ഇന്ത്യൻ വിപണിയിലെ ഓഹരി വ്യാപാര സമയം നീട്ടാൻ പോകുകയാണോ?
Mail This Article
ഇന്ത്യൻ ഓഹരി വിപണിയുടെ വ്യാപാര സമയം കൂട്ടണമെന്ന് നാളുകളായി പലരും ആവശ്യം ഉന്നയിക്കുകയായിരുന്നു. എന്നാൽ മാർക്കറ്റ് റെഗുലേറ്ററായ സെബി ഈ ആവശ്യത്തിനു അനുമതി നൽകിയില്ലെന്ന് എൻഎസ്ഇയുടെ സിഇഒ ആശിഷ് കുമാർ ചൗഹാൻ പറഞ്ഞു. ഓഹരി വ്യാപാര സമയം നീട്ടിയാൽ അത് ചെലവുകൾ വർധിപ്പിക്കുകയും വീണ്ടും സോഫ്റ്റ് വെയറുകൾ പരിഷ്കരിക്കേണ്ടി വരികയും ചെയ്യുന്നത് നല്ല സാമ്പത്തിക ബാധ്യതയായിരിക്കും ബ്രോക്കേജുകൾക്ക് ഉണ്ടാക്കുക. അതിനാൽ പല ബ്രോക്കറേജ് ഹൗസുകളും വ്യാപാര സമയം നീട്ടാനുള്ള തീരുമാനത്തെ പിന്തുണക്കുന്നില്ല.
ഇന്ത്യൻ ഓഹരി വ്യാപാര സമയം കഴിഞ്ഞാലും, യൂറോപ്യൻ ഓഹരി വിപണികൾ പ്രവർത്തിക്കുന്നതും, വീണ്ടും രാത്രി അമേരിക്കൻ വിപണികളിൽ നിന്നുള്ള വാർത്തകൾ വരുന്നതും പിറ്റേ ദിവസം ഇന്ത്യൻ വിപണികളെ ബാധിക്കാറുണ്ട്. കുറച്ചു മണിക്കൂറുകൾ കൂടി ഓഹരി വ്യാപാര സമയം നീട്ടിയാൽ കൂടുതൽപ്പേർക്ക് ഓഹരി വിപണികളിൽ സജീവമായി പങ്കെടുക്കാനാകും എന്നുള്ളതാണ് സമയം നീട്ടണം എന്ന് വാദിക്കുന്നവരുടെ ന്യായം. എന്നാൽ വ്യാപാര സമയം കൂട്ടുന്നത് ജോലി സമ്മർദം വർധിപ്പിക്കും എന്ന അഭിപ്രായമുള്ളവരുമുണ്ട്.
ആദ്യ ഘട്ടത്തിൽ ഡെറിവേറ്റീവ് വ്യാപാരത്തിന്റെ സമയം നീട്ടണം എന്ന ശുപാർശയാണ് എൻഎസ്ഇ, സെബിക്ക് മുന്നിൽ സമർപ്പിച്ചിരുന്നത്. വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ഡെറിവേറ്റീവ് വ്യാപാര സമയം നീട്ടണമെന്നായിരുന്നു എൻഎസ്ഇയുടെ ആവശ്യം. രണ്ടാമത്തെ ഘട്ടത്തിൽ രാത്രി 11.30 വരെ നീട്ടണമെന്നും ആവശ്യമുണ്ടായിരുന്നു. ഇതുകൂടാതെ മൂന്നാമത്തെ ഘട്ടത്തിൽ ഓഹരി വ്യാപാര സമയം ഇപ്പോഴത്തെ 3.30 ൽ നിന്ന് 5 വരെ നീട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധിക ചെലവ് ചൂണ്ടി കാട്ടി ബ്രോക്കറേജ് ഹൗസുകളുടെ പിന്തുണ ഇല്ലാത്തതിനാൽ സെബി എല്ലാ ആവശ്യങ്ങളും തള്ളി.