ADVERTISEMENT

ലോകം മുഴുവൻ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നു. ഇന്ത്യയും തിരഞ്ഞെടുപ്പ് ചൂടിലാണ്. അതുകൊണ്ടുതന്നെ ആഗോള - ദേശീയ സാമ്പത്തിക സാഹചര്യങ്ങൾ ഇപ്പോൾ പ്രവചിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഓഹരിയിൽ ഘട്ടംഘട്ടമായി മാത്രം നിക്ഷേപിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളുമ്പോൾ സ്വീകരിക്കേണ്ട നിക്ഷേപ സമീപനങ്ങളെക്കുറിച്ച് കൊച്ചിയിലെ ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിങ് ഡയറക്ടർ പ്രിൻസ് ജോർജ് പറയുന്നു. 

∙ ഓഹരി വിപണി പ്രതീക്ഷിക്കാത്ത വിധത്തിലാണിപ്പോൾ നീങ്ങുന്നത്. ചില ദിവസങ്ങളിൽ വിപണി അനുദിനം പുതിയ ഉയരങ്ങൾ താണ്ടുന്നു. തൊട്ടടുത്ത ദിവസം ഇടിവ്. എന്നാൽ വിപണിയുടെ മുന്നേറ്റം കണ്ട് വിപണിയിലേയ്ക്ക് കടന്നു വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ്‌. ഈ സാഹചര്യം അഭിലഷണീയമാണോ?

ആഗോള–ദേശീയ സാമ്പത്തിക സഹചര്യങ്ങൾ വളരെ സങ്കീർണമാണിപ്പോൾ. ഇവിടെ നിക്ഷേപകർക്ക് രണ്ട് സാഹചര്യങ്ങളാണുള്ളത്. ഒന്നാമത് അവർക്ക് യാതൊരു റിസ്കും എടുക്കാതെ ഫിക്സഡ് ഇൻകം ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കാം. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ നൽകുന്ന വരുമാനം വളരെ കുറവാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഓഹരി വിപണിപോലുള്ള നിക്ഷേപ മേഖലകൾ മെച്ചപ്പെട്ടതാണ്, ശരിയായി സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിച്ച് അതിനനുസരിച്ച് ആസൂത്രണം ചെയ്യുന്നവർക്ക് ഇത് മെച്ചപ്പെട്ട നേട്ടം നൽകും. പ്രത്യേകിച്ച് റിട്ടയർമെന്റ് പോലുള്ള ആവശ്യങ്ങൾക്കായി നിക്ഷേപിക്കുന്നത്. എന്നാൽ പെട്ടെന്ന് ഓഹരിയിലൂടെ പണമുണ്ടാക്കാനാകുമെന്ന് കരുതുന്നത് തെറ്റിദ്ധാരണയാണ്. 

Share-Market

ഇന്ത്യ 7 ശതമാനത്തിലേറെ എന്ന നിരക്കിൽ വളരുമ്പോൾ ഇന്ത്യൻ കമ്പനികൾ 20–25 ശതമാനം നിരക്കിലാണ് വളരുന്നത്. ഇവയിലെ ഓഹരി നിക്ഷേപത്തിലൂടെ ആ വളർച്ചയുടെ ഭാഗമാകുന്നത് അഭിലഷണീയമാണ്. പക്ഷേ ആദ്യമായി വിപണിയിലേക്കിറങ്ങുന്നവർ ഓഹരിയിലായാലും മ്യൂച്വൽ ഫണ്ടിലായാലും ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണ് നല്ലത്. ഇന്ത്യ ഇനിയും വളരെ വളർച്ചാസാധ്യതകളുള്ള രാജ്യമാണ്. നമ്മുടെ ഉപഭോഗ വിപണിയും വളരെ വലുതാണ്. ഞാനൊക്കെ ഈ രംഗത്തേയ്ക്ക് വരുമ്പോൾ സെൻസെക്സ് 1500 എന്ന നിലയിലായിരുന്നെങ്കില്‍ ഇപ്പോഴത് 70,000 വും കടന്നുപോയിരിക്കുന്നു. ഈ വളർച്ചയിൽനിന്ന് ഒഴിഞ്ഞ് നിൽക്കുകയല്ല, മറിച്ച് നമ്മളും ഭാഗമാകുകയാണ് വേണ്ടത്.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തുടങ്ങിക്കഴിഞ്ഞു. ഒന്നരമാസം കഴിഞ്ഞാൽ രാജ്യം ആര് നയിക്കുമെന്നറിയാം പുതിയതായി ആര് ഭരണത്തിൽ വന്നാലും ബജറ്റ് ഉടനെ തന്നെ അവതരിപ്പിക്കേണ്ടി വരും. സാഹചര്യങ്ങൾ സങ്കീർണമല്ലേ?

