ജിയോജിത്തിന് 149 കോടി രൂപ അറ്റാദായം
Mail This Article
കൊച്ചി ∙ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് കഴിഞ്ഞ സാമ്പത്തിക വർഷം 149 കോടി രൂപ അറ്റാദായം നേടി; 48% വർധന. മൊത്ത വരുമാനം 39% വർധനയോടെ 448 കോടി രൂപയിൽ നിന്ന് 624 കോടി രൂപയായി ഉയർന്നു.
നാലാം പാദത്തിലെ മൊത്തം വരുമാനം 209 കോടി രൂപ. 117 കോടി രൂപയിൽ നിന്നാണ് 79% വർധനയോടെ ഈ കുതിപ്പ്.
ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.50 രൂപ (150%) എന്ന നിരക്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതം നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തു. കമ്പനിയുടെ ക്യാപ്പിറ്റൽ മാർക്കറ്റ് ബിസിനസ് വിപുലപ്പെടുത്തുന്നതിനായി ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ(ഡിഐഎഫ്‌സി) 10 ലക്ഷം ഡോളർ നിക്ഷേപിക്കുന്നതിനും ബോർഡ് അനുമതി നൽകി. ജിയോജിത്തിനു നിലവിൽ 13 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 93,000 കോടി രൂപയാണ്.