരവ്. ബാങ്കിന്റെ ഐടി, വിവരസുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചകളും അപര്യാപ്തതയുമാണ് നടപടിക്ക് കാരണം. ഇവ സമയബന്ധിതമായും സമഗ്രമായും പരിഹരിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായി ആർബിഐ വിലയിരുത്തി. 

മെച്ചപ്പെട്ട ഐടി സംവിധാനത്തിന്റെ അഭാവം മൂലം 2 വർഷത്തിനിടയിൽ കോർ ബാങ്കിങ് ശൃംഖലയിലും ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങളിലും പല തവണ തകരാറുണ്ടായി. ഇക്കഴിഞ്ഞ 15ന് വലിയതോതിൽ സേവനം തടസ്സപ്പെട്ടതും ആർബിഐ ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഡിജിറ്റൽ ഇടപാടുകൾ കാര്യമായി വർധിക്കുന്നത് ഐടി ശൃംഖലയ്ക്ക് കൂടുതൽ 'ലോഡ്' ആകും.

പുറത്തുനിന്നുള്ള ഏജൻസിയെക്കൊണ്ട് നടത്തുന്ന സമഗ്ര ഓഡിറ്റിനു ശേഷമായിരിക്കും നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് പുനഃപരിശോധിക്കുക.   2020 ഡിസംബറിൽ എച്ച്ഡിഎഫ്‍സി ബാങ്കിനെതിരെയും സമാനനടപടി സ്വീകരിച്ചിരുന്നു. 2022 മാർച്ചിൽ ഇത് നീക്കി. 2022 മാർച്ചിൽ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കും ഇതേ നടപടി നേരിട്ടിരുന്നു. തുടർന്നുള്ള പുനഃപരിശോധനയിലും സ്ഥിതി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ കടുത്തനടപടികൾ നേരിട്ടു. കോട്ടക് ബാങ്കിന് രാജ്യമാകെ 1,869 ബ്രാഞ്ചുകളുണ്ട്. ഇതിൽ 36 എണ്ണം കേരളത്തിലാണ്.

  കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രമോട്ടർ കമ്പനികളിലൊന്നായ ഇൻഫിന ഫിനാൻസ് ബിജെപിക്ക് 60 കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി നൽകിയിരുന്നുവെന്ന വിവരം അടുത്തിടെ പുറത്തു വന്നിരുന്നു. 

"ഐടി സംവിധാനം ശക്തിപ്പെടുത്താനായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ആർബിഐയുമായി സഹകരിച്ച് എത്രയും വേഗം പ്രശ്നപരിഹാരത്തിനായി ശ്രമിക്കും. നിലവിലെ ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാകും. ബ്രാഞ്ചുകൾ വഴി നേരിട്ട് പുതിയ ഉപയോക്താക്കൾക്ക് അക്കൗണ്ട് എടുക്കുന്നതിന് തടസ്സമില്ല."

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രതികരണം

English Summary:

RBI's action against Kotak Mahindra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com