ADVERTISEMENT

ഇന്ത്യൻ വിപണി രാജ്യാന്തര വിപണികൾക്കൊപ്പം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയും, ഹോങ്കോങ്ങും ഒഴികെ മറ്റെല്ലാ രാജ്യാന്തര വിപണികളും ഇന്ന് നഷ്ടം കുറിച്ചു. ഇന്ന് വീണ്ടും മുന്നേറി 22526 എന്ന റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 160 പോയിന്റ് നഷ്ടത്തിൽ 22332 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 616 പോയിന്റ് നഷ്ടത്തിൽ 73502 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

സുപ്രീം കോടതിയുടെ ഇലക്റ്ററൽ ബോണ്ട് പരാമർശത്തിൽ എസ്ബിഐ 1.82% വീണതും, സിഎൽഎസ്എ ലക്ഷ്യവില താഴ്ത്തിയതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് 1.27% വീണതുമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ വീഴ്ചയിൽ നിർണായകമായത്. ബാങ്ക് നിഫ്റ്റിയും, റിയൽറ്റി, എനർജി, മെറ്റൽ  സെക്ടറുകളും ഇന്ന് 1.1%വും, സ്‌മോൾ ക്യാപ് സൂചിക വീണ്ടും 2% വും നഷ്ടം കുറിച്ചു.   

ഇന്ത്യൻ സ്റ്റെൽത്ത് 

തേജസ് ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റിന്റെ വിജയത്തിന് ശേഷം  തദ്ദേശീയമായി അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം അഥവാ അഡ്വാൻസ്ഡ് മീഡിയം കോംപാക്ട് എയർക്രാഫ്റ്റ് (എഎംസിഎ) വികസിപ്പിക്കുന്നതിനായി 15000 കോടി രൂപയാണ് ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (സിഎസ്എസ്) അനുവദിച്ചത്. ഡിആർഡിഓയുടെ കീഴിൽ എയ്‌റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണ് (എഡിഎ) പദ്ധതിയുടെ നോഡൽ ഏജൻസി. ലോകത്ത് നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ചതായിരിക്കുമെന്ന് പ്രത്യാശിക്കുന്ന 25 ടൺ ഭാരമുള്ള ഇരട്ട എൻജിൻ സ്റ്റെൽത് വിമാനം എച്ച്എഎൽ ആയിരിക്കും നിർമിക്കുക. എച്ച്എഎൽ ഇന്ന് 2% വരെ മുന്നേറ്റം നേടി. 

ആർമിക്കും, കോസ്റ്റ് ഗാർഡിനുമായി 34 ദ്രുവ് യുദ്ധ വിമാനങ്ങൾക്കുള്ള ഓർഡർ നേടിയ എച്ച്എഎൽ ഫിലിപ്പീൻസിന് തേജസ് യുദ്ധവിമാനങ്ങൾ നൽകുന്നതിനുള്ള അവസാനവട്ട ചർച്ചകളിലാണ്. 

നാളത്തെ ഇന്ത്യൻ ഡേറ്റകൾ 

നാളെ വ്യാപാരസമയത്തിന് ശേഷം ഇന്ത്യയുടെ ഫെബ്രുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, ജനുവരിയിലെ വ്യാവസായികോല്പാദനക്കണക്കുകളും പുറത്ത് വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. 

ജനുവരിയിൽ 5.10% വാർഷിക വളർച്ച കുറിച്ച ഇന്ത്യൻ സിപിഐ ഇത്തവണയും 5% ന് തൊട്ട് മുകളിൽ മാത്രം വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം. ജനുവരിയിലെ ഐഐപി ഡേറ്റയും 4%ൽ കൂടുതൽ വളർച്ച നേടിയിട്ടുണ്ടാകാമെന്നും വിപണി അനുമാനിക്കുന്നു.  

