75,000 രൂപ പെൻഷൻ നേടാൻ എവിടെ നിക്ഷേപിക്കണം?
Mail This Article
ചോദ്യം : 40 വയസ്സായ ഐടി പ്രൊഫഷണലാണ്. പത്തു വർഷത്തിനുള്ളിൽ വിരമിക്കാനാണ് ഉദ്ദേശ്യം. അതിനുശേഷം മാസം 75,000 രൂപയോളം സ്ഥിരമായി പെൻഷൻ പോലെ നേടണം. അതിനായി ഒരു തുക ഒരുമിച്ചു ഡെപ്പോസിറ്റ് ചെയ്യാനായി മൂന്ന്–നാല് സ്കീം പറഞ്ഞുതരാമോ? എത്ര തുക ഇടണം? എന്റെ കാലശേഷം മുതലും അധികനേട്ടവും നോമിനിക്കു കിട്ടണം. എന്തെങ്കിലും അത്യാവശ്യം വന്നാൽ ഇടയ്ക്കു കുറച്ചു തുക പിൻവലിക്കാനും സാധിക്കണം.
രാധ, എറണാകുളം
മറുപടി: ഇതുവരെ വിരമിക്കൽ ലക്ഷ്യത്തിനായി എത്ര തുക സമ്പാദിച്ചിട്ടുണ്ട് എന്ന് താങ്കൾ പറഞ്ഞിട്ടില്ല. ആദ്യമായി ആ ലക്ഷ്യത്തിലെത്താൻ എത്ര രൂപ സ്വരുക്കൂട്ടണം, എത്ര രൂപ പ്രതിമാസം സമ്പാദിക്കണം എന്നൊക്കെ പരിശോധിക്കാം. വാർഷിക വിലക്കയറ്റതോത് 6% എന്ന് അനുമാനിച്ചാൽ ഇന്ന് 75,000 രൂപ പ്രതിമാസം വേണ്ടിടത്തു 10 വർഷം കഴിയുമ്പോൾ 1.34 ലക്ഷം രൂപ വേണ്ടിവരും. 50 വയസ്സിൽ വിരമിച്ച ശേഷം 85 വയസ്സുവരെയെങ്കിലും ജീവിക്കുമെന്നും ആ കാലയളവിൽ ശരാശരി 8% നിക്ഷേപനേട്ടം ലഭിക്കുമെന്നും പ്രതീക്ഷിക്കാം. അതനുസരിച്ചു മേൽപറഞ്ഞ വരുമാനം ലഭിക്കാൻ, 10 വർഷം കഴിഞ്ഞു വിരമിക്കുന്ന സമയത്ത് 3.87 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും. കാലശേഷം ആ തുക ആശ്രിതർക്കു ലഭിക്കണമെങ്കിൽ 26 ലക്ഷം രൂപകൂടി അതിനോടൊപ്പം ചേർക്കേണ്ടിവരും.
അതായതു മൊത്തം 4.13 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും. നിക്ഷേപങ്ങൾക്ക് ശരാശരി 12% നേട്ടം പ്രതിവർഷം ലഭിക്കുന്ന പദ്ധതിയിലാണെങ്കിൽ ഇപ്പോൾ 1.33 കോടി രൂപ നിക്ഷേപിക്കേണ്ടിവരും. റിട്ടയർമെന്റിനായി ഇതുവരെ നിക്ഷേപം ഒന്നും നടത്തിയിട്ടെങ്കിൽ ഇനി മാസം 1.96 ലക്ഷം രൂപ വീതം നീക്കിവയ്ക്കേണ്ടിവരും. ഇനി 50 ലക്ഷം രൂപ ഇപ്പോൾ സ്വരുക്കൂട്ടിയിട്ടുണ്ടെങ്കിൽ മാസം 73,700 രൂപ നീക്കിവച്ചാൽ മതിയാകും. അതുപോലെ മാസം വരുമാനം പകുതി മതിയെങ്കിൽ സമ്പാദിക്കേണ്ട തുകയും പകുതി മതിയാകും.
10 വർഷത്തെ നിക്ഷേപ കാലാവധിയുള്ളതു കൊണ്ടു ദീർഘകാല നേട്ടം നൽകുന്ന ഓഹരി അധിഷ്ഠിത ഫണ്ടുകളിലും എൻപിഎസിലും നിക്ഷേപിക്കുന്നതു നന്നായിരിക്കും. വിരമിച്ച ശേഷം സ്ഥിര വരുമാനം ലഭിക്കാൻ ആ സമയത്തു നിക്ഷേപങ്ങൾ പുനഃക്രമീകരിച്ചാൽ മതി. അന്ന് ആ തുക ഉപയോഗിച്ച് ഒരു കമേർഷ്യൽ കെട്ടിടം നിർമിച്ചുകൊടുത്താലും ഉദ്ദേശിച്ച വരുമാനത്തിനു തുല്യമായ വാടക ലഭിക്കും. വാടക എല്ലാ വർഷവും വിലക്കയറ്റത്തിനനുസരിച്ചു കൂടുമല്ലോ!
മറുപടി നൽകിയിരിക്കുന്നത് സഞ്ജീവ് കുമാർ cfp (സ്ഥാപകൻ–PrognoAdvisor.com). മനോരമ സമ്പാദ്യം ഏപ്രിൽ ലക്കം "ഫിൻ ഇൻഫോ" പംക്തിയിൽ പ്രസിദ്ധീകരിച്ചത്. സാമ്പത്തികമേഖലയും സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു മറുപടി നൽകുന്ന പംക്തി. ചോദ്യങ്ങൾ 9207749142 എന്ന നമ്പറിലേക്കു വാട്സാപ് ചെയ്യുക. മറുപടി സമ്പാദ്യം മാസികയിലൂടെ മാത്രം.