ഇന്ത്യയിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ നിന്നായി ലോകജനസംഖ്യയിലെ തന്നെ പകുതിയിലേറെപ്പേർ ഈ വർഷം വോട്ട് ചെയ്യും. ഇത് ആഗോളവിപണികളെ കാര്യമായി സ്വാധീനിക്കും. അതിൽ തന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്, തുടർന്ന് വരുന്ന സർക്കാർ, സാമ്പത്തിക നയം ഇതെല്ലാം ലോകം ഉറ്റുനോക്കുന്നുണ്ട്. അതായത് വരും ദിവസങ്ങളിലെ മാറ്റങ്ങൾ നിർണായകമാണ്. അതുകൊണ്ട് വിപണിയിൽ ചാഞ്ചാട്ടങ്ങളും പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പ് വേളകളിൽ വിപണി എന്തിനോടും വൈകാരികമായി പ്രതികരിക്കാം. അത് പ്രതീക്ഷിച്ച് കരുതലോടെ മാത്രമേ വിപണിയിൽ നീങ്ങാവൂ. ആഗോള വിപണിയിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തേ നാം നിക്ഷേപിക്കാവൂ എന്നതാണ് അവസ്ഥ. അതായത് നമ്മുടെ നയങ്ങൾ മാത്രമല്ല, അമേരിക്കൻ തിരഞ്ഞെടുപ്പ്, അവിടുത്തെ കടം, ചൈനയുടെ നിലപാടുകൾ, രാഷ്ട്രീയ–യുദ്ധ–ഭൗമ സാഹചര്യങ്ങൾ, റഷ്യയുടെ സമീപനങ്ങൾ എന്നിവയെല്ലാം നമ്മെ ബാധിക്കും.

mutual-fund-3-

പ്രധാനപ്പെട്ട മറ്റൊരു കാര്യം നിർമിത ബുദ്ധിയുടെ വരവാണ്. റോബോട്ടിക്സ്, ചിപ്പ് ഇവയിലെല്ലാം ചിന്തിക്കാൻ കഴിയുന്നതിലും വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. സമവാക്യങ്ങൾ മാറിയേക്കാം. ആഗോള സമ്പദ് വ്യവസ്ഥ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോഴും അറിയില്ല.

കേന്ദ്ര സർക്കാർ കുറെ കാലങ്ങളായി മുൻഗണന നൽകുന്ന കാര്യമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, പുതിയ സർക്കാരിന് ഇക്കാര്യത്തിലുള്ള സമീപനം എന്തായിരിക്കും?

