ADVERTISEMENT

ഹൈദാബാദ് ∙ ടർഫുകളില്‍ നടക്കുന്ന സോഫ്റ്റ് ബോൾ ക്രിക്കറ്റ് മത്സരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – മുംബൈ ഇന്ത്യൻസ് ഐപിഎൽ പോരാട്ടം. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദും മറുപടിയിൽ മുംബൈയും ബോളർമാരെ കശാപ്പു ചെയ്തു. സൺ‌റൈസേഴ്സ് ഉയർത്തിയ 278 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ മത്സരത്തിന്റെ പലഘട്ടത്തിലും റെക്കോർഡ് സ്കോർ മറികടക്കുമെന്ന പ്രതീതി ഉയർത്തുകയും ചെയ്തു. എന്നാല്‍ 246 റൺസിൽ അവരുടെ ഇന്നിങ്സ് അവസാനിച്ചു.

ഇതിനിടെ മത്സരത്തിന്‍റെ പലഘട്ടത്തിലും ടീം ഉടമകളുടെ ഭാവങ്ങളും ക്യാമറ ഒപ്പിയെടുത്തു. ആദ്യ പത്തോവറിൽ മുംബൈ 141 റൺസ് അടിച്ചെടുത്തതോടെ മത്സരത്തിന്റെ ഗതി എങ്ങോട്ടാകുമെന്ന ആശങ്ക ഇരു ക്യാംപുകളിലും ഉയർന്നു. 14 പന്തിൽ 30 റൺസെടുത്ത നമൻ ധിർ 11–ാം ഓവറിൽ പുറത്തായെങ്കിലും തിലക് വർമ ഒരറ്റത്ത് നിലയുറപ്പിച്ച് വെടിക്കെട്ട് തുടർന്നതോടെ ഹൈദരാബാദിന് സമ്മർദമേറി. ടീമിന്റെ സഹഉടമ കാവ്യ മാരൻ ആശങ്കയോടെ ഇരിക്കുന്ന കാഴ്ചയും ക്യാമറയിൽ പതിഞ്ഞു.

34 പന്തിൽ 64 റൺസ് നേടിയ തിലക് വർമ പാറ്റ് കമിൻസ് എറിഞ്ഞ 15–ാം ഓവറിലാണ് പുറത്തായത്. കാവ്യ മാരൻ ഈ വിക്കറ്റു നേട്ടം ആഘോഷിച്ചത് തുള്ളിച്ചാടിക്കൊണ്ടാണ്. സമൂഹമാധ്യമങ്ങളും വൻ ആഘോഷത്തോടെയാണ് ഈ ദൃശ്യം ഏറ്റെടുത്തത്. ഹൈദരാബാദിന്റെ ജയം ഉറപ്പിച്ച ആ വിക്കറ്റ് വീണതോടെ ‘ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. അതേസമയം നിരാശ നിറഞ്ഞ മുംബൈ ഡഗ് ഔട്ടിൽ തലകുനിച്ച് ഇരിക്കുന്ന ടീം ഉടമ നിത അംബാനിയുടെയും മകൻ ആകാശിന്റെയും ചിത്രവും പുറത്തുവന്നു. നിത ഹാർദിക് പാണ്ഡ്യയുടെ കോൺട്രാക്ടിൽ പറഞ്ഞിരിക്കുന്ന ‘പ്രൊബേഷൻ പിരിയഡ്’ പരിശോധിക്കുകയാണെന്നുവരെ ട്രോളുയർന്നു.

മത്സരത്തിൽ 31 റൺസിനാണ് സൺറൈസേഴ്സ് ജയം സ്വന്തമാക്കിയത്. തോൽവിയോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായി. പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്കു നേരെയുള്ള വിമർശനവും ശക്തി പ്രാപിച്ചു. മത്സരത്തിന്റെ പൂർണ നിയന്ത്രണം സൺറൈസേഴ്സ് ബാറ്റർമാർ ഏറ്റെടുത്തതോടെ നിർണായക തീരുമാനങ്ങൾക്ക് ഹാർദിക് മുൻ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ സഹായം തേടുന്ന കാഴ്ചയ്ക്കും കഴിഞ്ഞ മത്സരം സാക്ഷിയായി. 

English Summary:

"Happiest Person In The World": Kavya Maran's Reaction Viral As SRH Thrash MI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com