ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ വാതുവയ്പ്പ് വിപണിയേതാണ് - നിയമവിരുദ്ധമായ ക്രിക്കറ്റ് വാതുവയ്പ്പോ അതോ നിയമപരമായ കുതിരപ്പന്തയ വാതുവയ്പ്പോ? രണ്ടുമല്ല. ആ വിപണി ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ എൻഎസ്ഇയിലും ബിഎസ്ഇയിലുമാണ്. എന്നാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പ്രധാനമായും ഓഹരികളിൽ നിക്ഷേപിക്കുന്നതിനല്ലേ, അതെങ്ങനെ വാതുവയ്പ്പാകും? ഓഹരി വിപണിയിൽ സ്പോട്ട് വിപണിയും ഫ്യൂച്ചറുകളും ഓപ്ഷനുകളും (ഇവയെ ഡെറിവേറ്റീവുകൾ എന്നും വിളിക്കുന്നു) കൈമാറ്റം ചെയ്യുന്ന അവധി വ്യാപാര വിപണിയുമുണ്ട്. സ്പോട്ട് വിപണിയിൽ വാങ്ങിയ ഓഹരികൾ അടുത്തദിവസം വാങ്ങിച്ചയാൾക്ക് ഡെലിവറി ലഭിക്കുന്നു. എന്നാൽ ഡെറിവേറ്റീവ് വിപണിയിൽ ഡെലിവറി ലഭിക്കുന്നത് ആ അവധി വ്യാപാര കരാർ അവസാനിക്കുന്ന ദിവസമാണ്. എന്നാൽ ഡെറിവേറ്റീവുകൾ ഓഹരി നൽകാതെയും അവസാനിപ്പിക്കാം. സ്റ്റോക്ക് സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഡെറിവേറ്റീവുകളിൽ ഡെലിവറി സാധ്യവുമല്ല. ഈ സവിശേഷത ഡെറിവേറ്റീവ് വിപണിയെ ഒരു കാസിനോ ആക്കുന്നു!

ഒരോഹരി വാങ്ങുമ്പോൾ, ആ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ചെറിയൊരംശത്തിനാണ് നിങ്ങൾ പണം കൊടുക്കുന്നത്. അങ്ങനെ സമാഹരിച്ച പണം ആസ്തികൾ വാങ്ങുന്നതിനും പലവിധ ചെലവുകൾക്കുമായി ആ കമ്പനി ഉപയോഗിക്കുന്നു. അതായത് ഒരോഹരി നിക്ഷേപകൻ ബിസിനസ് നടത്തുന്നതിനുള്ള മൂലധനമാണ് നൽകുന്നത്. ഒരു കമ്പനിയുടെ എല്ലാ ചെലവുകൾക്കും ശേഷം വരുന്ന മിച്ചം ഓഹരി ഉടമസ്ഥർക്കവകാശപ്പെട്ടതാണ്. ഇനി നഷ്ടത്തിലാണെങ്കിൽ അത് സഹിക്കേണ്ടതും ഓഹരി ഉടമസ്ഥർ തന്നെ. കൂടാതെ ആ കമ്പനി എങ്ങനെ നടത്തിക്കൊണ്ടു പോകണമെന്ന് തീരുമാനിക്കുന്നതും അതിന്റെ ഉടമസ്ഥരായ ഓഹരിയുടമകൾ തന്നെയാണ് - ഓഹരി ഉടമസ്ഥരുടെ പ്രമേയങ്ങളിൽ വോട്ടുചെയ്യുന്നതിലൂടെയും അവർ തിരഞ്ഞെടുക്കുന്ന ഡയറക്ടർമാർ വഴിയും.  

check

അപ്പോൾ എന്താണ് ഫ്യൂച്ചറുകളും ഓപ്ഷനുകളും?

