ADVERTISEMENT

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിയില്‍ ഐപിഒകളുടെ (പ്രഥമ ഓഹരി വില്‍പ്പന) പൂക്കാലമായിരുന്നു. ആകെ 76 കമ്പനികളാണ് ഓഹരി വിപണിയില്‍ പോയ സാമ്പത്തിക വര്‍ഷം അരങ്ങേറ്റം കുറിച്ചത്. ഇതിലൂടെ അവര്‍ സമാഹരിച്ചതാകട്ടെ 62,000 കോടി രൂപയും. 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയുണ്ടായി. ഈ 76 കമ്പനികളില്‍ 55 ഓഹരികളും ഇഷ്യു പ്രൈസിനേക്കാള്‍ മുകളിലാണ് വ്യാപാരം നടത്തുന്നത്. 

റീട്ടെയില്‍ നിക്ഷേപകര്‍ വിപണിയില്‍ സജീവമാകുന്നതും സ്ഥാപക നിക്ഷേപകരുടെ പണമൊഴുക്കുമെല്ലാം മേല്‍പ്പറഞ്ഞ നേട്ടത്തിന് കാരണമായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റി 50 സൂചിക 29 ശതമാനം നേട്ടത്തോടെയാണ് അവസാനിച്ചത്. നിഫ്റ്റി സ്മോള്‍ ക്യാപിന്റെയും നിഫ്റ്റി മിഡ്ക്യാപ്പിന്റെയും നേട്ടം യഥാക്രമം 70 ശതമാനവും 60 ശതമാനവുമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി ലിസ്റ്റിങ് നേട്ടം 9 ശതമാനമായിരുന്നെങ്കില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് 29 ശതമാനമായി മാറി എന്നത് ശ്രദ്ധേയമാണ്. 

വരാനിരിക്കുന്നതോ...

പുതിയ സാമ്പത്തികവര്‍ഷം അത്യാവേശം പ്രകടമാകുമെന്ന് വേണം കരുതാന്‍. ഇതിനോടകം തന്നെ 56 കമ്പനികളാണ് ഐപിഒയ്ക്കായി രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 70,000 കോടി രൂപയാണ്. പോയ വര്‍ഷത്തെ മുഴുവന്‍ കണക്ക് 62,000 കോടി മാത്രമേയുള്ളൂവെന്നതാണ് ശ്രദ്ധേയം. 

56 കമ്പനികളില്‍ 19 കമ്പനികള്‍ക്ക് ഇതിനോടകം ഐപിഒ നടത്താന്‍ സെബിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. ഇവര്‍ സമാഹരിക്കാന്‍ ഉന്നമിട്ടിരിക്കുന്നത് 25,000 കോടി രൂപയാണ്. ശേഷിക്കുന്ന 37 കമ്പനികളും കൂടി ചേര്‍ന്ന് 45,000 കോടി രൂപയും. ഇതില്‍ 9 കമ്പനികള്‍ പുതുതലമുറ ടെക് സംരംഭങ്ങളാണ്. ഇവര്‍ മാത്രം 21,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 

അടുത്തിടെ പാന്റോമാത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒ ഫണ്ട് സമാഹരണം 1 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുമെന്നാണ്. അടുത്ത 10 വര്‍ഷത്തേക്ക് ലോകത്തിന്റെ വളര്‍ച്ചാ എന്‍ജിനായി ഇന്ത്യ മാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരി വിപണിക്കും കരുത്ത് പകരുന്നത്. ഓരോ വര്‍ഷവും 2.5 ലക്ഷം കോടി രൂപയുടെ ഇക്വിറ്റി കാപ്പിറ്റലൈസേഷന്‍ ഇന്ത്യക്ക് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവിലെ വിപണി സാഹചര്യം വളര്‍ച്ചയ്ക്കുള്ള അപാര സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

ഭരണ സ്ഥിരത, ആഭ്യന്തര നിക്ഷേപകരുടെ ശാക്തീകരണം, ആഗോള നിക്ഷേപകരില്‍ നിന്നുള്ള പണമൊഴുക്ക്, ജിഡിപി നിരക്കിലെ ശുഭപ്രതീക്ഷ, ആപ്പിളും ടെസ്ലയും ഉള്‍പ്പടെയുള്ള ആഗോള ഭീമന്മാരുടെ ഇന്ത്യാകേന്ദ്രീകൃത പദ്ധതികള്‍, ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ (പിഎല്‍ഐ) പദ്ധതി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നയങ്ങള്‍...എന്നിങ്ങനെ വളര്‍ച്ചയ്ക്ക് അനുഗുണമായ നിരവധി ഘടകങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുവെന്നാണ് വിവിധ ആഗോള ഏജന്‍സികളുടെ വിലയിരുത്തല്‍.

English Summary:

56 IPOs are Coming in this FY

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com