അമേരിക്കൻ പണപ്പെരുപ്പം നാളെ 

വെള്ളിയാഴ്ചത്തെ അമേരിക്കൻ വിപണിയുടെ വീഴ്ച ഇന്ന് ലോക വിപണികളെയെല്ലാം സ്വാധീനിച്ചു. ഇന്നും അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ തുടർന്നപ്പോൾ മിക്സഡ് ക്ളോസിങ് നടത്തിയ ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. അമേരിക്കൻ വിപണി ഇന്നും സമ്മർദ്ധം പ്രതീക്ഷിക്കുന്നു. 

അമേരിക്കയുടെ നാളെ വരാനിരിക്കുന്ന ഫെബ്രുവരിയിലെ പണപ്പെരുപ്പക്കണക്കുകൾ കാത്ത് ക്രമപ്പെടുകയാണ് ലോക വിപണി. ജനുവരിയിൽ 3.1% വാർഷിക വളർച്ച കുറിച്ച അമേരിക്കൻ സിപിഐ ഫെബ്രുവരിയിൽ 0.4% മാസവളർച്ചയോടെ 3.1% മാത്രം വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം. അടുത്ത ആഴ്ചയിൽ ഫെഡ് യോഗം നടക്കാനിരിക്കെ അമേരിക്കയുടെ പണപ്പെരുപ്പത്തിൽ വർദ്ധനവുണ്ടായാലത് ഫെഡ് തീരുമാനങ്ങളിലും പ്രതിഫലിക്കുമെന്നത് ഫെഡ് നിരക്ക് ‘കുറയ്ക്കൽ’ പ്രതീക്ഷിക്കുന്ന ലോക വിപണിക്ക് വിനയായേക്കും. 

ജാപ്പനീസ് നിരക്ക് വർദ്ധന ഭയം 

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ബാങ്ക് ഓഫ് ജപ്പാന്റെ നയാവലോകനയോഗം വിപണിക്ക് വളരെ അനുകൂലമായിരുന്ന ‘യീൽഡ് കർവ് കൺട്രോളിങ്’ നയത്തിൽ മാറ്റങ്ങൾ കൊണ്ട് വരുമെന്ന സൂചന ഇന്ന് ജാപ്പനീസ് വിപണിക്ക് വൻ തിരുത്തൽ നൽകി. ജാപ്പനീസ് ജിഡിപി നാലാം പാദത്തിൽ വളർച്ച കുറിച്ചതും കൂടുതൽ ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നതും ബാങ്ക് ഓഫ് ജപ്പാന് നിരക്ക് വർധിപ്പിക്കുന്നതിന് അനുകൂലമാകും. നിക്കി സൂചിക ഇന്ന് 2.11% നഷ്ടം കുറിച്ചു.   

 

നാളെ വരാനിരിക്കുന്ന ഒപെക് റിപ്പോർട്ടും, ഡോളറിന്റെ ചാഞ്ചാട്ടവും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും. ചൈനയുടെ സാമ്പത്തിക പരാധീനതകളിൽ വീണ ക്രൂഡ് ഓയിൽ ചൈനയിൽ നിന്നുമുള്ള അനുകൂലവാർത്തകളും പ്രത്യാശിക്കുന്നു.  

സ്വർണം 

ബോണ്ട് യീൽഡിന്റെ വീഴ്ചയിൽ കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് മുന്നേറ്റം നേടിയ രാജ്യാന്തര സ്വർണ വില ഇന്നും നേരിയ മുന്നേറ്റം കുറിച്ചു. ഇന്ന് 2180 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്ന സ്വർണവിലയെയും നാളത്തെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ സ്വാധീനിക്കും. 

പോപ്പുലർ ഐപിഓ 

കേരളം ആസ്ഥാനമായ വാഹന വില്പനകമ്പനിയായ പോപ്പുലർ വെഹിക്കിൾസ് & സർവീസസിന്റെ ഐപിഓ നാളെ ആരംഭിക്കുന്നു. മാരുതി, ഭാരത് ബെൻസ് അടക്കമുള്ള കമ്പനികളുടെ വാഹനങ്ങളുടെ ദക്ഷിണേന്ത്യയിലെ മുൻനിര ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് 280-295 രൂപ നിരക്കിൽ 600 കോടി രൂപയിലേറെയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Red

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com