നിലവിലിപ്പോൾ ഇത് ചില ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ജിഎസ്ടി പോലുള്ളവയിൽ നിന്ന് സർക്കാരിന് വരുമാനം കൂടി. ചെലവ് കുറഞ്ഞിട്ടുണ്ട്, ആധാർ, യുപിഐ ഒക്കെ വന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മെച്ചമായി. പൊതുമേഖല സ്ഥാപനങ്ങൾ പൊതുവേ നേട്ടത്തിലാണിപ്പോൾ. പിഎസ‌്‌യുകൾ ലാഭമുണ്ടാക്കിയാൽ സർക്കാർ അങ്ങോട്ട് സഹായം നൽകേണ്ടി വരില്ല എന്നുമാത്രമല്ല, ലാഭത്തിലുള്ള സ്ഥാപനങ്ങളെ മികച്ച രീതിയിൽ വിറ്റഴിച്ചാൽ സർക്കാരിന് അതൊരു മികച്ച വരുമാനമാകും. അതുപയോഗിച്ച് നിലവിലെ കടങ്ങൾ അടച്ചു തീർക്കാം. കടങ്ങൾ തീരുന്നത് വരും വർഷങ്ങളിൽ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് കൂടാന്‍ സഹായിക്കും. ക്രമേണ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പദ്ധതികളുൾപ്പടെയുള്ള കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത്തരം മാറ്റങ്ങൾ സഹായിക്കും. പ്രതിരോധം, ബഹിരാകാശം പോലുള്ള ചില മേഖലകൾ മാത്രമായിരിക്കും സർക്കാർ മേഖലയിൽ നിലനിർത്തുക.

ഇപ്പോൾ നിക്ഷേപിക്കാവുന്ന ചില മേഖലകൾ നിർദേശിക്കാമാ? 

നിക്ഷേപ യോഗ്യമായ മേഖലകളെ കുറിച്ച് പറയുക ഇപ്പോൾ അത്ര എളുപ്പമല്ല. കാരണം പുതിയ സർക്കാരിന്റെ നയങ്ങള്‍ അനുസരിച്ചായിരിക്കും ഇനിയെല്ലാം. പൊതുമേഖലയുടെ കാര്യം തന്നെ എടുത്താൽ അവയിലേറെയും ഇപ്പോൾ ഉയർന്നു നിൽക്കുകയാണ്. മികച്ച ലാഭമുണ്ടാക്കുന്നുമുണ്ട്. എന്നാലും മാറിവരുന്ന സർക്കാരിന്റെ നയങ്ങൾ അനുസരിച്ചായിരിക്കും അവയുടെ ഭാവി. എങ്കിലും ഇപ്പോഴും നിക്ഷേപിക്കാവുന്ന പൊതുമേഖല ഓഹരികളുമുണ്ട്, എൽഐസി അതിന് ഉദാഹരണമാണ്.

ചെറുകിട - ഇടത്തരം മേഖലകളിൽ നിക്ഷേപിക്കുന്ന പ്രവണത ഇപ്പോഴുണ്ട്. ഇവയ്ക്ക് വളർച്ചാസാധ്യതയുണ്ട് എങ്കിലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള റിസ്കുകൾ ഉണ്ടാകും. അവ ഒഴിവാക്കുന്നതാണ് നല്ലത്. അറിയാത്തവയില്‍ നിക്ഷേപിക്കുന്നതിലും അടിസ്ഥാനപരമായി മികച്ച, സുതാര്യതയുള്ള ഓഹരികൾ തിരഞ്ഞെടുക്കുക. അതിനുള്ള വൈദഗ്ധ്യമില്ലാത്തവർ നേരിട്ട് നിക്ഷേപിക്കാതെ നല്ല കമ്പനികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകൾ, പ്രത്യേകിച്ച് മിഡ്കാപ് ഇടിഎഫുകളിലും മറ്റും നിക്ഷേപിക്കുന്നതാണ് നല്ലത്. പിന്നെ ഒരു കമ്പനി എത്ര തന്നെ വളർന്നാലും 100 ശതമാനവും നിക്ഷേപവും അതിൽ തന്നെയാകരുത്. 

കമ്പനി എത്ര വമ്പനായാലും, നിക്ഷേപം അതിലൊതുക്കുന്നത് നല്ലതാണോ?

