ADVERTISEMENT

രാജ്യാന്തര വിപണിയുടെ കുതിപ്പിന്റെ പിൻബലത്തിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ വീണ്ടും മുന്നേറ്റം നേടി. നിഫ്റ്റി പുതിയ റെക്കോർഡ് ഉയരം കുറിച്ചപ്പോൾ സെൻസെക്സ് റെക്കോർഡ് നിരക്കിലേക്ക് വീണ്ടും അടുത്തു. വെള്ളിയാഴ്ച 22297 പോയിന്റെന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റി 22212 പോയിന്റിൽ ക്ളോസ് ചെയ്തു. വെള്ളിയാഴ്ച റെക്കോർഡ് ഉയരമായ 73427 പോയിന്റിനടുത്ത് 73413 പോയിന്റിൽ വരെയെത്തിയ സെൻസെക്സ് 73142 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ റിയൽറ്റി സെക്ടർ വീണ്ടും 5.7% വും,  ഓട്ടോ 3.2%വും, ഫാർമ 2.6%വും മുന്നേറ്റം നേടിയപ്പോൾ ബാങ്കിങ് സെക്ടറിന്റെ 1.3% നേട്ടവും, അവസാന ദിവസങ്ങളിലെ മുന്നേറ്റത്തോടെ ഐടി സെക്ടർ നഷ്ടങ്ങൾ ഒഴിവാക്കിയതും ഇന്ത്യൻ വിപണിക്ക് നിർണായകമായി. എനർജി, പൊതു മേഖല സെക്ടറുകൾ മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചത്. 

തിരഞ്ഞെടുപ്പ് പ്രഖ്യാപനം 

ഇന്ത്യ തെരെഞ്ഞെടുപ്പ് ചൂടിലേക്ക് വീഴുകയാണ്. ഇന്ത്യൻ വിപണിയും തെരെഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് കാലത്തെ വാദഗതികളും, ജയപരാജയ സാധ്യതകളും, ഫലപ്രവചനങ്ങളും വിപണിയിൽ ചാഞ്ചാട്ടങ്ങളും, അവസരങ്ങളും ധാരാളമായി സൃഷ്ടിച്ചേക്കാം. ‘’ഭരണത്തുടർച്ച’’യെന്ന തുറുപ്പ് ചീട്ടിൽ മുന്നേറ്റം തുടരുന്ന ഇന്ത്യൻ വിപണിയിൽ പൊടുന്നനെയുള്ള ലാഭമെടുക്കലുകൾ ഓരോ കുതിപ്പിലും സംഭവിച്ചേക്കാം. തെരെഞ്ഞെടുപ്പ് കാലത്ത് വിപണി കൂടുതൽ ‘പ്രതികരണാത്മക’മായിരിക്കും. 

go-ahead

എൻവിഡിയ & എഐ 

ഫെഡ് മിനുട്സ് നിരാശപ്പെടുത്തിയ അമേരിക്കൻ വിപണിക്ക് കിട്ടിയ വലിയൊരു വഴിത്തിരിവായിരുന്നു എൻവിഡിയയുടെ പ്രതീക്ഷിച്ചതിലും മികച്ച റിസൾട്ടും, അതിലും മികച്ച ആദ്യപാദ ഗൈഡൻസും. മുൻ പാദത്തിൽ നിന്നും 22% വർദ്ധനവോടെ 22 ബില്യൺ ഡോളറിന്റെ വരുമാനവും ഓഹരിയൊന്നിന്  5.16 ഡോളർ ലാഭവും അവസാന പാദത്തിൽ നേടിയ എൻവിഡിയ നടപ്പ് പാദത്തിൽ 2400 കോടി ഡോളർ വരുമാന പ്രതീക്ഷ നിരത്തിയതും വൻ മുന്നേറ്റം നൽകിയതോടെ എൻവിഡിയ രണ്ട് ട്രില്യൺ ഡോളറിന്റെ വിപണി മൂല്യവും സ്വന്തമാക്കി. ആക്സിലറേറ്റഡ് കമ്പ്യൂട്ടിങ്, ജനറേറ്റീവ് എഐ മേഖലയിൽ കരാറുകളിൽ വൻ വര്ധനവുണ്ടാകുന്നുണ്ട് എന്ന എൻവിഡിയയുടെ സ്ഥാപകനും, സിഇഓയുമായ ജെൻസൺ ഹ്വാങിന്റെ പ്രസ്താവനയും നിർമിത ബുദ്ധി മേഖലയുടെയും, ഒപ്പം ലോക വിപണിയുടെയും മുന്നേറ്റത്തിനും വഴിവെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല പ്രതീക്ഷിച്ചതിലും മുൻപേ ഫലം കൊയ്യുകയാണ്.

