ADVERTISEMENT

ഒരു വ്യാപാരദിനം നഷ്‌ടമായ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. റെക്കോർഡ് തിരുത്തി മുന്നേറിയ നിഫ്റ്റി ബുധനാഴ്ചത്തെ അവധിക്ക് മുന്നോടിയായി ചൊവ്വാഴ്ച തകർച്ച നേരിട്ടതുപോലെ വെള്ളിയാഴ്ചയും ലാഭമെടുക്കലിൽ തകർന്നു. ലാഭമെടുക്കലിൽ വീണ് ആഴ്ചയിലെ നേട്ടങ്ങൾ കൈവിട്ട് നിഫ്റ്റി വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ മറ്റ് രാജ്യാന്തര വിപണികളെല്ലാം മികച്ച നേട്ടത്തിലാണ് ക്ളോസ് ചെയ്തത്.

മുൻ ആഴ്ചയിൽ 22,419 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 22,794 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ചശേഷം മുന്നേറാനാകാതെ വീണ്ടും ലാഭമെടുക്കലിൽ താഴേക്കുപോയി 22,475 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞയാഴ്ച കൂടുതൽ നേട്ടമുണ്ടാക്കിയ ബാങ്കിങ്, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ് സെക്ടറുകൾ ഉയർന്ന നിരക്കുകളിൽ വെള്ളിയാഴ്ച കൂടുതൽ വില്പന സമ്മർദവും നേരിട്ടു.

share-market

തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് 
പൊതു തിരഞ്ഞെടുപ്പ് ഈ മാസത്തിൽ അവസാനഘട്ടങ്ങളിലേക്ക് എത്തുന്നതിനൊപ്പം നാലാംപാദപ്രഖ്യാപനങ്ങൾ അവസാനിക്കുന്നതും ഇന്ത്യൻ വിപണിയെ കൂടുതൽ സമ്മർദത്തിലാക്കിയേക്കാം. ഓരോ മുന്നേറ്റത്തിലും ഉയർന്ന മൂല്യങ്ങളിലും ‘മിന്നൽ’ ലാഭമെടുക്കലുകൾ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ‘സാധാരണ’മായേക്കാമെന്നത് ദീർഘകാല നിക്ഷേപരെ സംബന്ധിച്ച് വെല്ലുവിളിയും അതേസമയം അവസരവുമാണ്.

മികച്ച അമേരിക്കൻ സാധ്യതകൾ

മികച്ച അമേരിക്കൻ ടെക്ക് റിസൾട്ടുകളും ഫെഡ് നിരക്ക് ‘കുറക്കൽ സാധ്യത’യും അമേരിക്കൻ വിപണിയെ കൂടുതൽ ആകർഷകമാക്കുന്നത് ഇന്ത്യൻ വിപണിയടക്കമുള്ള എമേർജിങ് വിപണികളിൽനിന്നും അമേരിക്കൻ ഫണ്ടുകളുടെ പിന്മാറ്റം വേഗത്തിലാക്കിയേക്കാം. നവംബറിലെ അമേരിക്കൻ തിരഞ്ഞെടുപ്പിന് മുൻപായി ഫണ്ട് വീണ്ടും അമേരിക്കൻ തീരം വിട്ടേക്കും.

ഫെഡ് നിരക്ക്– ഇത്തവണയും പലിശ നിരക്ക് 5.50%ൽ തന്നെ നിലനിർത്തിയ അമേരിക്കൻ ഫെഡ് റിസർവ് ഇനിയും നിരക്ക് വർധനക്ക് മുതിർന്നേക്കുമെന്ന വിപണി ഭയത്തെ തള്ളിയത് കഴിഞ്ഞവാരം ലോക വിപണിക്ക് അനുകൂലമായിരുന്നു. എങ്കിലും ഫെഡ് നിരക്ക് കൂടുതൽ കാലത്തേക്ക് ഉയർന്നുതന്നെ നിലനിർത്തിയേക്കുമെന്ന ഫെഡ് ചെയർമാന്റെ സൂചന ലോകവിപണിയുടെ ആവേശം തണുപ്പിച്ചെങ്കിലും അമേരിക്കൻ തൊഴിൽവിപണിയുടെ ശോഷണം വിപണിക്ക് വീണ്ടും ഉണർവേകി. കൂടാതെ വരും മാസങ്ങളിലെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളുടെയും തൊഴിൽ വിവരക്കണക്കുകളുടെയും വിപണിപ്രാമുഖ്യം വർദ്ധിക്കുകയും ചെയ്തു.