അടുത്തകാലത്തായി നിക്ഷേപകർ ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന ഓഹരിയാണ് അദാനി ഗ്രൂപ്പിന്റേത്. ചില നേരങ്ങളിൽ അവയുടെ ഉയർച്ച കാണുമ്പോൾ ഓഹരി വാങ്ങാതിരുന്നതിൽ പലർക്കും നഷ്ടബോധം തോന്നാറുപോലുമുണ്ട്. അദാനി – ഹിൻഡൻ ബർഗ് പ്രശ്നങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ തിരിച്ചായിരുന്നു കാര്യങ്ങൾ. ഇവിടെ ഒരു കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ഇന്ത്യ വലിയ സ്വാധീനമുള്ള രാജ്യമായി മാറുമ്പോൾ ഇവിടുത്തെ 8–10 കമ്പനികളെങ്കിലും ആഗോളതലത്തിലേക്ക് വരും. അമേരിക്കയിൽ മൈക്രോസോഫ്റ്റ്, ആപ്പിൾ പോലുള്ളവയൊക്കെ ഇങ്ങനെ വളർന്നു വന്നതാണ്. ഇങ്ങനെ കമ്പനികൾക്ക് വളരാൻ ഫണ്ട് വേണം, രാഷ്ട്രീയ പിന്തുണ വേണം. അതൊക്കെ അവർ നേടിയെടുത്തു കൊള്ളും. 

Businessman analyzing investment charts. Accounting
Businessman analyzing investment charts. Accounting

ഇന്ത്യയിൽനിന്നും അത്തരം വലിയ കമ്പനികൾ ഇനി വരേണ്ടതുണ്ട്. ഇവർ ചെയ്യുന്ന ബിസിനസ് മോഡലുകൾ വ്യത്യസ്തമായിരിക്കും. അദാനിയെ സംബന്ധിച്ച് അവർ കടമെടുത്ത് ബിസിനസ് നടത്തുന്ന രീതിയാണുള്ളത്. ഇവിടെ ഭാവിയിൽ എഐ പോലുള്ള എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ബിസിനസ് താഴേയ്ക്ക് പോയേക്കാമെന്ന റിസ്ക് ഉണ്ട്. ഇത് അവരുടെ കടം തിരിച്ചടവിനെ ബാധിക്കും. ഇത്തരം റിസ്കുകളെ മറികടക്കാനുള്ള വൈദഗ്ധ്യമാണ് നിക്ഷേപകർക്ക് വേണ്ടത്. ഇവിടെ നിക്ഷേപ പോർട്ട് ഫോളിയോ തയാറാക്കുമ്പോൾ എത്ര മികച്ച കമ്പനിയാണെങ്കിലും കുറഞ്ഞ നിക്ഷേപമേ ആ കമ്പനിയിൽ പാടുള്ളു. നിക്ഷേപത്തിനായി സുതാര്യതയും വ്യത്യസ്ത മാനേജ്മെന്റ് ശൈലികളുമുള്ള കമ്പനികളിൽ  നിക്ഷേപിക്കുക. അദാനി ഗ്രീൻ, അദാനി പോര്‍ട്ട് എന്നിവയൊക്കെ അഭികാമ്യമാണ്. എങ്കിലും തിരഞ്ഞെടുപ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതും ഇത്തരം കമ്പനികളെ ബാധിച്ചേക്കാം എന്ന കാര്യവും കണക്കിലെടുക്കണം

ഒരു മാതൃകാ പോർട്ട് ഫോളിയോ എങ്ങനെയായിരിക്കണം?

പല ഘടകങ്ങൾ പരിഗണിച്ചു വേണം പോർട്ട് ഫോളിയോ റെഡിയാക്കേണ്ടത്. ഒരു ഓഹരിയിൽ പരമാവധി 15 ശതമാനത്തിൽ കൂടുതൽ നിക്ഷേപം പാടില്ല. 4–5 മേഖലകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഭാവി വളർച്ചാ സാധ്യതയുള്ള കമ്പനികളാകണം മാനദണ്ഡം. അവ കൃത്യമായി മാനേജ് ചെയ്യണം. നിശ്ചിത കാലയളവിൽ പുനരവലോകനം ചെയ്യണം. ഇതിനു അംഗീക‍ൃത സാമ്പത്തിക വിദഗ്ധരുടെ സഹായം തേടാം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ ഉപദേശത്തിനു ചെവി കൊടുക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com