ജാഗ്രത! ഓഹരി വിപണിയിലേക്കുള്ള ബസിൽ ഇപ്പോൾ ചാടിക്കയറണോ?
Mail This Article
തിരുത്തലിന്റെ സാധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണെന്ന തോന്നല്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്ന ഓഹരി വിപണി ഇനിയെങ്കിലും കടന്നുകൂടിയില്ലെങ്കില് ബസ് മിസ്സാകുമോ എന്ന ചിന്തയിലേക്കാണ് പുതിയ നിക്ഷേപകരെ നയിക്കുന്നത്. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനായി തിരുത്തലിനു വേണ്ടി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്ന വിധത്തിലാണ് വിപണിയുടെ ഒരേ ദിശയിലുള്ള മുന്നേറ്റം. ഇത് ഇത്രയും കാലം സ്ഥിരവരുമാന മാര്‍ഗങ്ങളെയോ മറ്റ് പരമ്പരാഗത നിക്ഷേപ രീതികളെയോ മാത്രം ആശ്രയിച്ചിരുന്നവരെ ഒരു ഭാഗ്യപരീക്ഷണത്തിന് പ്രേരിപ്പിക്കുന്നുമുണ്ട്. അത്തരം നിക്ഷേപകര്‍ ഇനിയൊരു അവസരം കിട്ടില്ലെന്ന ചിന്തയോടെ ബസിലേക്ക് ചാടിക്കയറുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.
∙അമിത വിലയാണെന്ന് അറിഞ്ഞിട്ടും നാളെ മറ്റാരെങ്കിലും ഇതിനേക്കാള്‍ കൂടിയ വിലയ്ക്ക് വാങ്ങാന്‍ തയാറാകുമെന്ന പ്രതീക്ഷയില്‍ ഓഹരികള്‍ പോലുള്ള റിസ്ക് കൂടിയ ആസ്തി മേഖലകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല.
∙ഓഹരി വിപണി പുതിയ റെക്കോഡുകള്‍ ഓരോ ആഴ്ചയിലും സൃഷ്ടിക്കുന്നുവെന്നത് പോലെ തന്നെ യാഥാര്‍ത്ഥ്യമാണ് അത് അമിതമൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നതെന്നതും.
∙അഞ്ചോ പത്തോ വര്‍ഷത്തിനപ്പുറം കൈവരിക്കാനിരിക്കുന്ന ബിസിനസ് വളര്‍ച്ചയ്ക്ക് ഇപ്പോഴേ വിലയിട്ട് ഓഹരികള്‍ വ്യാപാരം ചെയ്യുന്ന രീതിയിലാണ് നിലവില്‍ വിപണി നീങ്ങുന്നത്.
∙അത്രയും ദീര്‍ഘമായ കാലയളവിനുള്ളില്‍ പല ആരോഗ്യകരമായ തിരുത്തലുകളും വിപണിയിലുണ്ടാകും.
∙അതുകൊണ്ടുതന്നെ കഴിഞ്ഞ ആറ് മാസമോ ഒരു വര്‍ഷമോ ഓഹരികള്‍ നല്കിയ നേട്ടത്തില്‍ കണ്ണു മഞ്ഞളിച്ച് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് നിക്ഷേപം നടത്താമെന്ന് കരുതി വിപണിയിലേക്ക് ഇപ്പോള്‍ വരുന്നവര്‍ കരുതല്‍ പാലിക്കേണ്ടതുണ്ട്.
പുതിയ നിക്ഷേപകരുടെ വിപണിയോടുള്ള ഇപ്പോഴത്തെ സമീപനം എന്തായിരിക്കണം?
∙സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ് പുതിയ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ രീതി.
∙ഒന്നിച്ചൊരു തുക നിക്ഷേപിക്കാന്‍ പാകത്തില്‍ ന്യായമായ മൂല്യത്തില്‍ ലഭ്യമായ ഓഹരികള്‍ കണ്ടെത്തുക വിപണി കടന്നുപോയ അതിശക്തമായ മുന്നേറ്റത്തിനു ശേഷം പ്രയാസകരമാണ്.
∙അതുകൊണ്ടുതന്നെ എല്ലാ മാസവും നിശ്ചിത തുക നിശ്ചിത തീയതിയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന എസ്ഐപിയാണ് പുതിയ നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യം.
∙ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഭരണ സ്ഥിരതയും സര്‍ക്കാര്‍ നയങ്ങളുടെ തുടര്‍ച്ചയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി മുന്നോട്ടുപോകുന്നത്.
∙അതുകൊണ്ടു തിരഞ്ഞെടുപ്പ് വരെയെങ്കിലും ഇപ്പോഴത്തെ മുന്നേറ്റം തുടരാനുള്ള സാധ്യതയുണ്ട്.
∙ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഈ `മൊമന്റം' പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഹരികളില്‍ ട്രേഡ് ചെയ്യാവുന്നതാണ്.
∙വിപണി പ്രതികൂലമായി നീങ്ങുകയാണെങ്കില്‍ നിശ്ചിത നഷ്ടം സഹിച്ച് പിന്‍വാങ്ങുന്ന രീതി കര്‍ശനമായി പിന്തുടരാനുള്ള സമചിത്തതയും ആവശ്യമായ മൂലധനവും കൈവശവുള്ളവര്ക്ക് മാത്രമാണ് ട്രേഡിങ് അനുയോജ്യം.
∙സാങ്കേതികമായി ശക്തമായ മുന്നേറ്റ സാധ്യത നിലനില്‍ക്കുന്ന ഓഹരികളില്‍ അത്തരക്കാര്‍ക്ക് `ട്രേഡിംഗ് ബെറ്റുകള്‍' എടുക്കാവുന്നതാണ്.
കൈപൊള്ളരുത്
ഓഹരി വിപണിയില്‍ കുമിളകള്‍ രൂപപ്പെടുന്ന ഘട്ടത്തിലാണ് പുതിയ നിക്ഷേപകര്‍ ഗണ്യമായ തോതില്‍ എത്തുന്നത്. ഓഹരി വിപണിയുടെ വിവിധ ചക്രങ്ങളില്‍ നാം ഇത് കണ്ടിട്ടുള്ളതാണ്. പലപ്പോഴും അത്തരം നിക്ഷേപകര്‍ക്ക് കൈപൊള്ളുന്ന അനുഭവം നേരിടേണ്ടി വരാറുണ്ട്. വ്യക്തമായും അമിതമൂല്യത്തിലെത്തി നില്ക്കുന്ന വിപണിയിലേക്ക് കടക്കുന്നവര്‍ ഇത് ഓര്‍ത്തിരിക്കുന്നത് നല്ലതായിരിക്കും. ആസൂത്രിതമായി നിക്ഷേപം നടത്തുന്ന എസ്ഐപി പോലുള്ള രീതികളെ വിപണിയുടെ ഏത് ഘട്ടത്തിലും കൈവിടരുതെന്നും ഓര്‍ത്തിരിക്കേണ്ടതുണ്ട്.
ലേഖകന്‍ ഹെഡ്ജ് ഗൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്