Image Credit:Reuters

വെള്ളിയാഴ്ച വന്ന നോൺഫാം പേറോൾ കണക്കുകൾ പ്രകാരം ഏപ്രിലിൽ അമേരിക്കയിലെ തൊഴിൽ ലഭ്യതയിലുണ്ടായ കുറവ് ഫെഡ് റിസർവിനെ പരമാവധി നേരത്തെ നിരക്ക് കുറയ്ക്കാൻ നിർബന്ധിക്കുമെന്ന ധാരണയും വെള്ളിയാഴ്ച ആപ്പിളിന്റെ മികച്ച റിസൾട്ടിനൊപ്പം അമേരിക്കൻ വിപണിയുടെ കുതിപ്പിന് കാരണമായി. വെള്ളിയാഴ്ച നാസ്ഡാക് 2% മുന്നേറിയപ്പോൾ എസ്&പിയും ഡൗ ജോൺസും യഥാക്രമം 1.26% വും 1.18% വും നേട്ടമുണ്ടാക്കി.

അമേരിക്കൻ ടെക്ക് റിസൾട്ടുകൾ– ടെക്ക് ഭീമന്മാരായ ഗൂഗിളിനും മൈക്രോസോഫ്റ്റിനും ടെസ്‌ലയ്ക്കും പിന്നാലെ ആപ്പിളും മികച്ച റിസൾട്ട് പ്രഖ്യാപിച്ചതോടെ അമേരിക്കൻ വിപണിയും ലോക ടെക്ക്-സെക്ടറും വലിയ പ്രതീക്ഷയിലാണ്. വിപണിപ്രതീക്ഷ മറികടന്ന രണ്ടാംപാദഫലപ്രഖ്യാപനം നടത്തിയ ആപ്പിൾ ഓഹരി തിരികെവാങ്ങൽ പ്രഖ്യാപിച്ചതും ഐഫോണിന്റെ പ്രധാനവിപണിയായ ചൈനയിൽ ഭയന്നതുപോലെ വിൽപ്പന നഷ്ടമുണ്ടായില്ലെന്നതും ടെക് സെക്ടറിന്റെ തിരിച്ചുവരവിനും അടുത്ത കുതിപ്പിനും വഴിവെച്ചേക്കാമെന്നും കരുതുന്നു.

Image:Shutterstock/Bro Crock
Image:Shutterstock/Bro Crock

ലോകവിപണിയിൽ അടുത്ത ആഴ്ച

∙ പ്രധാന ഡേറ്റകളൊന്നുമില്ലാത്ത അടുത്തയാഴ്ച ഏണിങ് റിപ്പോർട്ടുകളാകും അമേരിക്കൻ വിപണിയെ പ്രധാനമായും നയിക്കുക. അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും വരും ആഴ്ചകളിലും അമേരിക്കൻ വിപണിക്കൊപ്പം ലോകവിപണിയെയും സ്വാധീനിക്കും.

∙ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നയാവലോകനതീരുമാനങ്ങളും പുതിയ പലിശ നിരക്കുകളും വ്യാഴാഴ്ചയും ബ്രിട്ടീഷ് ജിഡിപിയും വ്യാവസായികോൽപാദനവും അടക്കമുള്ള വെള്ളിയാഴ്ചയും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.