ഫെഡ് മിനുട്സ് 

ജനുവരിയിലെ ഫെഡ് യോഗത്തിൽ ധൃതി പിടിച്ച് നിരക്ക് കുറയ്ക്കലിന് മുതിരേണ്ടതില്ലെന്ന ഫെഡ് അംഗങ്ങളുടെ നിലപാടിന് പിന്നാലെ വ്യാഴാഴ്ച ക്രിസ്റ്റഫർ വാലർ അടുത്ത രണ്ട് യോഗങ്ങളിൽ കൂടി നിരക്കുകൾ ഉയർത്തി നിർത്തണമെന്ന് ആഹ്വാനം ചെയ്തത് ജൂൺ മുതൽ ഫെഡ് റിസർവ് നിരക്കിൽ കുറവ് വരുത്തുമെന്ന ധാരണയ്ക്ക് ആക്കം കൂട്ടി. 

global-share6

മാർച്ച് 19-20 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത യോഗം. ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ അടുത്ത ആഴ്ച വരുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.  

ഓഹരികളും സെക്ടറുകളും 

∙എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയിലെ ചാഞ്ചാട്ടമാണ് കഴിഞ്ഞ ആഴ്ചത്തെ ഇന്ത്യൻ വിപണിയുടെയും ചാഞ്ചാട്ടത്തിന് അടിസ്ഥാനമായത്. സിറ്റി എച്ച്ഡിഎഫ്സി ബാങ്കിന് 2050 രൂപ ലക്‌ഷ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഗോൾഡ് മാൻ സാക്‌സും എച്ച്ഡിഎഫ്സി ബാങ്കിന് മുന്നേറ്റപ്രതീക്ഷയോടെ വാങ്ങൽ പ്രഖ്യാപിച്ചു.  

global-share3

∙പലിശ നിരക്ക് കുറച്ച പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ നടപടിക്ക് പിന്നാലെ ചൈനയുടെ തുടർ ഉത്തേജന നടപടികളും രാജ്യാന്തര ലോഹവില വർദ്ധനക്ക് വഴിവെച്ചേക്കാം. ഫെഡ് നിരക്ക് കുറച്ചു തുടങ്ങുന്നതും ലോഹവിപണിയെ ചൂട് പിടിപ്പിക്കുമെന്നതും മെറ്റൽ സെക്ടറിന് ദീർഘകാലാടിസ്ഥാനത്തിൽ അനുകൂലമാണ്. 

∙തിങ്കളാഴ്ച ആരംഭിക്കുന്ന ‘ഭാരത് ടെക്സ്’ മേള ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലക്ക് രാജ്യാന്തര വിപണിയിൽ പുതിയ കുതിപ്പ് ലക്‌ഷ്യം വെക്കുന്നു. ടെക്സ്റ്റൈൽ ഓഹരികളും നേട്ടം പ്രതീക്ഷിക്കുന്നു. 

