അമേരിക്കയിലെ ആശങ്കകൾ ഇന്ത്യന് ഓഹരി വിപണിയെ വെള്ളത്തിലാക്കുമോ?
Mail This Article
രാജ്യാന്തര വിപണിയുടെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും മുന്നേറ്റം നേടി പുതിയ റെക്കോർഡ് ഉയരം സ്വന്തമാക്കി. നിഫ്റ്റി വെള്ളിയാഴ്ച 22525 എന്ന പുതിയ ഉയരം കുറിച്ച ശേഷം 22493 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ. സെൻസെക്സ് 74000 പോയിന്റും കടന്ന് 74119 പോയിന്റിലാണവസാനിച്ചത്.
പൊതുമേഖല ബാങ്കുകൾ കഴിഞ്ഞ അഞ്ചു സെഷനുകളിലായി 7%ൽ കൂടുതൽ മുന്നേറിയപ്പോൾ പൊതു മേഖല സെക്ടർ ഇതേ കാലയളവിൽ 5%വും, ബാങ്കിങ് സെക്ടർ 4%വും മുന്നേറ്റം കുറിച്ചു. മെറ്റൽ 6.6%വും, ഇൻഫ്രാ, എനർജി, ഓട്ടോ സെക്ടറുകളും, നിഫ്റ്റി നെക്സ്റ്റ്-50യും 3%ൽ കൂടുതലും മുന്നേറ്റവും ഇതേ കാലയളവിൽ സ്വന്തമാക്കി. ഐടി സെക്ടർ 1.7% നഷ്ടം കുറിച്ചപ്പോൾ, നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 1% നഷ്ടവും കഴിഞ്ഞ ആഴ്ചയിൽ നേരിട്ടത് നിക്ഷേപകർക്ക് ക്ഷീണമായി.
ചൈനയുടെ വീഴ്ച
കഴിഞ്ഞ ദശകങ്ങളിൽ ഇരട്ട വളർച്ച സംഖ്യ കുറിച്ചു പോന്ന ചൈനയുടെ ജിഡിപി 2023ൽ 5.2% വളർച്ച കുറിച്ചതിന് പിന്നാലെ 2024ൽ 5% മാത്രം വളർച്ച ലക്ഷ്യമിടുന്നത് ചൈനയുടെ സാമ്പത്തിക പരാധീനതകൾ പ്രതീക്ഷിച്ചതിനപ്പുറമാണെന്നും, അത് മറികടക്കാനുള്ള പദ്ധതികൾ ചൈനയുടെ പക്കലിലെല്ലെന്നുമുള്ള ധാരണ പടർത്തിക്കഴിഞ്ഞത് ഇന്ത്യൻ വിപണിക്ക് പരോക്ഷ പിന്തുണ നൽകിയേക്കാം. വളർച്ച മുരടിപ്പ് ബാധിച്ച ചൈനീസ് വിപണിയെക്കാൾ പുത്തൻ കുതിപ്പ് നടത്തുന്ന ഇന്ത്യൻ വിപണിയെ വിദേശഫണ്ടുകൾ കൂടുതൽ പരിഗണിച്ചേക്കാമെന്നത് സാധ്യതയാണ്. എങ്കിലും ചൈന വിശദമായ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതികളുമായി രംഗത്ത് വരുമെന്നാണ് വിപണിയുടെ പ്രത്യാശ.
ചൈനീസ് സ്റ്റിമുലസ് പദ്ധതികൾ രാജ്യാന്തര മെറ്റൽ വിലകളെയും സ്വാധീനിക്കും. മൂന്നാം പാദത്തിലെ 8.4% ജിഡിപി വളർച്ച ഇന്ത്യക്ക് നടപ്പ് പാദത്തിലും തുടരാനായാൽ ഇന്ത്യൻ വിപണിയും വലിയ വളർച്ച നേടിയേക്കും.