നിങ്ങൾ ഒരു എസ്ബിഐ ഓഹരി വാങ്ങിയാൽ, എസ്ബിഐ ഓഹരിയുടമകളുടെ പട്ടികയിൽ നിങ്ങളുടെ പേര് രേഖപ്പെടുത്തും. എന്നാൽ നിങ്ങൾ ഡെറിവേറ്റീവ് വിഭാഗത്തിൽ അതേ എസ്ബിഐയുടെ ഫ്യൂച്ചേഴ്സ് കരാർ വാങ്ങിയാലോ? നിങ്ങളും എസ്ബിഐയും തമ്മിൽ യാതൊരു ബന്ധവുമില്ല - എസ്ബിഐയുടെ ഓഹരിയുടമകളുടെ പട്ടികയിൽ നിങ്ങളില്ല, ഡിവിഡൻ്റ് ഇല്ല, വോട്ടവകാശമില്ല, ഡീമാറ്റ് അക്കൗണ്ടിൻ്റെ ആവശ്യമില്ല - അവ ഓഹരികൾ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. (ഡെറിവേറ്റീവുകളുടെ അവസാന തിയതിയിൽ ഡെലിവറി എടുക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞവയെല്ലാം സംഭവിക്കും. എന്നാൽ മിക്ക കരാറുകളും അവസാന തീയതിക്ക് മുമ്പ് ഡെലിവറി ചെയ്യാതെ അവസാനിപ്പിക്കുന്നു). അപ്പോൾ നിങ്ങൾ വാങ്ങിയത് എന്താണ്? നിങ്ങൾ ഒന്നും വാങ്ങിയിട്ടില്ല, എസ്ബിഐയുടെ ഓഹരി വില ഉയരുമെന്ന് പറഞ്ഞ് എൻഎസ്ഇ അല്ലെങ്കിൽ ബിഎസ്ഇ നടത്തുന്ന വാതുവയ്പ്പ് സംവിധാനത്തിൽ ഒരു പന്തയം വെക്കുക മാത്രമാണ് നിങ്ങൾ ചെയ്തത്. അപ്പോൾ പണം എവിടെപ്പോയി? വാതുവയ്പ്പിന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ കെട്ടിവയ്ക്കുന്ന മാർജിൻ തുകയാണിത്. ഉദാഹരണത്തിന് എസ്ബിഐ യുടെ 1500 ഓഹരികളിലാണ് ഫ്യൂച്ചേഴ്സ് വിപണിയിൽ പന്തയം വയ്ക്കാവുന്നത്. ഇപ്പോഴത്തെ വിപണി വില പ്രകാരം ഏതാണ്ട് 11 ലക്ഷം രൂപ. ഇതിന്റെ 17.50% മാർജിൻ തുകയായി കെട്ടിവെക്കണം - ഏതാണ്ട് 2 ലക്ഷം രൂപ. ഈ ഫ്യൂച്ചേഴ്സ് കരാറിൻ്റെ അവസാന തീയതിക്കുള്ളിൽ വില പ്രതീക്ഷിക്കുന്നത് പോലെ ഉയർന്നാൽ, നിങ്ങൾക്ക് കരാർ വിറ്റ് ലാഭം നേടാം. എന്നാൽ വാതുവയ്പ്പിന് വിപരീത വീക്ഷണമുള്ള ഒരാളെ ആവശ്യമില്ലേ? അതെ, നിങ്ങൾ വാങ്ങിയ ഫ്യൂച്ചേഴ്സ് കരാറിൻ്റെ വിൽപ്പനക്കാരനാണ് ആ വ്യക്തി. എസ്ബിഐയുടെ ഓഹരി വില കുറയുമെന്ന് ആ വിൽപ്പനക്കാരൻ പന്തയം വെച്ചിരുന്നു, കൂടാതെ മാർജിൻ തുകയും നിക്ഷേപിച്ചു. ഇവിടെ വാങ്ങുന്നയാൾക്ക് ലഭിച്ച ലാഭം വിൽപ്പനക്കാരന് നേരിടേണ്ടി വന്ന നഷ്ടമാണ് .