∙മികച്ച ഓർഡർബുക്കിന്റെയും, റിസൾട്ടിന്റെയും പിൻബലത്തിൽ മുന്നേറ്റം നേടിയ എൻബിസിസിക്ക് ഗ്രെയ്റ്റർ നോയിഡയിലെ അമ്രപാളിയുടെ പ്രോജെക്ടിൽ 13250 ഫ്ലാറ്റുകൾക്ക് നിർമാണ അനുമതി ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. മുടങ്ങിക്കിടക്കുന്ന കൂടുതൽ പദ്ധതികൾ ഭാവിയിൽ ഏൽപ്പിക്കപ്പെട്ടേക്കാമെന്നത് എൻബിസിസിക്ക് സാധ്യതയാണ്. 

global-share2

∙ബ്രേക്ക് ഔട്ട് നേടിയ ജിയോ ഫിനാൻസ് ഓഹരി വെള്ളിയാഴ്ചത്തെ 10% മുന്നേറ്റത്തോടെ കഴിഞ്ഞ ആഴ്ചയിൽ മാത്രം 21% നേട്ടവും കുറിച്ചു. അമേരിക്കൻ അസ്സെറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കുമായി ചേർന്ന് മ്യൂച്വൽ ഫണ്ട് ലൈസൻസിന് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത് ജിയോ ഫിനാൻസിന് പ്രതീക്ഷയാണ്. 

∙ഹിൻഡാൽകോയുടെ അമേരിക്കൻ ഉപകമ്പനിയായ അറ്റ്ലാന്റ ആസ്ഥാനമായ നോവലിസ് അമേരിക്കയിൽ ഐപിഓക്കായി അപേക്ഷ സമർപ്പിച്ചത് ഹിൻഡാൽകോയ്ക്ക് അനുകൂലമാണ്. നോവലിസിന്റെ ഐപിഓ വിജയം ഹിൻഡാൽകോയുടെയും ഗതി നിർണയിക്കും.  

∙ഐഡിയ-വോഡഫോൺ ധനസമാഹരണത്തിനായി പുതു വഴികൾ തേടുന്നത് ഓഹരിക്ക് മുന്നേറ്റം നൽകി. ഐഡിയയിൽ നിന്നും ലഭിക്കേണ്ട കുടിശിക ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇൻഡസ് ടവറും മുന്നേറ്റം നേടി.  

∙സൗത്ത് ഇന്ത്യൻ ബാങ്ക് നാല് ഓഹരിക്ക് ഒരു ഓഹരി എന്ന തോതിൽ 22 രൂപക്ക് റൈറ്റ്സ് ഇഷ്യു പ്രഖ്യാപിച്ചത് ഓഹരിക്ക് ഇന്ന് മുന്നേറ്റം നൽകി. സൗത്ത് ഇന്ത്യൻ  ബാങ്കിന്റെ നാല് ഓഹരികൾ കൈയാളുന്ന ഓഹരിയുടമക്ക് ഒരു ഓഹരി എന്ന നിരക്കിൽ അവകാശഓഹരിക്ക് അർഹതയുണ്ടാകും. ഫെബ്രുവരി 27നാണ് റെക്കോർഡ് തീയതി

∙സ്പേസ് മാനുഫാക്ച്ചറിങ് സെക്ടറിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ക്യാബിനറ്റ് അനുമതി നൽകിയത് സ്പേസ് സെക്ടറിലുള്ള ഓഹരികൾക്ക് മുന്നേറ്റം നൽകി. സ്പേസ് സെക്ടറിലേക്ക് ഉപകരണഉല്പാദന പിന്തുണ നൽകുന്ന അൺലിസ്റ്റഡ് കമ്പനികളും പ്രതീക്ഷയിലാണ്. 

∙ഇന്ത്യൻ ഡ്രോൺ നിർമാണകമ്പനിയായ ഐഡിയ ഫോർജ് അമേരിക്കൻ വിപണിയിലും ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. സിവിൽ- ഡിഫൻസ് മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം വർദ്ധിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. മികച്ച മൂന്നാം പാദ റിസൾട്ടിന്റെ പിൻബലത്തിൽ മുന്നേറ്റത്തിന് ശ്രമിക്കുന്ന ഓഹരി അടുത്ത തിരുത്തലിൽ പരിഗണിക്കാം. 