അമേരിക്കൻ പണപ്പെരുപ്പം ചൊവ്വാഴ്ച
കഴിഞ്ഞ രണ്ടാഴ്ചയിലും മുന്നേറ്റം കുറിച്ച അമേരിക്കൻ സൂചികകൾ വെള്ളിയാഴ്ചത്തെ വീഴ്ചയോടെ കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു. മികച്ച റിസൾട്ടിന്റെ പിന്തുണയിൽ കഴിഞ്ഞ രണ്ടാഴ്ചയിലും അമേരിക്കൻ വിപണിയുടെ കുതിപ്പിന് അടിത്തറയിട്ട എൻവിഡിയ ഓഹരി വിഭജനവാർത്തയെത്തുടർന്ന് വെള്ളിയാഴ്ച വീണതും, അമേരിക്കൻ തൊഴിൽ വിപണി വീണ്ടും ശക്തമാകുന്നു എന്ന സൂചനകളും അമേരിക്കൻ വിപണി മുന്നേറ്റത്തിന് താത്കാലിക വിരാമമിട്ടു. ‘എഐ’ബബിൾ പൊട്ടിയേക്കാമെന്ന തരത്തിലുള്ള പ്രചാരണങ്ങളും, അമേരിക്കൻ ബാങ്കിങ് തകർച്ച സാധ്യതകളെ കുറിച്ചുള്ള ‘പ്രവചനങ്ങളും’ വെള്ളിയാഴ്ചയിലെ അമേരിക്കൻ വിപണിയിലെ ലാഭമെടുക്കലിന് ആക്കം കൂട്ടി.
അമേരിക്കയുടെ പിസിഇ ഡേറ്റ വിപണി അനുമാനത്തിനൊപ്പം നിന്നതും, ഫെഡ് ചെയർമാന്റെയും, മറ്റ് ഫെഡ് അംഗങ്ങളുടെയും പ്രസ്താവനകളും അടുത്ത ആഴ്ചയിൽ വരുന്ന ഫെബ്രുവരിയിലെ അമേരിക്കൻ സിപിഐ ഡേറ്റ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച വന്ന നോൺഫാം പേറോൾ കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ അമേരിക്കയിലെ തൊഴിൽ ലഭ്യതയിലുണ്ടായ വർദ്ധന ജിഡിപി വളർച്ചക്കൊപ്പം പണപ്പെരുപ്പ വർദ്ധനക്കും വഴിവയ്ക്കുമെന്നതും അടുത്ത ഫെഡ് യോഗം പരിഗണിച്ചേക്കാമെന്നത് അമേരിക്കൻ സിപിഐ ഡേറ്റയുടെയും പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്.
ലോകവിപണിയിൽ അടുത്ത ആഴ്ച
∙ചൊവ്വാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾ അമേരിക്കൻ വിപണിക്കൊപ്പം ലോകവിപണിയുടെയും ഗതിയെ സ്വാധീനിക്കും. ഇന്ത്യയുടെ സിപിഐ ഡേറ്റയും ചൊവ്വാഴ്ച തന്നെയാണ് പുറത്ത് വരിക. വ്യാഴാഴ്ച ജോബ് ഡേറ്റക്കൊപ്പം അമേരിക്കയുടെ റീറ്റെയ്ൽ വില്പനകണക്കുകളും പുറത്ത് വരുന്നു.
∙ചൊവ്വാഴ്ച വരുന്ന ജർമൻ സിപിഐ ഡേറ്റയും, ബുധനാഴ്ച വരുന്ന ബ്രിട്ടീഷ് ജിഡിപി കണക്കുകളും, യൂറോ സോണിന്റെയും, ബ്രിട്ടന്റെയും വ്യവസായികോല്പാദനകണക്കുകളും യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്.
∙ജാപ്പനീസ് ജിഡിപി കണക്കുകൾ തിങ്കളാഴ്ച രാവിലെ തന്നെ ഏഷ്യൻ വിപണികളുടെ ഗതി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചേക്കും.
ചൊവ്വാഴ്ച ഇന്ത്യയുടെ ഫെബ്രുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾക്കൊപ്പം ജനുവരിയിലെ വ്യവസായികോല്പാദനക്കണക്കുകളും പുറത്ത് വരുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റക്കണക്കുകളും പുറത്ത് വരുന്നത്.
∙ഇന്ത്യൻ കയറ്റുമതി-ഇറക്കുമതിക്കണക്കുകൾ വെള്ളിയാഴ്ചയാണ് വരുന്നത്.
ഓഹരികളും സെക്ടറുകളും
∙കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ടാറ്റ ഗ്രൂപ്പിന്റെയും, സി ജി പവറിന്റെയും സെമികണ്ടക്ടർ പ്രൊജക്ടുകൾക്ക് ഗുജറാത്ത് സർക്കാർ സ്ഥലം ലഭ്യമാക്കിയത് അനുകൂലമാണ്.
