ADVERTISEMENT

ലക്നൗ ∙ കുൽദീപ് യാദവിന്റെ സ്പിൻ ചുഴലിയിൽ നിലതെറ്റി വീണ ലക്നൗവിനെ ഡൽഹി ബാറ്റർമാർ അടിച്ചൊതുക്കി. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ലക്നൗ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തപ്പോൾ 18.1 ഓവറിൽ ഡൽഹി ലക്ഷ്യം കണ്ടു. ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ അർധ സെ‍ഞ്ചറി നേടിയ ഓസ്ട്രേലിയൻ യുവതാരം ജെയ്ക് ഫ്രേസർ മക്കർഗിന്റെ ബാറ്റിങ്ങാണ് (35 പന്തിൽ 55) ഡൽഹിയുടെ റൺ ചേസ് അനായാസമാക്കിയത്. ക്യാപ്റ്റൻ ഋഷഭ് പന്ത് (24 പന്തിൽ 41), ഓപ്പണർ പൃഥ്വി ഷാ (22 പന്തിൽ 32) എന്നിവരും ഡൽഹി ബാറ്റിങ്ങിൽ തിളങ്ങി. 

സ്കോർ: ലക്നൗ– 20 ഓവറിൽ 7ന് 167. ഡൽഹി– 18.1 ഓവറിൽ 4ന് 170. ബോളിങ്ങിൽ 3 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഡൽഹി സ്പിന്നർ കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദ് മാച്ച്. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലക്നൗവിന്റെ മുൻനിര നിലംപൊത്തിയത് ഖലീൽ അഹമ്മദിന്റെയും (2 വിക്കറ്റ്) കുൽദീപ് യാദവിന്റെയും ബോളാക്രമണങ്ങളിലാണ്.

ക്വിന്റൻ ഡികോക്കിനെയും (19), ദേവ്‍ദത്ത് പടിക്കലിനെയും (3) ഖലീൽ പുറത്താക്കിയപ്പോൾ മാർക്കസ് സ്റ്റോയ്നിസ് (8), നിക്കൊളാസ് പുരാൻ (0), കെ.എൽ.രാഹുൽ (22 പന്തിൽ 39) എന്നീ ബിഗ് 3 വിക്കറ്റുകൾ 7 പന്തുകൾക്കിടെ വീഴ്ത്തിയാണ് കുൽദീപ് ലക്നൗവിനെ തകർത്തത്. 7ന് 94 എന്ന നിലയിൽ നിന്ന് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത് ഏഴാമനായി ബാറ്റിങ്ങിനിറങ്ങി ആയുഷ് ബദോനി നേടിയ അർധ സെഞ്ചറിയാണ് (35 പന്തിൽ 55 നോട്ടൗട്ട്). 

English Summary:

Delhi Capitals won against Lucknow Supergiants in cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com