∙കരിമ്പിന്റെ അടിസ്ഥാനവിലയിൽ വർധന വരുത്തിയത് പഞ്ചസാര ഓഹരികൾക്ക് തിരുത്തൽ നൽകി. അടുത്ത തിരുത്തൽ പഞ്ചസാര ഓഹരികളിൽ അവസരമാണ്. 

സീ ലിമിറ്റഡിന്റെ സ്ഥാപകർ 2000 കോടി രൂപയോളം തിരിമറി നടത്തിയെന്ന കണ്ടെത്തൽ ഓഹരിക്ക് തിരുത്തൽ നൽകി. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ഫെഡ് റിസേർവിന്റെ നിരക്ക് കുറക്കൽ രണ്ട് തവണത്തേക്ക് നീട്ടി വെക്കണമെന്ന ഫെഡ് ഗവർണർ ക്രിസ്റ്റഫർ വാലറുടെ ആഹ്വാനം ക്രൂഡ് ഓയിലിന് 3% വീഴ്ച നൽകിയത് മുൻ ആഴ്ചകളിൽ മുന്നേറ്റം നേടിയ ക്രൂഡ് ഓയിലിന് കഴിഞ്ഞ ആഴ്ചയിൽ നഷ്ടം നൽകി. ജെപി മോർഗന്റെ ക്രൂഡ് ഓയിൽ ആവശ്യകത-സൂചികയിൽ മുന്നേറ്റം പ്രകടമാകുന്നത് ക്രൂഡ് ഓയിലിന് അനുകൂലമാണെങ്കിലും പാരിസിൽ ഗാസ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നത് ക്രൂഡിന് ക്ഷീണമാണ്. 

സ്വർണം 

അമേരിക്കയുടെ ബോണ്ട് യീൽഡ് വീണ്ടും വീണത് രാജ്യാന്തര സ്വർണവിലയിൽ മുന്നേറ്റം നൽകി. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് വെള്ളിയാഴ്ച 4.24%ലേക്ക് ഇറങ്ങിയപ്പോൾ സ്വർണവില 2050 ഡോളറിലേക്ക് കയറി.  

ഐപിഓ 

തിങ്കളാഴ്ച ജിപിടി ഹെൽത്ത് കെയറിന്റെ ഐപിഓ അവസാനിക്കുമ്പോൾ മൽസ്യ ഉത്പന്ന നിർമാതാക്കളായ മുക്ക പ്രോടീൻസിന്റെ ഐപിഓ ആരംഭിക്കുന്നു. ചൊവ്വാഴ്ച പ്ലാറ്റിനം ഇൻഡസ്ട്രീസിന്റെയും, എക്സികോം ടെലി സിസ്റ്റംസിന്റെയും ഐപിഓ ആരംഭിക്കുന്നു. ഭാരത് ഹൈവെയ്‌സ് ഇൻവെസ്റ്റ്മെന്റ് ഇൻഫ്രാ സ്ട്രക്ച്ചറിന്റെ ഐപിഓ ബുധനാഴ്ചയും ആരംഭിക്കുന്നു. 

മുംബൈ ആസ്ഥാനമായ സ്റ്റെബിലൈസെർ നിർമാതാക്കളായ പ്ലാറ്റിനം ഇൻഡസ്ട്രീസ് 162-171 രൂപ പ്രകാരം 225 കോടി രൂപയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്.  

 ഇവി ചാർജിങ് മേഖലയിൽ പ്രവർത്തിക്കുന്ന എക്സികോം ടെലി സിസ്റ്റംസ് വ്യവസായ വിപുലീകരണത്തിനായി 135-142 രൂപ നിരക്കിൽ 429 കോടി രൂപയാണ് സമാഹരിക്കുന്നത്. 

ബുധനാഴ്ച ആരംഭിക്കുന്ന ഭാരത് ഹൈവെയ്‌സ് ഇൻവെസ്റ്റ്മെന്റ് ഇൻഫ്രാ സ്ട്രക്ച്ചർ ഐപിഓ വഴി 98-100 രൂപ നിരക്കിൽ 2500 കോടി രൂപയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Going up Continuously

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com