ADVERTISEMENT

ഛണ്ഡിഗഡ്∙ അശുതോഷ് ശർമ, മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകർക്ക് അഭിമാനത്തോടെ ഓർത്തിരിക്കാം ഈ പേര്. പരാജയം ഉറപ്പിച്ച് മത്സരഘട്ടത്തിൽ പ്രതീക്ഷയുടെ ‘പവർ’ പഞ്ചാബ് കിങ്സിനു നൽകിയത് ഈ 25 വയസ്സുകാരനാണ്. അശുതോഷും (28 പന്തിൽ 61), സീസണിലെ മറ്റൊരു താരോദയമായ ശശാങ്ക് സിങ്ങും (25 പന്തിൽ 41) ടീമിനു വേണ്ടി പൊരുതിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. മുംബൈ ഇന്ത്യൻസിനെതിരെ ഒൻപതു റൺസിനാണ് പഞ്ചാബിന്റെ തോൽവി. മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 19.1 ഓവറിൽ 183 റൺസിൽ ഓൾ ഔട്ടായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, ജെറാൾഡ് കോട്‌സെ എന്നിവരടങ്ങിയ ബോളിങ് നിരയാണ് മുംബൈയ്ക്ക് നിർണായക വിജയം സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിൽ, തകർച്ചയോടെയാണ് പഞ്ചാബ് തുടങ്ങിയത്. ആദ്യ മൂന്ന് ഓവറിനുള്ളിൽ തന്നെ പഞ്ചാബിന്റെ നാല് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ സാം കറൻ (7 പന്തിൽ 6), പ്രഭ്സിമ്രാൻ സിങ് (പൂജ്യം) എന്നിവർ ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ തന്നെ പ്രഭ്സിമ്രാനെ ഗോൾഡൻ ഡക്കായി മടക്കി ജെറാൾഡ് കോട്‌സെ പഞ്ചാബിന് ആദ്യ പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ക്യാപ്റ്റൻ സാം കറനെയും റിലീ റോസോവിനെയും (3 പന്തിൽ 1) ജസ്പ്രീത് ബുമ്രയും മടക്കിയതോടെ പഞ്ചാബ് പതറി. പിന്നാലെയത്തിയ ലിയാം ലിവിങ്സ്റ്റനെയും (2 പന്തിൽ 1) എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് കോട്സെ വീഴത്തി.

ജസ്പ്രീത് ബുമ്ര. ചിത്രം: X/IPL
ജസ്പ്രീത് ബുമ്ര. ചിത്രം: X/IPL

അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹർപ്രീത് സിങ് ഭാട്ടിയ (15 പന്തിൽ 13), ശശാങ്ക് സിങ് (25 പന്തിൽ 41) എന്നിവർ‌ ചേർന്നാണ് പഞ്ചാബിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 35 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിൽ ഹർപ്രീതിനെയും പഞ്ചാബിനു നഷ്ടമായി. പിന്നീടെത്തിയ ജിതേഷ് ശർമയ്ക്ക് (9 പന്തിൽ 9) കാര്യമായി ഒന്നും ചെയ്യാനായില്ല. ഏഴാം വിക്കറ്റിൽ ശശാങ്ക്– അശുതോഷ് സഖ്യം ഒന്നിച്ചതോടെയാണ് മത്സരത്തിലേക്കു പഞ്ചാബ് തിരിച്ചുവന്നത്.

13–ാം ഓവറിൽ ശശാങ്ക് പുറത്തായശേഷവും അശുതോഷ് വെടിക്കെട്ട് തുടർന്നതോടെ പഞ്ചാബിന് വിജയപ്രതീക്ഷയായി. ഏഴു സിക്സും രണ്ടു ഫോറുമാണ് അശുതോഷിന്റെ ബാറ്റിൽനിന്നു പിറന്നത്. ഉറച്ച പിന്തുണയുമായി ഹർപ്രീത് ബ്രാറും (20 പന്തിൽ 21). എന്നാൽ 18–ാം ഓവറിന്റെ ആദ്യ പന്തിൽ അശുതോഷിനെ പുറത്താക്കി ജെറാൾഡ് കോട്‌സെ വീണ്ടും മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി. അശുതോഷ് പുറത്തായതോടെ പഞ്ചാബ് മത്സരം കൈവിട്ടു. പിന്നീടെത്തിയ ഹർഷൽ പട്ടേൽ (4 പന്തിൽ 1*), കഗീസോ റബാദ (3 പന്തിൽ 8*) എന്നിവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.

∙ ‘സ്കൈ’ മുംബൈ

ആദ്യം ബാറ്റു ചെയ്ത മുംബൈ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. അർധസെഞ്ചറി നേടിയ സൂര്യകുമാർ യാദവ് (53 പന്തിൽ 78), രോഹിത് ശർമ (25 പന്തിൽ 36), തിലക് വർമ (18 പന്തിൽ 34*) എന്നിവരുടെ ഇന്നിങ്സാണ് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്നു വിക്കറ്റും സാം കറൻ രണ്ടു വിക്കറ്റും വീഴ്ത്തി.

ശിഖർ ധവാന്റെ അസാന്നിധ്യത്തിൽ സാം കറൻ തന്നെയാണ് ഇന്നും പഞ്ചാബിനെ നയിച്ചത്. ടോസ് നേടിയ സാം കറൻ, ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ (8 പന്തിൽ 8) പുറത്താക്കി കഗീസോ റബാദ ക്യാപ്റ്റന്റെ തീരുമാനം ശരിവച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത്– സൂര്യകുമാർ സഖ്യം മുംബൈയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 81 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. മൂന്നു സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. രോഹിത് മൂന്നു സിക്സും രണ്ടു ഫോറും പായിച്ചു.

12–ാം ഓവറിൽ രോഹിത്തിനെ പുറത്താക്കി സാം കറനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ തിലക് വർമ സൂര്യയ്ക്ക് മികച്ച കൂട്ടായി. 17–ാം ഓവറിൽ സൂര്യയയെ പുറത്താക്കി സാം കറൻ തന്നെ വീണ്ടും പഞ്ചാബിനു ബ്രേക്ക് ത്രൂ നൽകി. ഹാർദിക് പാണ്ഡ്യ (6 പന്തിൽ 10), ടിം ഡേവിഡ് (7 പന്തിൽ 14), റൊമാരിയോ ഷെപ്പേർഡ് (2 പന്തിൽ 1) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മുംബൈ സ്കോർ 200 കടക്കാതെ സഹായിച്ചത്. അവസാന ഓവറിൽ റണ്ണൗട്ട് ഉൾപ്പെടെ മൂന്നു വിക്കറ്റുകൾ വീണു.

പഞ്ചാബ് കിങ്സിനെതിരെ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്. ചിത്രം: X/IPL
പഞ്ചാബ് കിങ്സിനെതിരെ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്. ചിത്രം: X/IPL
English Summary:

IPL 2023, Punjab Kings vs Mumbai Indians Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com