ADVERTISEMENT

റെക്കോർഡ് നിരക്കിനടുത്തേക്ക് മുന്നേറി വന്ന ഇന്ത്യൻ വിപണി വെള്ളിയാഴ്ചത്തെ ലാഭമെടുക്കലിൽ വീണ് ആഴ്ചനേട്ടം ഒരു ശതമാനത്തിൽ താഴെ നിർത്തി. മുൻആഴ്ചയിൽ 22179 പോയിന്റിൽ ക്ലോസ് ചെയ്ത നിഫ്റ്റി 22419 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാർമ സെക്ടറുകളിൽ വാങ്ങൽ പ്രകടമായപ്പോൾ ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ് മേഖലകളിലെ വീഴ്ച ഇന്ത്യൻ വിപണിയുടെ റെക്കോർഡ് മുന്നേറ്റം തടസപ്പെടുത്തി. കൊടക് മഹിന്ദ്ര ബാങ്കിന്റെയും, ബജാജ് ഫൈനാൻസിന്റെയും വൻ വീഴ്ചകളും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ സൂചികകളെ സ്വാധീനിച്ചു. വിദേശ ഫണ്ടുകൾ തുടർച്ചയായ വില്പന നടത്തിയപ്പോൾ ആഭ്യന്തര ഫണ്ടുകളുടെ ക്രമമായ ഇടപെടലാണ് കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയെ താങ്ങിയത്. 

ഡിഫൻസ്, മാനുഫാക്ച്ചറിങ്, റിയൽറ്റി 
ഡിഫൻസ് റാലിയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയുടെ മുഖമുദ്രയെങ്കിലും മാനുഫാക്ച്ചറിങ്, റിയൽ എസ്റ്റേറ്റ് സെക്ടറുകളും നിക്ഷേപകർക്ക് മികച്ച നേട്ടമാണ് നൽകുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ റിയൽറ്റി സെക്ടർ ഈ വർഷവും മികച്ച കുതിപ്പാണ് തുടരുന്നത്. റെയിൽ, പവർ, പൊതുമേഖല-ഇടത്തരം ബാങ്കുകൾ, ഫിനാൻഷ്യൽ ഓഹരികൾ എന്നിവയും പ്രതീക്ഷയിലാണ്. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ പുതിയ മാനുഫാക്ച്ചറിങ് ഫണ്ടുകളുടെ ‘എൻഎഫ്ഓ’കളുടെ സ്വീകാര്യത കൂടുതൽ പണം മാനുഫാക്ച്ചറിങ് മേഖലയിലേക്കെത്തിക്കുന്നതും ശ്രദ്ധിക്കുക. 

Stockinvestment

ഫെഡ് മീറ്റിങ്  
മികച്ച റിസൾട്ടിന് പിന്നാലെ 10% ഉയർന്ന ഗൂഗിളിന്റെ നേതൃത്വത്തിൽ നടന്ന ടെക്ക് റാലിയിൽ വെള്ളിയാഴ്ച 2% മുന്നേറിയ നാസ്ഡാക് കഴിഞ്ഞ ആഴ്ചയിലെ നേട്ടം മൂന്നര ശതമാനത്തിലേക്ക് ഉയർത്തി. ഗൂഗിളിനും, മൈക്രോസോഫ്റ്റിനും പിന്നാലെ കൂടുതൽ മികച്ച റിസൾട്ടുകളും ‘ഫെഡ് മീറ്റിങ് ആഴ്ച’യിൽ വിപണിയുടെ രക്ഷയ്ക്കെത്തുമെന്നും വിപണി പ്രതീക്ഷിക്കുന്നു. ഫെഡ് റിസേർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന അമേരിക്കയുടെ പിസിഇ ഡേറ്റ മാർച്ചിൽ അനുമാനങ്ങൾക്കൊപ്പം മാത്രം വളർന്നതും, അമേരിക്കയുടെ ഒന്നാം പാദ ജിഡിപി വളർച്ച പ്രതീക്ഷക്കൊപ്പമെത്താതെ പോയതും ഫെഡ് റിസേർവിനെ കൂടുതൽ വേഗത്തിൽ നിരക്ക് കുറക്കുന്നത് ആരംഭിക്കാൻ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ജൂലൈ മുതൽ തന്നെ ഫെഡ് റിസർവ് നിരക്ക് കുറച്ചു തുടങ്ങുമെന്ന ചർച്ചകൾ വീണ്ടും ആരംഭിച്ചു കഴിഞ്ഞതും വിപണിക്ക് അനുകൂലമാണ്.

