ADVERTISEMENT

മാസത്തവണകളായോ ഒറ്റയടിക്ക് മുഴുവനായോ ഒക്കെയാണ് പൊതുവെ ലോണുകളിലെ തിരിച്ചടവെങ്കിൽ ക്രെഡിറ്റ് കാർഡുകളിലെ തിരിച്ചടവിനു മാത്രം ഒരു പ്രത്യേകതയുണ്ട്. അടയ്ക്കേണ്ട മുഴുവൻ തുകയ്ക്കു പകരം മിനിമം തുക മാത്രം അടച്ചാലും മതി.  ഇങ്ങനെ മുഴുവൻ തുകയ്ക്കു പകരം അടയ്ക്കാവുന്ന കുറഞ്ഞ തുകയെ മിനിമം ഡ്യൂ തുക എന്നാണു പറയുന്നത്. ബിൽ തുകയുടെ അഞ്ചു മുതൽ പത്തു ശതമാനം വരെയാണ് മിനിമം ഡ്യൂ ആയി ബാങ്കുകൾ പൊതുവെ കണക്കാക്കാറ്. അതായത്, 12,000 രൂപയാണ് ഒരു മാസത്തെ ക്രെഡിറ്റ് കാർഡ് ബില്ലെങ്കിൽ 600 മുതൽ 1,200 രൂപ വരെയായിരിക്കും മിനിമം ഡ്യൂ തുക.

ഇത്തരത്തിൽ മിനിമം ഡ്യൂ തുക അടച്ചുള്ള ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

മിനിമം ഡ്യൂവിന്റെ ഗുണങ്ങൾ

∙ ബിൽ തുക മുഴുവനായി അടയ്ക്കാതിരിക്കുമ്പോൾ സിബിൽ സ്കോർ മോശമാവുന്ന സാഹചര്യം മിനിമം ഡ്യൂ തുക അടയ്ക്കുന്നതിലൂടെ ഒഴിവാക്കാം. 

∙ മിനിമം ഡ്യൂ  അടച്ചാൽ നിയമപരമായി അടയ്ക്കേണ്ട തുകയുടെ കുറച്ചെങ്കിലും അടച്ചുവെന്നു പരിഗണിച്ച് ലേറ്റ് പേയ്മെന്റ് ഫീ ഈടാക്കില്ല.

∙ ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതിനു കരുതിയ തുക അത്യാവശ്യ സന്ദർഭങ്ങളിൽ മറ്റാവശ്യങ്ങൾക്ക് ചെലവിടാൻ സാധിക്കുന്നു.

മിനിമം തുക മാത്രം അടയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ

∙ പലിശഭാരം പലമടങ്ങാവും: പൊതുവെ 45 മുതൽ 50 ദിവസം വരെ പലിശയില്ലാതെ ക്രെഡിറ്റ് ലഭിക്കുന്നു എന്നതാണ് ക്രെഡിറ്റ് കാർഡുകളുടെ പ്രത്യേകത. എന്നാൽ മിനിമം ഡ്യൂ മാത്രം അടയ്ക്കുകയാണെങ്കിൽ തുടർന്നുള്ള പർച്ചേയ്സുകൾക്ക് ഈ പലിശരഹിത കാലയളവ് ലഭിക്കുന്നതല്ല. പർച്ചേയ്സ് നടത്തുന്ന ദിവസം മുതൽ തന്നെ പലിശ ഈടാക്കിത്തുടങ്ങുമെന്ന് അർഥം. മുഴുവൻ തുകയും അടച്ചതിനു ശേഷം മാത്രമേ പലിശരഹിത കാലയളവ് വീണ്ടും ലഭ്യമാവുകയുള്ളൂ. 30 ശതമാനത്തിനു മുകളിലാണ് പല ക്രെഡിറ്റ് കാർഡുകളുടെയും പലിശനിരക്കെന്നതിനാൽ പലിശഭാരം താങ്ങാവുന്നതിനും അപ്പുറമായേക്കാം.

∙ തുടർച്ചയായി മിനിമം ഡ്യൂ തുക മാത്രം അടയ്ക്കുന്നത് സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. തിരിച്ചടവിൽ വീഴ്ച വരുന്നില്ലെങ്കിലും അടയ്ക്കേണ്ട തുക കൂടിക്കൂടി വരുന്നതുകൊണ്ടും ഇടപാടുകാരന്റെ തിരിച്ചടവു രീതി ‘റിസ്കി’ ആയതുകൊണ്ടും മറ്റുമാണ്  സ്കോർ മോശമായേക്കാവുന്നത്. 

ചുരുക്കിപ്പറഞ്ഞാൽ:

ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലുള്ള മുഴുവൻതുക തന്നെ അടയ്ക്കാൻ ശ്രദ്ധിക്കുക. അത്യാവശ്യത്തിന് വല്ലപ്പോഴും ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും മിനിമം തുക മാത്രം അടച്ചുപോവാമെന്ന പ്രലോഭനം തടഞ്ഞില്ലെങ്കിൽ കടക്കെണിയിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com