cash-in-hand

നിങ്ങൾ 100 രൂപയ്ക്ക് വാങ്ങിയ ഒരോഹരി 110 രൂപയ്ക്ക് വിൽക്കുന്നു; അത് വാങ്ങിച്ചയാൾ പിന്നീട് 120 രൂപയ്ക്ക് മറ്റൊരാൾക്കു വിൽക്കുന്നു. ഇവിടെ രണ്ടു പേർക്കും 10 രൂപ വീതം ലാഭം കിട്ടുന്നു; മാത്രമല്ല ഇത് മറ്റാരുടെയും നഷ്ടവുമല്ല.   എന്നാൽ ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ കഥ വ്യത്യസ്തമാണ്. എ എന്നയാൾ 100 രൂപയ്ക്ക് ഒരു ഫ്യൂച്ചേഴ്സ് കരാർ വാങ്ങുമ്പോൾ, അതേ കരാർ 100 രൂപയ്ക്ക് വിൽക്കുന്ന ഒരു ബി ഉണ്ടായിരിക്കണം. പിന്നീട് വില 110 രൂപയായി ഉയരുന്നു, എ വിൽക്കാൻ തീരുമാനിക്കുന്നു. ഇത് വാങ്ങുന്നത് ബി ആണെങ്കിൽ, 100 രൂപയ്ക്ക് വിറ്റ് 110 രൂപയ്ക്ക് വാങ്ങുന്ന ബി യ്ക്ക് 10 രൂപ നഷ്ടപ്പെടുന്നു, അതാണ് എ യുടെ ലാഭം. എന്നാൽ ബി ക്കു പകരം വാങ്ങുന്നത് സി എന്ന പുതിയ വ്യക്തിയാണെങ്കിലോ? അങ്ങനെയെങ്കിൽ, എ തൻ്റെ പന്തയം 10 രൂപ ലാഭത്തിൽ അവസാനിപ്പിക്കുന്നു, പിന്നീട്  സി ആണ് ബി യുടെ വാതുവെപ്പ് പങ്കാളി. പിന്നീട് വില 120 ആകുന്നു, സി വിൽക്കുന്നു. സി യുടെ ലാഭം 10 രൂപ. ഇതു വാങ്ങുന്നത് ബി ആണെങ്കിലോ? ബി ആദ്യം 100 രൂപയ്ക്ക് വിറ്റു, ഇപ്പോൾ 120 രൂപയ്ക്ക് വാങ്ങുന്നു, നഷ്ടം 20 രൂപ. ബി യുടെ ഈ  20 രൂപ നഷ്ടമാണ് എ യുടെയും സി യുടെയും 10 രൂപ വീതമുള്ള ലാഭം.

നേരത്തേ പറഞ്ഞ പോലെ ഇവിടെ 100 രൂപ പന്തയത്തിന് മാർജിനായി 100 രൂപ നൽകേണ്ട; 20 രൂപ മതിയെന്ന് കരുതുക. അപ്പോൾ 20 രൂപ നിക്ഷേപിച്ച എ യും സി യും 10 രൂപ ലാഭം നേടി - ലാഭം നിക്ഷേപിച്ചതിന്റെ 50%. ബി നിക്ഷേപിച്ച 20 രൂപയും നഷ്ടപ്പെട്ടു; നഷ്ടം 100%! അഥവാ ഓഹരി വില 20% ഉയർന്നപ്പോൾ ഫ്യൂച്ചേഴ്സിൽ വിറ്റ ഒരാൾക്ക് 100% നഷ്ടവും വാങ്ങിയ രണ്ടു പേർക്ക് 50% വീതം ലാഭവുമുണ്ടായി. അതായത് ഓഹരി നിക്ഷേപകർക്ക് ലഭിച്ച 20% ലാഭം ഫ്യൂച്ചേഴ്സ് വിപണിയിലെത്തുമ്പോൾ അതിൻറെ പലമടങ്ങായ ലാഭവും നഷ്ടവുമായി മാറുന്നു; എന്നാൽ മൊത്തത്തിൽ  നോക്കുമ്പോൾ സമ്പദ് വ്യവസ്ഥയിൽ ഒരു രൂപയുടെ പോലും ലാഭം ഉണ്ടാകുന്നുമില്ല. 

bul-bear

രസകരമായ ഒരു കാര്യം കൂടി. മാർജിൻ തുകയായ 20 രൂപ വാതുവയ്പ്പുകാരൻ തന്നെ നൽകണമെന്നില്ല - ഇതിൻറെ പകുതിയായ 10 രൂപ ബ്രോക്കർ വാതുവയ്പ്പുകാരന് കടമായിട്ടും തരും. തന്റെ 10 രൂപയും കടമെടുത്ത 10 രൂപയും ചേർത്ത് വാതുവയ്ച്ചു. വില 100 ൽ നിന്ന് 110 ആയി; പന്തയം ജയിച്ചു. 10 രൂപ ലാഭവും ചേർത്ത് 30 രൂപ കിട്ടി. ഇതിൽ നിന്നും 11 രൂപ കൊടുത്ത് പലിശ സഹിതം കടം വീട്ടി. ബാക്കി 19 രൂപ. 10 രൂപ നിക്ഷേപത്തിന്മേൽ 90% ലാഭം!     