Stock-market

യുദ്ധഭീതി ഒഴിയുന്നു 
ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞതും പകരം റിസൾട്ടുകളും, ഡേറ്റകളും കളം നിറഞ്ഞതുമാണ് ലോകവിപണിക്ക് തന്നെ കഴിഞ്ഞ വാരത്തിൽ അനുകൂലമായത്. എങ്കിലും പ്രശ്നങ്ങൾ തീർന്നിട്ടില്ല എന്നതും, പുതിയ ക്രമപ്രശ്നങ്ങൾ മിഡിൽ ഈസ്റ്റിൽ ഉരുത്തിരിയുന്നതും ലോക വിപണി ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. 

ലോക വിപണിയിൽ ഈ ആഴ്ച 
ഏപ്രിൽ മുപ്പതിന് ആരംഭിക്കുന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ നയാവലോകനയോഗം മെയ് ഒന്നിന്, ബുധനാഴ്ച നയപ്രഖ്യാപനം നടത്തുന്നത് ലോകവിപണിക്ക് തന്നെ വളരെ പ്രധാനമാണ്. ഇത്തവണ ഫെഡ് നിരക്കിൽ മാറ്റം വരുത്തിയേക്കില്ലെങ്കിലും ഫെഡ് ചെയർമാന്റെ സൂചനകൾ വിപണിക്ക് പ്രധാനമാണ്. അമേരിക്കയുടെ തൊഴിൽ ലഭ്യതക്കണക്കുകൾ വെളിവാക്കുന്ന ഏപ്രിൽ മാസത്തിലെ നോൺഫാം പേറോൾ കണക്കുകളും, തുടർന്ന് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും വെള്ളിയാഴ്ച പുറത്ത് വരുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.  

A view of the US Federal Reserve in Washington, DC on March 18, 2024. - The Federal Reserve on March 20, 2024 is widely expected to keep interest rates unchanged, but the US central bank will give signals on when it could begin to cut rates. (Photo by Mandel NGAN / AFP)
A view of the US Federal Reserve in Washington, DC on March 18, 2024. - The Federal Reserve on March 20, 2024 is widely expected to keep interest rates unchanged, but the US central bank will give signals on when it could begin to cut rates. (Photo by Mandel NGAN / AFP)

തിങ്കളാഴ്ച ജർമ്മൻ, സ്പാനിഷ് സിപിഐ ഡേറ്റകളും, ചൊവ്വാഴ്ച ഫ്രഞ്ച് സിപിഐ, ജിഡിപി ഡേറ്റകളും, യൂറോ സോൺ, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ് ജിഡിപി ഡേറ്റകളും യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും. ചൊവ്വാഴ്ച ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ജപ്പാന്റെയും, കൊറിയയുടെയും റീറ്റെയ്ൽ വില്പനക്കണക്കുകളും, വ്യവസായികോല്പാദനക്കണക്കുകളും ഏഷ്യൻ വിപണികളെ സ്വാധീനിക്കും. 

ചൊവ്വാഴ്ച ഇന്ത്യയുടെ ധനക്കമ്മി കണക്കുകളും, മാർച്ചിലെ ഇൻഫ്രാസ്ട്രക്ച്ചർ വളർച്ച ഡേറ്റയും പുറത്ത് വരും. വ്യാഴാഴ്ച ഇന്ത്യയുടെ ഏപ്രിൽ മാസത്തിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും പ്രസിദ്ധീകരിക്കും. മിക്ക ലോകവിപണികളും തൊഴിലാളിദിനം ആചരിക്കുന്ന മെയ് ഒന്നിന് മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ വിപണിക്കും അവധിയാണ്. ചൈനീസ് വിപണി തൊഴിലാളിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസവും അടഞ്ഞു കിടക്കും. 

ഓഹരികളും സെക്ടറുകളും 

മാരുതി, എസിസി, ആക്സിസ് ബാങ്ക്, ഇൻഡസ്ഇന്ദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്, ഡിസിബി ബാങ്ക്, ഇക്വിറ്റാസ് ബാങ്ക്, നിപ്പോൺ ലൈഫ്, മഹിന്ദ്ര ഹോളിഡേയ്‌സ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ബജാജ് ഹോൾഡിങ്‌സ്, മോത്തിലാൽ ഒസ്വാൾ, ആദിത്യ ബിർള മണി, തേജസ് നെറ്റ് വർക്ക്, സയിന്റ്, സയിന്റ് ഡിഎൽഎം, അനന്ത് രാജ്, എൽകെപി സെക്യൂരിറ്റീസ്, നെറ്റ് ലിങ്ക് സൊല്യൂഷൻസ്, ആദിത്യ ബിർള മണി, കെപി എനർജി, ഐഇഎൽ ലിമിറ്റഡ്, ജയ് ബാലാജി, എൻകേ വീൽസ് മുതലായ കമ്പനികൾ മുൻ പാദത്തിൽ നിന്നും, മുൻവർഷത്തിൽ നിന്നും വരുമാനത്തിലും അറ്റാദായത്തിലും വളർച്ച കുറിച്ചു.  

