ADVERTISEMENT

ഹൈദരാബാദ് ∙ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 278 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസ് പൊരുതി കീഴടങ്ങി. സൺറൈസേഴ്സിനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇറങ്ങിയ മുംബൈയുടെ ഇന്നിങ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ അവസാനിച്ചു. 31 റൺസിനാണ് ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയം. 34 പന്തിൽ 64 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ ടോപ് സ്കോറർ. ജയത്തോടെ സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് – 20 ഓവറിൽ 3ന് 277, മുംബൈ ഇന്ത്യൻസ് 20 ഓവറിൽ‍ 5ന് 246.

മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷനും രോഹിത് ശർമയും ചേർന്ന് മിന്നുന്ന തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. 3.2 ഓവറിൽ 56 റൺസ് നേടിയാണ് ആദ്യ വിക്കറ്റ് പിരിഞ്ഞത്. 13 പന്തിൽ 34 റൺസ് നേടിയ ഇഷാന്‍ എയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകി മടങ്ങി. 12 പന്തിൽ 26 റൺസ് നേടിയ രോഹിത് ശർമയെ പാറ്റ് കമിൻസ് കൂടാരം കയറ്റി. മൂന്നാമനായി ക്രീസിലെത്തിയ നമൻ ധിർ തകർത്തടിച്ചെങ്കിലും വ്യക്തിഗത സ്കോർ 30ൽ നിൽക്കേ കമിൻസു ക്യാച്ച് നല്‍കി മടങ്ങി. 11–ാമത്തെ ഓവറിൽ ടീം സ്കോർ 150 കടത്തിയാണ് താരം മടങ്ങിയത്.

34 പന്തിൽ 64 റൺസ് നേടിയ തിലക് വർമ വമ്പനടികളുമായി കളം നിറഞ്ഞു. 6 സിക്സും 2 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 20 പന്തിൽ 24 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ ടിം ഡേവിഡും (22 പന്തിൽ 42) റൊമാരിയോ ഷെപേർഡും (6 പന്തിൽ 15) വമ്പനടികൾ പുറത്തെടുത്തെങ്കിലും 246ൽ ലക്ഷ്യത്തിനു 32 റൺസ് അകലെ ഇന്നിങ്സ് അവസാനിച്ചു. സൺറൈസേഴ്സിനു വേണ്ടി പാറ്റ് കമിൻസും ജയദേവ് ഉനദ്കതും 2 വിക്കറ്റുവീതം പിഴുതു.

∙ റെക്കോർഡ് കുറിച്ച് സൺറൈസേഴ്സ് 

ഓപ്പണര്‍ ട്രാവിസ് ഹെഡും അഭിഷേക് ശർമയും തുടങ്ങിവച്ച വെടിക്കെട്ട് ബാറ്റിങ് അവസാന ഓവറുകളിൽ ഹെൻറിച് ക്ലാസൻ ഏറ്റെടുത്തതോടെയാണ് മുംബൈ ഇന്ത്യൻസിനു മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദ് പടുകൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. മൂവരും ഹൈദരാബാദിനായി അർധ ശതകം കണ്ടെത്തി. 34 പന്തിൽ 80 റൺസ് നേടിയ ക്ലാസനാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഐപിഎലിലെ എക്കാലത്തെയും ഉയർന്ന സ്കോറായ 277 റൺസാണ് സൺറൈസേഴ്സ് അടിച്ചുകൂട്ടിയത്! 19 ഫോറും 18 സിക്സുമാണ് ഹൈദരാബാദ് ഇന്നിങ്സിൽ പിറന്നത്. 2013ൽ പുണെ വാരിയേഴ്സിനെതിരേ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 5 വിക്കറ്റ് നഷ്ടത്തിൽ നേടിയ 263 റൺസാണ് പഴങ്കഥയായത്.

ടോസ് നഷ്ടമായെങ്കിലും ബാറ്റിങ്ങിന് കിട്ടിയ അവസരം മുതലാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് സൺറൈസേഴ്സ് താരങ്ങൾ ക്രീസിലെത്തിയത്. അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ മയാങ്ക് അഗർവാളിനെ (11) നഷ്ടമായെങ്കിലും ഇതിനകം അവർ 45 റൺസ് നേടിയിരുന്നു. പിന്നാലെയിറങ്ങിയ അഭിഷേക് ശർമ ട്രാവിസ് ഹെഡിനൊപ്പം തകർത്തടിച്ചതോടെ സ്കോർ കുത്തനെ ഉയർന്നു. 24 പന്തിൽ 9 ഫോറും 3 സിക്സും സഹിതം 62 റൺസ് നേടിയ ഹെഡ് 8–ാം ഓവറിൽ നമൻ ധിറിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ടീം സ്കോർ 100 കടത്തിയാണ് ഹെഡ് മടങ്ങിയത്. 

23 പന്തിൽ 3 ഫോറും 7 സിക്സിന്റെയും അകമ്പടിയോടെ 63 റൺസ് നേടിയ അഭിഷേക് ശർമയായിരുന്നു കൂടുതൽ അപകടകാരി. പിയുഷ് ചൗളയെറിഞ്ഞ 11–ാം ഓവറിലാണ് താരം പുറത്തായത്. എന്നാൽ അവിടെ നിർത്താൻ സൺറൈസേഴ്സ് ഒരുക്കമായിരുന്നില്ല. പ്രോട്ടീസ് ബാറ്റർമാരായ എയ്ഡൻ മാർക്രവും ഹെൻറിച് ക്ലാസനും ചേർന്ന് 15–ാം ഓവറിൽ ടീം സ്കോർ 200 കടത്തി. അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്കോർ 250 കടന്നു. 34 പന്തിൽ 4 സിക്സും 7 ഫോറും ഉൾപ്പെടെയാണ് ക്ലാസൻ 80 റണ്‍സ് കണ്ടെത്തിയത്. മാർക്രം 28 പന്തിൽ 42 റൺസ് നേടി. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 പന്തിൽ 116 റൺസാണ് കൂട്ടിച്ചേർത്തത്.

പ്ലേയിങ് ഇലവൻ


സൺറൈസേഴ്സ് ഹൈദരാബാദ് – ട്രാവിസ് ഹെഡ്, മയാങ്ക് അഗർവാൾ, അഭിഷേക് ശർമ, എയ്ഡൻ മാര്‍ക്രം, ഹെൻറിച് ക്ലാസൻ, അബ്ദുൽ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമിൻസ്, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ജയദേവ് ഉനദ്കത്.
മുംബൈ ഇന്ത്യൻസ് – ഇഷാൻ കിഷൻ, രോഹിത് ശർമ, നമൻ ധിർ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, ജെറാൾഡ് കോട്സീ, ഷംസ് മുലാനി, പിയുഷ് ചൗള, ജസ്പ്രിത് ബുമ്ര, ന്യൂന മഫാക.

English Summary:

Mumbai Indians vs Sunrisers Hyderabad Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com