∙ ചൈനയുടെ കയറ്റുമതിക്കണക്കുകൾ വ്യാഴാഴ്ചയും പണപ്പെരുപ്പക്കണക്കുകൾ ശനിയാഴ്ചയും പുറത്ത് വരുന്നു.

A person reads a newspaper outside the Bank of England in the City of London financial district in London, Britain (File Photo). REUTERS/Henry Nicholls//File Photo
A person reads a newspaper outside the Bank of England in the City of London financial district in London, Britain (File Photo). REUTERS/Henry Nicholls//File Photo

∙ എച്ച്എസ്ബിസി അവതരിപ്പിക്കുന്ന ഇന്ത്യയുടെ സർവീസ് പിഎംഐ ഡേറ്റ തിങ്കളാഴ്ചയും ഇന്ത്യയുടെ വ്യാവസായികോൽപാദനകണക്കുകൾ വെള്ളിയാഴ്ചയും പുറത്തുവരും.

ഓഹരികളും സെക്ടറുകളും

∙ ട്രെന്റ്, അൾട്രാ ടെക്ക്, അദാനി പോർട്സ്, റെയ്മണ്ട്, ആർഇസി, ഹാവെൽസ്, ഐനോക്സ് വിൻഡ് ലിമിറ്റഡ്, ഐനോക്സ്, വിൻഡ് എനർജി ലിമിറ്റഡ്, റാണെ ബ്രേക്ക് ലൈനിങ്, ആർകെ ഫോർജിങ്, സ്കിപ്പർ, ഒമാക്സ് ഓട്ടോ, ജെബിഎം ഓട്ടോ, പൂനവാല ഫിൻകോർപ്പ്, പിഎൻബി ഹൗസിങ്, ആപ്റ്റസ് വാല്യൂ ഹൗസിങ്, ജന സ്‌മോൾ ഫിനാൻസ്, ജിയോജിത് മുതലായ കമ്പനികളും കഴിഞ്ഞയാഴ്ച മികച്ച നാലാംപാദ വരുമാന-ലാഭ വളർച്ചകൾ റിപ്പോർട്ട് ചെയ്തു.

∙ ഇന്ത്യയുടെ മൊത്തം 442 ജിഗാവാട്ട് എനർജി ഉൽപാദനത്തിന്റെ 33% (144 ജിഗാവാട്ട്) റിന്യൂവബിൾ എനർജിയിൽ നിന്നുമായത് താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതോൽപാദനത്തെ ആദ്യമായി കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 50 %ലത്തിൽ താഴെയെത്തിച്ചിരുന്നു. ഇത് റിന്യൂവബിൾ എനർജി ഓഹരികൾക്ക് അനുകൂലമാണ്.

∙ 2023-24 സാമ്പത്തിക വർഷത്തിൽ റിന്യൂവബിൾ എനർജിയിൽ നിന്നുമുള്ള വൈദ്യുതി ഉൽപാദനം 81% വർധിച്ചതും വിൻഡ് എനർജിയിൽ നിന്നുമുള്ള വൈദ്യുതി ഉൽപാദനം 3.3 ജിഗാവാട്ടിലേക്ക് ഉയർന്നതും വിൻഡ് എനർജി ഓഹരികൾക്കും അനുകൂലമാകും.

∙ ഇന്ത്യൻ ഇലക്ട്രോണിക്സ് സെക്ടറിന്റെ വളർച്ച 18-20% നിരക്കിൽ നിന്നും 40%ലേക്ക് എത്തിക്കാനുള്ള സർക്കാർ ശ്രമങ്ങളും ഇന്ത്യയ്ക്കാവശ്യമായ ഘടകനിർമാണങ്ങൾ ചൈനയിൽനിന്നും തിരിച്ചുകൊണ്ട് വരാനുള്ള ശ്രമങ്ങളും ഇന്ത്യൻ ഇലക്രോണിക്സ് മേഖലയുടെ കുതിപ്പിന് വഴിയൊരുക്കും. ഇലക്ട്രോണിക്സ് നിർമാണ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

sensex-575

∙ ഏപ്രിലിലെ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ അനുമാനത്തിനൊപ്പമെത്തിയില്ലെങ്കിലും 58.8 കുറിച്ചത് മാനുഫാക്ച്ചറിങ് സെക്ടറിന് അനുകൂലമാണ്.

