മോദി സർക്കാർ വീണ്ടും വന്നാലും വിപണിയിൽ വലിയ കുതിപ്പ് ഉണ്ടാകണമെന്നില്ല: സി.ജെ. ജോർജ്
Mail This Article
വ്യക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും; വിപണി വലിയതോതിൽ കയറും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം നിക്ഷേപകരും. അതുകൊണ്ടുതന്നെ മോദി സർക്കാർ തന്നെ അധികാരത്തിൽ വന്നാലും വിപണിയിൽ വലിയൊരു കുതിപ്പു ഉണ്ടാകണമെന്നില്ല. കാരണം ആ പ്രതീക്ഷയുടെ നേട്ടം ഇതിനകം തന്നെ ഓഹരി വിപണിയിൽ പ്രതിഫലിച്ചുകഴിഞ്ഞു, അഥവാ മാർക്കറ്റ് അത് ഡിസ്കൗണ്ട് ചെയ്തു കഴിഞ്ഞു.
വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള നിക്ഷേപകരുടെയും ഊഹക്കച്ചവടക്കാരുടെയും പ്രതീക്ഷകളും ആശങ്കകളുമെല്ലാം നിരന്തരമായി വ്യാപാരത്തിലൂടെ പ്രതിഫലിക്കുന്നതുകൊണ്ടാണ് ഓഹരി വിപണി എപ്പോഴും മുൻകൂറായി ഇത്തരം സംഭവങ്ങളെ ഡിസ്കൗണ്ട് ചെയ്യുമെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ പ്രതീക്ഷയുടെ പ്രതിഫലനം വിപണിയിൽ ഉണ്ടായിക്കഴിഞ്ഞു. അതിനാൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാലും അതുമൂലം വൻ കുതിപ്പിന് സാധ്യത കുറവാണ്.
കുതിപ്പിന് കളം ഒരുക്കുക ഒരുപക്ഷേ അടുത്ത ബജറ്റ് വഴി ആകാനാണ് സാധ്യത. ധനമന്ത്രി നിർമ്മല സീതാരാമൻ ഈയിടെ അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ട് നൽകുന്നൊരു ശക്തമായ സന്ദേശം ഈ തിരഞ്ഞെടുപ്പ് ജയിക്കാൻ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ആവശ്യം ഞങ്ങൾക്കില്ല എന്നതാണ്. പിന്നോട്ട് നോക്കാതെ, മുന്നോട്ട് മാത്രം നോക്കി ശക്തമായ നടപടികൾ എടുക്കാം എന്നാണ്. അതിനർത്ഥം അടുത്ത ബജറ്റ് ദീർഘകാലത്തേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജമേകാൻ കെൽപ്പുള്ള, എന്നാൽ ഒട്ടും ജനപ്രിയമല്ലാത്തത് ആകാനാണ് സാധ്യത. അതേസമയം, വിപണിയെ സംബന്ധിച്ചിടത്തോളം വളരെ നല്ലതായിരിക്കും. അതിനർത്ഥം നികുതി കുറയ്ക്കുമെന്നോ ഓഹരി നിക്ഷേപത്തിന് ആനുകൂല്യങ്ങൾ കൂട്ടുമെന്നോ അല്ല. മറിച്ച് ഒട്ടും ജനപ്രിയമല്ലാത്ത, എന്നാൽ സമ്പദ് വ്യവസ്ഥയുടെ വളർച്ച ഉറപ്പാക്കാനുള്ള അവസരങ്ങൾ കടുപ്പമേറിയതായാൽ പോലും ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടായേക്കാം.
