ADVERTISEMENT

മുല്ലന്‍പുർ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പിഴ ചുമത്തി ബിസിസിഐ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണു പാണ്ഡ്യ പിഴയായി അടയ്ക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ എറിഞ്ഞു തീർക്കാൻ സാധിക്കാതിരുന്നതോടെയാണു നടപടി. ആദ്യ തവണയായതുകൊണ്ടാണ് തെറ്റിന് 12 ലക്ഷം പിഴ ചുമത്തിയതെന്നു ബിസിസിഐ അറിയിച്ചു.

പിഴവ് ആവർത്തിച്ചാൽ ശിക്ഷയും കടുക്കും. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവർക്കും നേരത്തേ പിഴ ചുമത്തിയിരുന്നു. പഞ്ചാബ് കിങ്സിന്റെ ഹോം ഗ്രൗണ്ടായ മുല്ലർപൂർ സ്റ്റേ‍ഡിയത്തില്‍ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഒൻപതു റൺസ് വിജയമാണു സ്വന്തമാക്കിയത്.

ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടിയ മുംബൈ, ബോളിങ്ങിൽ വെറും 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ പിഴുതു. മുംബൈ അനായാസ വിജയം പ്രതീക്ഷിച്ചിരിക്കെ അദ്ഭുതകരമായി തിരിച്ചടിച്ച പഞ്ചാബ് ജയത്തിന് അരികിലെത്തിയിരുന്നു.

3 വിക്കറ്റ് ശേഷിക്കെ അവസാന 4 ഓവറിൽ 28 റൺസായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ 5 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബിനെ ഓൾഔട്ടാക്കി. സ്കോർ: മുംബൈ– 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183. 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സൂര്യകുമാർ യാദവ് (78) മുംബൈ ബാറ്റിങ്ങിൽ തിളങ്ങി.

English Summary:

Hardik Pandya Reprimanded By BCCI, Slapped With Hefty Fine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com