∙ ഏപ്രിലിലെ മികച്ച വിൽപ്പന സംഖ്യകൾ ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് കഴിഞ്ഞയാഴ്ച മുന്നേറ്റം നൽകി. മികച്ച മുന്നേറ്റം നേടിയ ടാറ്റ മോട്ടോർസ് പിന്നീട് ലാഭമെടുക്കലിൽ വീണപ്പോൾ കഴിഞ്ഞയാഴ്ച അശോക് ലൈലാൻഡ് 13% മുന്നേറ്റം നേടി.

∙ മൂന്നുവർഷമായി കുതിപ്പ് തുടരുന്ന ആഡംബര ഭവനനിർമാണ മേഖല റെക്കോർഡുകൾ തിരുത്തി മുന്നേറുന്നത് ഇന്ത്യൻ റിയൽറ്റി സെക്ടറിന്  അനുകൂലമാണ്. കണക്കുകൾ പ്രകാരം മുംബൈ, പുണെ, ബെംഗളൂരു, ഡൽഹി നഗരങ്ങളുടെ ഭവനനിർമാണ വളർച്ച ഇരട്ട അക്കത്തിലാണെന്നത് സെക്ടറിനെ കൂടുതൽ ശക്തമാക്കുന്നു.

∙ ഗോദ്‌റെജ്‌ ഗ്രൂപ്പിന്റെ ആസ്തികൾ പങ്കിടുന്നതിൽ തീരുമാനമായത് ഗോദ്‌റെജ്‌ ഗ്രൂപ്പ് ഓഹരികൾക്ക് അനുകൂലമാണ്.

∙ ജർമൻ കമ്പനിയുടെ മിഡിൽ ഈസ്റ്റിലെ ഉപകമ്പനിയുമായി റെയിൽവേ സിഗ്നലിങ് മേഖലയിൽ ധാരണയാകുന്നു എന്ന വാർത്തയുടെ പിൻബലത്തിൽ ഭെൽ പുതിയ ഉയരങ്ങൾ താണ്ടി.

∙ ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പ ഉൽപ്പന്നങ്ങളുടെ മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ആർബിഐ ഒഴിവാക്കിയത് ഓഹരിക്ക് വെള്ളിയാഴ്ച മുന്നേറ്റം നൽകി.

∙ ഐനോക്സ് വിൻഡ് ലിമിറ്റഡ് മുൻപത്തേതിൽ നിന്നും അറ്റാദായം വർദ്ധിപ്പിച്ചപ്പോൾ ഐനോക്സ് വിൻഡ് എനർജി ലിമിറ്റഡ് ആദ്യമായി നാലാപാദത്തിൽ ലാഭം  റിപ്പോർട്ട് ചെയ്തു. ഇരുകമ്പനികളുടെയും വരുമാനത്തിലും വളർച്ച റിപ്പോർട്ട് ചെയ്തത് ഇരു ഓഹരികൾക്കും അനുകൂലമാണ്.

∙ ജിയോജിത് മുൻവർഷത്തിൽ നിന്നും 77% വർദ്ധനവോടെ 50 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കിയത് ഓഹരിക്ക് മുന്നേറ്റം നൽകി.

∙ വിൽപ്പനയിൽ മുൻവർഷത്തേതിനേക്കാൾ ഇരട്ടിയിലധികം വളർച്ചയുണ്ടായതിനെത്തുടർന്ന് അതുൽ ഓട്ടോ 12% മുന്നേറി. കഴിഞ്ഞ ഏപ്രിലിൽ 715 വാഹനങ്ങൾ വിറ്റ സ്ഥാനത്ത് 1,692 വാഹനങ്ങളാണ് ഇത്തവണ കമ്പനി വിറ്റഴിച്ചത്.