ഇനി ഇന്ത്യയുടെ കാലം
ആഗോളതലത്തിൽ ഇന്ത്യയ്ക്ക് മത്സരം ഇല്ല എന്നത് ഒരു വസ്തുതയാണ്. ഇപ്പോൾ ചൈനയിൽ നിന്ന് നിക്ഷേപം പുറത്തേക്കു പോകുകയാണെങ്കിൽ ഇന്ത്യയിലേക്ക് കൂടുതലായി വരുകയാണ്. ഓഹരി വിപണിയെ കാണേണ്ടത് അടുത്ത ഒരു വർഷത്തെ വിലവർധന അടിസ്ഥാനമാക്കിയല്ല. മറിച്ച്, ദീർഘകാല വളർച്ച എവിടെയാണ് എന്നു നോക്കിയാണ്. അവിടേക്ക് നിക്ഷേപം വരും, ആ വിപണി നിക്ഷേപകർക്ക് നല്ല നേട്ടം നൽകുകയും ചെയ്യും.
വാല്യുവേഷൻ കൂടുതലോ?
ഇന്ത്യൻ ഓഹരികളുടെ ഇപ്പോഴത്തെ വാല്യുവേഷൻ പൊതുവേ കൂടുതലാണ് എന്നത് ശരി തന്നെയാണ്. പക്ഷേ, നല്ല വളർച്ച കൈവരിക്കുന്ന വിപണിയിൽ എല്ലായ്‌പ്പോഴും നല്ല ഓഹരികളുടെ വിലയിൽ ഒരു പ്രീമിയം ഉണ്ടാകാം. പിഇ റേഷ്യോ ഇപ്പോൾ കൂടുതലാണെങ്കിലും അത് കുറയാൻ പോകുന്നത് ഓഹരിവില കുറയുന്നതിലൂടെ ആയിരിക്കില്ല. മറിച്ച് കമ്പനികളുടെ ലാഭം കൂടുന്നതിലൂടെ ആയിരിക്കും.
ഏറെ വളർച്ചാ സാധ്യതകൾ ഇന്ത്യയിൽ ഉണ്ടെന്ന് ലോകം വിലയിരുത്തുന്നു. അതിനാൽ വിദേശത്തുനിന്നടക്കം ധാരാളമായി നിക്ഷേപം വരും. അതുകൊണ്ട് ഇപ്പോഴത്തെ ഉയർന്ന വാല്യുവേഷൻ വളരെ ഹൈ ആണെന്ന് പറയാനാവില്ല. ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് ഓഹരി എന്നത് ഇന്ന് വാങ്ങി നാളെ പണം ഉണ്ടാക്കാൻ ഉള്ളതല്ല. അതിനപ്പുറമുള്ള പക്വത ഇന്ത്യൻ നിക്ഷേപകരിൽ ഇപ്പോൾ കാണുന്നു എന്നത് വസ്തുതയാണ്. ജിയോജിത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.
വിപണി താഴേക്ക് പോകുമ്പോൾ വാങ്ങുന്ന പ്രവണത ഇവിടെ കണ്ടുതുടങ്ങി. വിപണി കുതിക്കുമ്പോൾ വിറ്റു ലാഭം എടുക്കലും വിലയിടിയുമ്പോൾ വാങ്ങുകയും ചെയ്യുന്ന പക്വത ചെറുകിട നിക്ഷേപകർ പോലും കാട്ടി തുടങ്ങി. അതുപോലെ ഓഹരിയിൽ നേട്ടമെടുക്കാൻ ക്ഷമ അനിവാര്യമാണ് എന്നതും ഒരുപാട് പേർ ഇപ്പോൾ മനസ്സിലാക്കിക്കഴിഞ്ഞു. ഇതെല്ലാം വളരെ നല്ല പ്രവണതകളാണ്. അതിന്റെ നേട്ടം സാധാരണക്കാർക്ക് ഓഹരിയിൽ ഓഹരിയിൽ നിന്നും മ്യൂച്വൽ ഫണ്ടിൽ നിന്നും നിന്ന് ഇനി കൂടുതലായി കിട്ടുകയും ചെയ്യും.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജുമായി നടത്തിയ അഭിമുഖത്തിൽ നിന്നെടുത്തത്. അഭിമുഖത്തിന്‍റെ പൂർണ രൂപം മാർച്ച് ലക്കം മനോരമ സമ്പാദ്യത്തിൽ വായിക്കാം)