ചുരുക്കിപ്പറഞ്ഞാൽ, ഈ ട്രേഡുകളിൽ നിന്നുള്ള നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും ആകെത്തുക പൂജ്യമാണ്. ഡെലിവറി ഇല്ലാത്ത ഡെറിവേറ്റീവ് മാർക്കറ്റുകൾ വിജയികളെ സൃഷ്ടിക്കുന്നു, പക്ഷേ പരാജിതരുടെ ചെലവിൽ. ഓഹരി വിപണിയിൽ വില ഉയരുന്നത് ലാഭവും വില തകരുന്നത് നഷ്ടവും സൃഷ്ടിക്കുന്നു. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ഓഹരി വിപണികൾ വമ്പിച്ച നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്; ചുരുക്കം ചിലർ നഷ്ടം നേരിട്ടുവെങ്കിലും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉയർന്നുവരുന്ന സ്റ്റോക്ക് മാർക്കറ്റ് ഒരു അറ്റ സമ്പത്ത് സ്രഷ്ടാവാണ് (net wealth creator). അതേസമയം ഡെറിവേറ്റീവ് മാർക്കറ്റ് എല്ലായ്പ്പോഴും ഒരു വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പണം നീക്കുന്നു; മൊത്തത്തിൽ സമ്പത്തിലുള്ള മാറ്റം പൂജ്യമാണ്. ചൂതാട്ടത്തിൻ്റെ ഒരു രൂപമാണ് വാതുവയ്പ്പ്. ഒരിടപാടിൽ നിന്നും ലഭിക്കുന്ന ലാഭവും നഷ്ടവും കൂട്ടിയാൽ കിട്ടുന്നത് പൂജ്യമാണെങ്കിൽ (zero sum) ആ ഇടപാടൊരു ചൂതാട്ടമാണ്. മലയാളികൾക്കേറെ പ്രിയപ്പെട്ട ലോട്ടറി പോലെ

സജീവം യുവാക്കൾ

ഖേദകരമെന്നു പറയട്ടെ, ഡെറിവേറ്റീവുകളുടെ വിഭാഗമാണ് ഇന്ത്യൻ വിപണികളിൽ കുതിച്ചുയരുന്നത്. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ മൊത്തം വിറ്റുവരവിന്റെ 1% മാത്രമാണ് ഓഹരികളുടേത്; ബാക്കി 99 ശതമാനവും ഡെറിവേറ്റീവ് വിപണിയുടെതാണ്. മാത്രമല്ല ഡെറിവേറ്റീവ് വിപണിയിൽ ഏറ്റവും സജീവരായവർ യുവാക്കളാണ്; ഇവരിൽ പലരും ആദ്യമായി പ്രവേശിച്ചത് ഡെറിവേറ്റീവ് വിപണിയിലാണ്. ഇവരിൽ വലിയൊരു വിഭാഗം ഫ്യൂച്ചറുകൾ അല്ല ട്രേഡ് ചെയ്യുന്നത്, പകരം ഓപ്ഷനുകളാണ്. ഫ്യൂച്ചേഴ്സ് കരാറുകൾ ഓഹരി വിലയിലെ 10% മാറ്റം 30 മുതൽ 100% വരെ വലുതാക്കുമ്പോൾ, ഒരു ഓപ്ഷൻ കരാറിന് അതേ 10% മാറ്റം 300 മുതൽ 1000% വരെയോ അതിലും കൂടുതലോ വലുതാക്കാൻ കഴിയും! ഇനി മാർജിൻ നിക്ഷേപത്തിന് വായ്പയെടുത്താൽ, ലാഭ നഷ്ടങ്ങൾ പിന്നെയും പലമടങ്ങ് വർദ്ധിക്കും. എന്നാൽ ഓപ്ഷൻ വിപണിയിൽ നേട്ടമുണ്ടാകണമെങ്കിൽ അത് വാങ്ങിയവർ ഓഹരി വിലയിൽ പ്രതീക്ഷിക്കുന്ന കയറ്റമോ ഇറക്കമോ വളരെ കുറഞ്ഞ സമയത്തിൽ സംഭവിക്കണം; പലപ്പോഴും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ. പെട്ടെന്നു കഴിച്ചില്ലെങ്കിൽ ഉരുകി ഉപയോഗശൂന്യമാകുന്ന ഐസ്ക്രീം പോലെയാണ് ഓപ്‌ഷനുകൾക്കു കെട്ടിവെക്കുന്ന മാർജിൻ - മണിക്കൂറുകൾക്കുള്ളിൽപ്പോലും നഷ്ടപ്പെടാം. ഇന്ത്യൻ വിപണികളിൽ ഒരു ഓപ്‌ഷൻ കരാറിൻ്റെ ശരാശരി ഹോൾഡിങ് കാലയളവ് വെറും 30 മിനിറ്റാണ്. ഇവിടെയും ഇവരുടെ നഷ്ടം ഓപ്ഷൻ കരാറുകൾ വിറ്റവരുടെ ലാഭമാണ്. സെബിയുടെ പഠനമനുസരിച്ച്, 90% ഡെറിവേറ്റീവ് വ്യാപാരികളും നഷ്ടത്തിലാണ്. ഈ 90% പേരും നേരിട്ടോ മ്യൂച്വൽ ഫണ്ട് വഴിയോ ഓഹരികളിൽ നിക്ഷേപം നടത്തിയിരുന്നെങ്കിൽ ഇവരിൽ ഭൂരിഭാഗവും തങ്ങളുടെ സമ്പത്ത് വർധിപ്പിക്കുമായിരുന്നു.