∙ വരുമാനത്തിൽ ക്രമാനുഗതമായ വളർച്ച കുറിച്ച സൗത്ത്  ഇന്ത്യൻ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,070 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി. എങ്കിലും മുൻപാദത്തിൽ നിന്നും മുൻവർഷത്തിൽ നിന്നും കഴിഞ്ഞ പാദത്തിൽ വളർച്ചയുണ്ടാകാത്തത് ഓഹരിക്ക് തിരിച്ചടിയായി. ഓഹരി തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം.

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ

ഗോദ്‌റെജ്‌ കൺസ്യൂമർ, ലുപിൻ, ഗുജറാത്ത് ഗ്യാസ്, ബോംബെ ഡയിങ്, സിജി പവർ, ഡിസിഎം ശ്രീറാം, മുതലായ ഓഹരികളും തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ബിപിസിഎൽ, ഹിന്ദ് പെട്രോ, കാനറാ ബാങ്ക്, എൽ&ടി, ഏഷ്യൻ പെയിന്റ്സ്, ഹീറോ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, വോൾട്ടാസ്, സിപ്ല, എബിബി,  ജെഎസ്ഡബ്ലിയു എനർജി, കെഇസി, പിഡിലിറ്റ്, എസ്ആർഎഫ്, ജിൻഡാൽ സൊ, യൂബിഎൽ, സെഞ്ചുറി ടെക്സ്, റാണെ എഞ്ചിൻ, ഐആർബി ഇൻഫ്രാ, സുല, ക്യാമ്സ്, ഡിലിങ്ക് മുതലായ കമ്പനികളും അടുത്തയാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ

അമേരിക്കൻ ജിഡിപി വീഴ്ചയും അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിലെ വളർച്ചയും തളർത്തിയ ക്രൂഡ് ഓയിലിന് വെള്ളിയാഴ്ച വന്ന അമേരിക്കയുടെ തൊഴിൽവിവരക്കണക്കുകൾ മോശമായതും തിരിച്ചടിയായി. കഴിഞ്ഞ വാരത്തിൽ 6% ആഴ്ചനഷ്ടം കുറിച്ച ബ്രെന്റ് ക്രൂഡ് ഓയിൽ 83 ഡോളറിൽ താഴെയാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.

സ്വർണം

Gold-ornament1

അമേരിക്കൻ നോൺഫാം പേറോൾ ഡേറ്റയിലെ വീഴ്ച അമേരിക്കൻ ബോണ്ട് യീൽഡിനും വെള്ളിയാഴ്ച 1%ൽ കൂടുതൽ ഇടിവ് നൽകിയത് ഓഹരി വിപണിക്കൊപ്പം സ്വർണത്തിനും അനുകൂലമാണ്. വെള്ളിയാഴ്ചത്തെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തിയ രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനത്തിൽ കൂടുതൽ നഷ്ടവും കുറിച്ചു.

ഐപിഒ

ഡിജിറ്റൽ ലൈഫ് സയൻസ് കമ്പനിയായ ഇൻഡിജീനിന്റെ ഐപിഒ തിങ്കളാഴ്ച ആരംഭിച്ച് മേയ് എട്ടിന് അവസാനിക്കുന്നു. ഓഹരിയുടെ ഐപിഒ വില 430-452 രൂപ നിരക്കിലാണ്.

ടിബിഒ ടെക്ക്, ആധാർ ഹൗസിങ് ഫിനാൻസ് എന്നിവയുടെ ഐപിഒകൾ ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ചയും അവസാനിക്കുന്നു.

Disclaimer : ഓഹരിവിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയ്യാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com