share-market

ബേസ് മെറ്റലുകളുടെ വിലക്കയറ്റം ഇന്ത്യൻ മെറ്റൽ ഓഹരികൾക്കും അനുകൂലമാണ്. അമേരിക്കൻ പിസിഇ ഡേറ്റ ക്രമപ്പെടുന്നത് ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷ വീണ്ടും ശക്തമാക്കുന്നത് ലോഹവിലകൾക്ക് വീണ്ടും മുന്നേറ്റം നൽകിയേക്കാം. ഫണ്ടുകൾ നിക്ഷേപം തുടരുന്നത് റെയിൽവേ ഓഹരികൾക്ക് വീണ്ടും മുന്നേറ്റം നൽകി. റിസൾട്ടുകളും, തെരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകകളും റെയിൽവേ ഓഹരികൾക്ക് അനുകൂലമാണ്. ആർവിഎൻഎൽ, ഇർകോൺ, റൈറ്റ്സ് എന്നിവ ശ്രദ്ധിക്കുക. 

ടെസ്‌ലയുടെ ഫാക്ടറിയുമായി ബന്ധപ്പെട്ട് എലോൺ മസ്കിന്റെ ഇന്ത്യയിലേക്കുള്ള വരവ് നീണ്ടത് ഇന്ത്യൻ ഇലക്ട്രിക് വാഹനനിർമാതാക്കൾക്ക് അനുകൂലമാണ്. അതെസമയം വാഹനഘടക നിർമാതാക്കൾക്ക് തിരിച്ചടിയുമാണ്. റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10 ലക്ഷം കോടി രൂപയുടെ വരുമാനവും, ഒരു ലക്ഷം കോടി രൂപയുടെ നികുതിയടക്കമുള്ള ലാഭവും സ്വന്തമാക്കി. നാലാം പാദത്തിൽ വരുമാനം 10% വർദ്ധന കുറിച്ചപ്പോൾ ഓയിൽ വരുമാനത്തിന്റെ പിൻബലത്തിൽ അറ്റാദായത്തിൽ വീഴ്ച വരാതിരുന്നതും ഓഹരിക്ക് അനുകൂലമായി. 

എൽഎൻജിയുടെ രാജ്യാന്തര വ്യാപാരത്തിലേക്ക് കാലൂന്നുന്നത് ഗെയിലിന് അനുകൂലമാണ്. ഇപ്പോൾ ചില ഇന്ത്യൻ കമ്പനികളുടെ വിതരണക്കാരായ കമ്പനി ഭാവിയിൽ മറ്റ് രാഷ്ട്രങ്ങൾക്കായും, രാജ്യാന്തര കമ്പനികൾക്കായും വിതരണം നടത്താനും ഉദ്ദേശിക്കുന്ന ഇന്ത്യൻ ഗ്യാസ് ഭീമൻ 2030-ഓടെ എൽഎൻജി വ്യാപാരവ്യാപ്‌തി ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു.  എൻബിസിസിക്ക് പിന്നാലെ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് അതോറിറ്റിക്കും നവരത്ന പദവി ലഭിച്ചതോടെ നവര്തന പദവിയുള്ള പൊതു മേഖലസ്ഥാപനങ്ങളുടെ എണ്ണം പതിന്നാലായി. നവരത്ന പദവിയുള്ള കമ്പനികൾക്ക് 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ല. 

ഡേറ്റ സെന്ററുകൾ സ്ഥാപിക്കാനായി ബിഎസ്എൻഎല്ലുമായി 15000 കോടി രൂപയുടെ കരാറിലെത്തിയത് ടിസിഎസ്സിന് അനുകൂലമാണ്. ബ്രിട്ടനിലെ പോർട്ട് ടാൽബോയിലുള്ള നാല് ബ്ലാസ്റ്റ് ഫർനസുകളിൽ രണ്ടെണ്ണം പൂട്ടാനല്ല തീരുമാനവുമായി മുന്നോട്ട് പോകുന്ന ടാറ്റ സ്റ്റീൽ ബ്രിട്ടീഷ് സർക്കാരുമായി ചേർന്ന് 1.25 ബില്യൺ പൗണ്ട് ചെലവിൽ പുതിയൊരു ഇലക്ട്രിക് ആർക് ഫർനെസ് നിർമിക്കാനും തീരുമാനമെടുത്തു. തേജസ് നെറ്റ് വർക്ക് മുൻ പാദത്തിൽ നിന്നും വരുമാനം ഇരട്ടിയാക്കിയതിനൊപ്പം അറ്റാദായത്തിൽ മൂന്നിരട്ടിയോളം വർദ്ധനനേടിയതും ഓഹരിക്ക് കുതിപ്പ് നൽകി. 