സ്റ്റോക്ക് എക്സ്ചേഞ്ചുകളും ബ്രോക്കർമാരും ഡെറിവേറ്റീവുകളെ ഇഷ്ടപ്പെടുന്നു - ഇവരുടെ ലാഭത്തിന്റെ വലിയൊരു ഭാഗം ഡെറിവേറ്റീവ് വിപണിയിൽ നിന്നുള്ള ഫീസ് ആണ്. നേരത്തെ, ചില തിരഞ്ഞെടുത്ത സ്റ്റോക്കുകളിലും തിരഞ്ഞെടുത്ത സൂചികകളിലും ഡെറിവേറ്റീവുകളുടെ പ്രതിമാസ കരാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ എക്‌സ്‌ചേഞ്ചുകൾ പ്രതിവാര കരാറുകളും അവതരിപ്പിച്ചു - ലോട്ടറികളുടെയും ടിക്കറ്റുകളുടെയും സമ്മാനങ്ങളുടെയും എണ്ണം കാലക്രമേണ വർദ്ധിപ്പിച്ച കേരളത്തിലെ ലോട്ടറി വകുപ്പ് പോലെ! ആദായനികുതി വകുപ്പും ഡെറിവേറ്റീവുകളെ ഇഷ്ടപ്പെടുന്നു, കാരണം അവർ ഡെറിവേറ്റീവുകളുടെ വ്യാപാരത്തിൽ നിന്നുള്ള നേട്ടങ്ങൾക്കും നികുതി ചുമത്തുന്നു - അറ്റ ലാഭം ഒരു രൂപ പോലും ഇല്ലാതിരിക്കുമ്പോഴും. ഡെറിവേറ്റീവുകളിലെ വലിയ തോതിലുള്ള ചെറുകിട നിക്ഷേപക  പങ്കാളിത്തത്തെക്കുറിച്ച് മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് മാത്രമേ ആശങ്കയുള്ളൂ. ഫ്യൂച്ചറുകളും ഓപ്ഷനുകളും യഥാർത്ഥത്തിൽ ഓഹരി വിലകളിലെ ചാഞ്ചാട്ടത്തിൽ നിന്നും വൻകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനും പോർട്ട്ഫോളിയോ നഷ്ടങ്ങൾക്കെതിരായ ഇൻഷുറൻസ് എന്ന നിലയ്ക്കും ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ഡെറിവേറ്റീവ് ട്രേഡിങ്ങിൻ്റെ ഭൂരിഭാഗവും വ്യക്തിഗത നിക്ഷേപകരുടെ ശുദ്ധമായ ചൂതാട്ടം മാത്രമാണ്

അതിനാൽ അടുത്ത തവണ ഓഹരി വിപണി പുതിയ ഉയരത്തിലെത്തിയെന്ന് കേൾക്കുമ്പോൾ, വൻ നഷ്ടം നേരിടുന്ന ഡെറിവേറ്റീവ് വിപണിയിലെ ചൂതാട്ടക്കാരെപ്പറ്റിയും ഒന്നു ചിന്തിക്കുക. വിപണികൾ ഇടിയുമ്പോഴും  ഇവർക്ക് നഷ്ടമാണ്; എല്ലാ വ്യാപാര ദിനത്തിലും ഇവർക്ക് നഷ്ടമേയുള്ളു. അടുത്ത തവണ നിങ്ങൾ എൻഎസ്ഇ,  ബിഎസ്ഇ എന്നു കേൾക്കുമ്പോൾ, അവിടെ പ്രവർത്തിക്കുന്ന ഡെറിവേറ്റീവ് കാസിനോയെക്കുറിച്ചും ചിന്തിക്കുക; ഗോവ, മക്കാവു, ലാസ് വെഗാസ് എന്നിവിടങ്ങളിലെ കാസിനോകളുടെ തിളക്കവും ഗ്ലാമറും ഇല്ലെങ്കിലും…

English Summary:

Futures and Options in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com