ADVERTISEMENT

ബെംഗളൂരു ∙ സാധ്യമെങ്കിൽ എല്ലാ പന്തും സിക്സിനു പറത്തുക! ഹൈദരാബാദ് ബാറ്റർമാർ കാണിച്ചു കൊടുത്തത് ബെംഗളൂരു ബാറ്റർമാരും ഏറ്റുപിടിച്ചപ്പോൾ റെക്കോർഡുകൾ കടപുഴകി വീണ് ഐപിഎലിലെ സൺറൈസേഴ്സ്– റോയൽ ചാലഞ്ചേഴ്സ് മത്സരം. ഐപിഎലിലെ ഉയർന്ന ടീം സ്കോർ വീണ്ടും തിരുത്തി ഹൈദരാബാദ് കുറിച്ച 287 റൺസിനു മറുപടിയായി 262 റൺസ് വരെ എത്താൻ ബെംഗളൂരുവിനായി. 41 പന്തിൽ 102 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഹൈദരാബാദിന്റെ വെടിക്കെട്ടിനു തിരികൊളുത്തിയതെങ്കിൽ 35 പന്തിൽ 83 റൺസെടുത്ത ദിനേഷ് കാർത്തിക്കാണ് ബെംഗളൂരുവിന്റെ മാനം കാത്തത്. സ്കോർ: ഹൈദരാബാദ്– 20 ഓവറിൽ 3ന് 287. ബെംഗളൂരു– 20 ഓവറിൽ 7ന് 262.

ക്ലാസ് അടി, മാസ് തിരിച്ചടി 

ഈ സീസണിൽ മുംബൈയ്ക്കെതിരെ തങ്ങൾ നേടിയ 277 റൺസിന്റെ റെക്കോർഡാണ് ഹൈദരാബാദ് തിരുത്തിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനായി ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് തുടക്കമിട്ട വെടിക്കെട്ട് ഏറ്റുപിടിച്ചത് ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസൻ (31 പന്തിൽ 67). 39 പന്തിലാണ് ഹെഡ് തന്റെ കന്നി ട്വന്റി20 സെഞ്ചറി തികച്ചത്. ക്ലാസൻ 23 പന്തിൽ അർധ സെഞ്ചറി തികച്ചു. 10 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്ന ഇന്ത്യൻ താരം അബ്ദുൽസമദ് അവസാന വെടിക്കെട്ട് തീർത്തു.

ബെംഗളൂരു ബോളർമാരോട് കുറച്ചെങ്കിലും കനിവു കാണിച്ചത് അഭിഷേക് ശർമയും (22 പന്തിൽ 34) എയ്ഡൻ മാർക്രവും (17 പന്തിൽ 32 നോട്ടൗട്ട്) മാത്രം. മറുപടി ബാറ്റിങ്ങിൽ ഫാഫ് ഡുപ്ലെസിയും (28 പന്തിൽ 62) വിരാട് കോലിയും (20 പന്തിൽ 42) ചേർന്നു നൽകിയ മിന്നൽ തുടക്കം ബെംഗളൂരുവിന് ആവേശമായി. എന്നാൽ 10 ഓവറായപ്പോഴേക്കും 4 വിക്കറ്റുകൾ നഷ്ടമായത് അവർക്കു തിരിച്ചടിയായി.

വമ്പൻ തോൽവിക്കു മുഖാമുഖം നിന്ന ബെംഗളൂരുവിനെ പക്ഷേ ദിനേഷ് കാർത്തിക് ഒറ്റയ്ക്കു തോളിലേറ്റി. 35 പന്തിൽ 5 ഫോറും 7 സിക്സും ഉൾപ്പെടുന്നതാണ് കാർത്തിക്കിന്റെ ഉജ്വല ഇന്നിങ്സ്. ഏറ്റവും കൂടുതൽ റൺസ് പിറന്ന ട്വന്റി20 മത്സരമായി ഇത്. ഇരുടീമുകളും ചേർന്നു നേടിയത് 549 റൺസ്. ഒരു ട്വന്റി20 മത്സരത്തിലെ ബൗണ്ടറികളുടെ എണ്ണത്തിലും (81) സിക്സറുകളുടെ എണ്ണത്തിലും (38) റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.

English Summary:

Sunrisers Hyderabad Smashes Record with Highest IPL Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com