ഇലക്ട്രിക് വാഹനങ്ങൾ കുതിക്കുന്നു, ഇവി ഓഹരികളോ?
Mail This Article
ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യമേറിയത് ഓഹരി വിപണിയിലെ കമ്പനികളുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇലക്‌ട്രിക് ബസ് നിര്‍മാതാക്കളായ ജെബിഎം ഓട്ടോ, ഒലെക്‌ട്ര ഗ്രീന്‍ടെക് എന്നീ കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല മടങ്ങാണ് ഉയര്‍ന്നത്. ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ഈ വര്‍ഷം ഐപിഒ നടത്താന്‍ ഒരുങ്ങുകയാണ്.
ഭാവി ഇലക്‌ട്രിക് വാഹനങ്ങളുടേതാണ്. ഈ മേഖലയുടെ യഥാര്‍ത്ഥ വളര്‍ച്ച വരാനിരിക്കുന്നതേയുള്ളൂവെന്നിരിക്കെ ഈ മേഖലയില്‍ മാത്രമായി വ്യാപരിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകുമോയെന്ന നിക്ഷേപകരുടെ ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടത് ഇലക്‌ട്രിക് വാഹന ഉല്‍പ്പാദന മേഖലയുടെ സ്വഭാവം വിലയിരുത്തിയാകണം.
നിലവിൽ ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാണ മേഖലയില്‍ `എന്‍ട്രി ബാരിയര്‍' (ഒരു ബിസിനസ് രംഗത്തേക്ക് പുതുതായി കടന്നുവരുന്നതിനുള്ള തടസങ്ങളും ബുദ്ധിമുട്ടുകളും) താരതമ്യേന കുറവാണ്. പരമ്പരാഗത ഇരുചക്ര വാഹന ഉല്‍പ്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാണത്തിന് ആവശ്യമായ മൂലധന നിക്ഷേപം വളരെ കുറവാണ്. അതുകൊണ്ടാണ് പത്തില്‍ താഴെ പരമ്പരാഗത ഇരുചക്ര വാഹന കമ്പനികള്‍ മാത്രം നിലനില്‍ക്കുമ്പോള്‍ ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാണ മേഖലയില്‍ നൂറോളം കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് രൂപം കൊണ്ടത്. ഇവ തമ്മിലുള്ള കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ ലാഭക്ഷമത കൈവരിക്കുക ഒട്ടും എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇവയില്‍ എത്ര കമ്പനികള്‍ അതിജീവിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
ഇലക്ട്രിക് കാർ നിർമാതാക്കൾ
ഇലക്‌ട്രിക് കാര്‍ വാഹന നിര്‍മാണ മേഖലയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സജീവമല്ല. ഇതിന്റെ പ്രധാന കാരണം ടാറ്റാ മോട്ടോഴ്‌സ് പോലുള്ള കമ്പനികള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇലക്‌ട്രിക് വാഹന വിപണിയുടെ സാധ്യതകള്‍ മനസിലാക്കി ഉല്‍പ്പന്ന നിര വിപുലീകരിച്ചതാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് കാര്‍ നിര്‍മാതാക്കള്‍ ടാറ്റാ മോട്ടോഴ്‌സാണ്. മറ്റ് പ്രമുഖ കാര്‍ കമ്പനികളും ഇലക്‌ട്രിക് വാഹന മോഡലുകള്‍ വിപുലീകരിച്ചതോടെ ഈ മേഖലയില്‍ പുതിയൊരു കമ്പനിയുടെ സാധ്യത മങ്ങിയെന്ന് പറയാം.
വിപണിമൂല്യത്തില്‍ കുതിപ്പ്
അതേ സമയം ഇലക്‌ട്രിക് ബസ് വാഹന നിര്‍മാണത്തിലേക്ക് നിലവിലുള്ള പരമ്പരാഗത ഓട്ടോമൊബൈല്‍ കമ്പനികളൊന്നും കാര്യമായ സാന്നിധ്യം അറിയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ പ്രമുഖ ബസ് നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്റ് ഈയിടെ ഉത്തര്‍പ്രദേശില്‍ ഇലക്‌ട്രിക് ബസ് ഉല്‍പ്പാദന യൂണിറ്റിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ ഈ മേഖലയില്‍ സജീവമായ രണ്ട് കമ്പനികള്‍ ജെബിഎം ഓട്ടോയും ഒലെക്‌ട്ര ഗ്രീന്‍ടെകും സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഓര്‍ഡറുകളെ തുടര്‍ന്നാണ് ബിസിനസ് വിപുലീകരിച്ചത്. ഇലക്‌ട്രിക് വാഹന വിപണി പതുക്കെ വളര്‍ന്നുവരുന്നതായതിനാല്‍ ഈ കമ്പനികളുടെ വളര്‍ച്ചാ സാധ്യതയില്‍ വിശ്വസിച്ച് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ ആവേശം കാട്ടിയത് വിപണിമൂല്യത്തില്‍ കുതിപ്പിനാണ് വഴിവെച്ചത്. നിലവില്‍ ജെബിഎം ഓട്ടോയുടെ വിപണിമൂല്യം 22,000 കോടി രൂപയാണ്. ഒലെക്‌ട്ര ഗ്രീന്‍ടെക് ഓഹരി 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയില്‍ നിന്നും പല മടങ്ങാണ് ഉയര്‍ന്നത്.
നിലവില്‍ ഈ ഓഹരികളെല്ലാം വളരെ ചെലവേറിയ നിലയിലാണ് വ്യാപാരം ചെയ്യുന്നത്. അതുകൊണ്ടുതന്നെ തിരുത്തലുകളില്‍ വ്യാപാരം നടത്താമെന്നല്ലാതെ ദീര്‍ഘകാല നിക്ഷേപത്തിനായി ഈ ഓഹരികള്‍ പരിഗണിക്കാനാകില്ല.
നിലവിലുള്ള ഇലക്‌ട്രിക് ബസ് വാഹന വിപണി അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. പ്രധാനമായും സര്‍ക്കാര്‍ ഓര്‍ഡറുകളെ ആശ്രയിച്ചാണ് ഈ കമ്പനികളുടെ ബിസിനസ്. ഇരുചക്ര വാഹന, കാര്‍ വിപണിയിലെന്നതു പോലെ ഇലക്‌ട്രിക് ബസുകള്‍ക്ക് വ്യാപകമായ സ്വീകാര്യത കൈവരുമ്പോള്‍ ഈ മേഖലയിലേക്ക് മുന്‍നിര കമ്പനികളായ അശോക് ലെയ്‌ലാന്റും ടാറ്റാ മോട്ടോഴ്‌സും സാന്നിധ്യം വിപുലമാക്കും. ആ ഘട്ടത്തില്‍ ഈ മേഖലയിലുള്ള ഇപ്പോഴത്തെ ചെറുകിട കമ്പനികള്‍ക്ക് കടുത്ത മത്സരമായിരിക്കും നേരിടേണ്ടി വരുന്നത്.
ലേഖകന്‍ ഹെഡ്‌ജ് ഗൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്