∙ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് വേണ്ടി അടുത്ത അഞ്ച് വർഷത്തേക്ക് 10372 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത് അനുകൂലമാണ്.
∙ടാറ്റ മോട്ടോഴ്‌സ് രണ്ട് കമ്പനികളായി വിഭജിക്കുന്നതിന് ഡയറക്ടർ ബോർഡ് അനുമതി നൽകിയത് കഴിഞ്ഞ ആഴ്ചയിൽ ഓഹരിവില 1000 രൂപ കടത്തി. ഗുജറാത്തിലെ സനന്ദിലെ ഫാക്ടറിയിൽ നിന്നും ഒരു ദശലക്ഷം കാറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടതും ഓഹരിക്ക് അനുകൂലമാണ്. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്.
∙ആർമിക്കും കോസ്റ്റ് ഗാർഡിനുമായി 34 ദ്രുവ് ഹെലികോപ്റ്ററുകൾ കൂടി വാങ്ങാൻ കാബിനറ്റ് കമ്മിറ്റി അനുമതി നൽകിയത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഓർഡർബുക്കിന് വീണ്ടും വളർച്ച നൽകി. തദ്ദേശീയമായി അതിനൂതന വിമാനനിര്‍മാണ പദ്ധതിക്കായി 15000 കോടി രൂപയുടെ പദ്ധതിക്കും കാബിനറ്റ് കമ്മിറ്റി അനുമതി നൽകി.
∙പേടിഎമ്മിന് പിന്നാലെ ഐഐഎഫ്എലും,ജെ എം ഫൈനാൻഷ്യലും ആർബിഐ നടപടികൾ നേരിട്ടത് എൻബിഎഫ്സി മേഖലയിൽ പരിഭ്രാന്തിക്ക് കാരണമായി. ഫിനാൻസ് ഓഹരികളിലെ തിരുത്തൽ ദീർഘകാല നിക്ഷേപകർക്ക് അവസരമാണ്.
∙സ്‌മോൾ ക്യാപ് ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ അമിതനിക്ഷേപത്തെ കുറിച്ച് സെബി സൂചന നൽകിയതാണ് ഇന്ത്യൻ സ്‌മോൾ ക്യാപ്പ് സെക്ടറിലെ വില്പന സമ്മർദ്ദത്തിന് കാരണമായത്. മികച്ച സ്‌മോൾ ക്യാപ് ഓഹരികൾ ഈ തിരുത്തലിൽ സ്വന്തമാക്കാം.
∙എൻഎൽസി ഇന്ത്യയുടെ 5% മുതൽ 7% വരെ ഓഹരികൾ കേന്ദ്ര സർക്കാർ ഓഫർ ഫോർ സെയിൽ (ഓഎഫ്എസ്) വഴി വിറ്റഴിക്കുന്നത് ഓഹരിയിൽ വാങ്ങൽ അവസരമാണ്.
∙മിനിസ്ട്രി ഓഫ് ന്യൂ & റിന്യൂവബിൾ എനർജി (എംഎൻആർഇ)നയം മാറ്റങ്ങളിൽ തട്ടി തുടർച്ചയായ തിരുത്തൽ നേരിട്ട വിൻഡ് എനർജി ഓഹരികൾ വ്യാഴാഴ്ച തിരിച്ചു കയറി. വിൻഡ് എനർജി മേഖല കേന്ദ്ര സർക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു.
∙സുസ്‌ലോൺ എനർജി 23 പുതിയ വിൻഡ് ടർബൈനുകൾക്കായുള്ള ഓർഡർ സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്.
∙2237 ബിഓഎസ്എം വാഗണുകൾ നിർമിക്കാനായി 956 കോടി രൂപയുടെ ഓർഡർ ലഭ്യമായത് ജുപിറ്റർ വാഗണിന്റെ വെള്ളിയാഴ്ച മുന്നേറ്റം നൽകി.
∙ആർബിഐയുടെ പേയ്മെന്റ് അഗ്രഗേറ്റർ അനുമതി ലഭിച്ചത് ഇൻഫിബീം അവന്യൂസ് ഓഹരിക്ക് അനുകൂലമാണ്.