tata-steel

നാലാം പാദത്തിൽ 362 കോടി രൂപയുടെ റെക്കോർഡ് വരുമാനം സ്വന്തമാക്കിയതിനൊപ്പം അറ്റാദായം ഇരട്ടിയായതും സയിന്റ് ഡിഎൽഎമ്മിന് അനുകൂലമാണ്.  മുൻ സാമ്പത്തിക വർഷത്തിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓർഡർ ബുക്കിൽ 250% വർദ്ധനവുണ്ടായത് എൻബിസിസിക്ക് അനുകൂലമാണ്. പ്രവർത്തനമേഖലകളെ പ്രത്യേക കമ്പനികളായി തിരിക്കാനൊരുങ്ങുന്ന വേദാന്ത, സ്റ്റീൽ വ്യവസായം വിറ്റൊഴിവാകുന്നത് ഓഹരിക്ക് അനുകൂലമാണ്. വോഡഫോൺ-ഐഡിയ 18000 കോടി രൂപ സമാഹരിച്ച ഫോളോ ഓൺ പബ്ലിക് ഓഫറിലെ ഓഹരികൾ വിപണിയിലെത്തിയ ശേഷം ഓഹരിയിൽ അതിഭീമമായ വ്യാപാരമാണ് നടക്കുന്നത്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. പുതിയ ഓൺലൈൻ ഉപയോക്താക്കളെ ചേർക്കുന്നതിൽ നിന്നും, ക്രെഡിറ്റ് കാർഡ് വില്പന നടത്തുന്നതിൽ നിന്നും കൊടക് മഹിന്ദ്ര ബാങ്കിന് ആർബിഐ നിയന്ത്രണമേർപ്പെടുത്തിയത് ഓഹരിക്ക് തിരുത്തൽ നൽകി. മെയ് നാലിനാണ് ബാങ്ക് റിസൾട്ട് പ്രഖ്യാപിക്കുന്നത്. 

vodafone-idea-fpo

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 
അൾട്രാ ടെക്ക്, ടാറ്റ കെമിക്കൽസ്, ട്രെന്റ്, യൂക്കോ ബാങ്ക്, പിഎൻബി ഹൗസിങ്, പൂനവാല ഫിൻകോർപ്, സാറ്റിൻ ക്രെഡിറ്റ്കെയർ, ബിർള സോഫ്റ്റ്, കെപിഐടി ടെക്ക് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. കോൾ ഇന്ത്യ, ഐഓസി, എംആർപിഎൽ, ആർഇസി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോട്ടക്ക് മഹിന്ദ്ര ബാങ്ക്, ടൈറ്റാൻ, ടാറ്റ ടെക്ക്, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ, അംബുജ സിമന്റ്, ഹാവെൽസ്, ബ്ലൂസ്റ്റാർ, കാസ്ട്രോൾ. എക്സൈഡ്, സ്റ്റാർ ഹെൽത്ത്, സോനാ കോംസ്, ഡാബർ, സ്‌കിപ്പർ, ആർകെ ഫോർജ്, ജെബിഎം ഓട്ടോ, കീ ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഐഎഫ്സിഐ മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 
‘വാർ പ്രീമിയം’ നഷ്ടമായെങ്കിലും കഴിഞ്ഞ ആഴ്ചയിലും തിരിച്ചു കയറിയ ക്രൂഡ് ഓയിൽ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച 90 ഡോളറിൽ താഴെ വ്യാപാരം അവസാനിപ്പിച്ച ബ്രെന്റ് ക്രൂഡ് ഓയിലിന് ഫെഡ് യോഗതീരുമാനങ്ങളും, പിഎംഐ ഡേറ്റകളും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖറാകണക്കുകളും, മിഡിൽ ഈസ്റ്റിലെ യുദ്ധവാർത്തകളും അടുത്ത ആഴ്ചയിലും നിർണായകമാണ്. 

സ്വർണം 

gold-investment


അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റവും, വാർ പ്രീമിയം നഷ്ടമായതും കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന് രണ്ടര ശതമാനം തിരുത്തൽ നൽകി. വെള്ളിയാഴ്ച 2345 ഡോളറിന് മുകളിൽ ക്ലോസ് ചെയ്ത രാജ്യാന്തര സ്വർണവിലക്ക് അമേരിക്കൻ ബോണ്ട് യീൽഡിന്റെ ചാഞ്ചാട്ടങ്ങളും, ഫെഡ് തീരുമാനങ്ങളും, ഫെഡ് ചെയർമാന്റെ പ്രസ്താവനകളും നിർണായകമാണ്.

Disclaimer: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയ്യാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English Summary:

Stock Market Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com