ADVERTISEMENT

മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ജിതേഷ് ശർമയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും ഇടംപിടിച്ചു. 2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ട്വന്റി20 മത്സരങ്ങൾ കളിച്ചിരുന്നില്ല.

യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത ഇഷാൻ കിഷനെയും പരുക്കേറ്റ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരെയും പരിഗണിച്ചില്ല. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർക്കും പേസര്‍മാരായ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും സിലക്ടർമാർ വിശ്രമം നൽകി.

ടീം ഇങ്ങനെ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ

ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന സൂചനകൾ ശരിവച്ചാണ് ഇവരെ ഉൾപ്പെടുത്തിയത്. പരമ്പരയില്‍ കളിക്കാനുള്ള സന്നദ്ധത ഇരുവരും ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചറിയുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും ട്വന്റി20 ടീമില്‍ തിരിച്ചെത്തി.

അതേസമയം ഈ മാസം 11ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ അഫ്ഗാനിസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇബ്രാഹിം സദ്രാൻ നയിക്കുന്ന ടീമിൽ മുജീബ് ഉർ റഹ്‌മാൻ, മുഹമ്മദ് നബി, നവീൻ ഉൽ ഹഖ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇടം നേടിയിട്ടുണ്ട്. പരുക്കിൽനിന്ന് മോചിതനാവാത്ത സ്പിന്നർ റാഷിദ് ഖാന് പരമ്പര നഷ്ടമാകും. 19 അംഗ സംഘത്തെയാണ് നിലവിൽ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 14നും മൂന്നാം മത്സരം 17നും നടക്കും.

English Summary:

India Squad for Afghanistan T20Is Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com