∙ഗ്രാന്യൂൾസ് രണ്ട് പ്രൊജക്ടുകളിലായി ഒറീസയിൽ 3100 കോടിയിലധികം മുതൽ മുടക്കുന്നത് ഓഹരിക്ക് അനുകൂലമാണ്.
∙ഗുരുഗ്രാമിൽ 2200 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പ്രോജക്ട് വിഭാവനം ചെയ്യുന്നത് ഈ വർഷം ലിസ്റ്റ് ചെയ്ത സിഗ്നേച്ചർ ഗ്ലോബലൈൻ അനുകൂലമാണ്.
∙ഫെബ്രുവരിയിലെ ടോൾ വരുമാനത്തിൽ മുൻവർഷത്തിൽ നിന്നും 31% വർദ്ധന നേടിയത് ഐആർബി ഇൻഫ്രാക്ക് അനുകൂലമാണ്. അടുത്ത തിരുത്തൽ അവസരമാണ്.
ക്രൂഡ് ഓയിൽ
വെള്ളിയാഴ്ചത്തെ 1% വീഴ്ചയോടെ ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു. 82 ഡോളറിൽ വ്യാപാരം തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് അടുത്ത ആഴ്ച വരാനിരിക്കുന്ന ഒപെകിന്റെ റിപ്പോർട്ടും നിർണായകമാണ്. ബുധനാഴ്ച വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വളർച്ച സൂചനകളും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും.
സ്വർണം
ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണതിനെത്തുടർന്ന് രാജ്യാന്തര സ്വർണ വില 4.50% മുന്നേറി കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് ക്ലോസിങ് നടത്തി. ആഴ്ചയുടെ തുടക്കത്തിൽ 2100 ഡോളറിൽ താഴെ നിന്നും സ്വർണം 2203 ഡോളർ വരെ മുന്നേറിയ ശേഷം 2186 ഡോളറിലാണ് ക്ളോസ് ചെയ്തത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.077%ലേക്ക് വീണു. അമേരിക്കൻ സിപിഐ ഡേറ്റ സ്വർണത്തിനും പ്രധാനമാണ്.
ഐപിഓ
കേരളം ആസ്ഥാനമായ വാഹന വില്പനകമ്പനിയായ പോപ്പുലർ വെഹിക്കിൾസ് & സർവീസസിന്റെ ഐപിഓ അടുത്ത ആഴ്ച ആരംഭിക്കുന്നു. മാരുതി ഭാരത് ബെൻസ് അടക്കമുള്ള കമ്പനികളുടെ വാഹനങ്ങളുടെ ദക്ഷിണേന്ത്യയിലെ മുൻനിര ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് 280-295 രൂപ നിരക്കിൽ 600 കോടി രൂപയിലേറെയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്.
രാജ്കോട്ട് ആസ്ഥാനമായ പലഹാര നിർമാതാക്കളായ ഗോപാൽ സ്നാക്സിന്റെ കഴിഞ്ഞ ആഴ്ച ആരംഭിച്ച ഐപിഓ നാളെ അവസാനിക്കുന്നു. ഐപിഓ വില 381-401 രൂപ.
ഫസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയായ ക്രിസ്റ്റൽ ഇന്റഗ്രേറ്റഡ് സർവീസിന്റെ ഐപിഓ മാർച്ച് പതിനാലിന് ആരംഭിച്ച് മാർച്ച് 18ന് അവസാനിക്കുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് അവകാശ ഓഹരി
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അവകാശ ഓഹരികൾ മാർച്ച് 20 വരെ ‘’റൈറ്റ്സ് എന്റൈറ്റിൽമെന്റ്’’ ലഭിച്ചവർക്ക് 22 രൂപ നിരക്കിൽ സ്വന്തമാക്കാം. അല്ലെങ്കിൽ ലഭ്യമായ പ്രീമിയം അഥവാ ‘റൈറ്റ്സ് എന്റൈറ്റിൽമെന്റ്’ മാർച്ച് പതിനാലിന് മുൻപ് വിപണിയിൽ വിറ്റൊഴിയുകയും ചെയ്യാം. സൗത്ത് ഇന്ത്യൻ ബാങ്ക് ദീർഘകാല നിക്ഷേപത്തിന് ഈ തിരുത്തലിൽ പരിഗണിക്കാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക