ADVERTISEMENT

മുംബൈ∙ ഇന്ത്യന്‍ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ അച്ചടക്കലംഘനം നടത്തിയ മുംബൈ ഇന്ത്യന്‍സ് താരം ടിം ഡേവിഡിനും, പരിശീലകൻ കീറൺ പൊള്ളാർഡിനും പിഴ ചുമത്തി ബിസിസിഐ. മാച്ച് ഫീസിന്റെ 20 ശതമാനം ഇരുവരും പിഴയായി അടയ്ക്കേണ്ടിവരും. പഞ്ചാബ്– മുംബൈ മത്സരത്തിനിടെ ഡിആർഎസ് എടുക്കുന്നതിനായി ഗ്രൗണ്ടിലേക്കു നിർദേശം നൽകിയതാണു നടപടിക്കു കാരണം. സംഭവത്തിൽ നടപടിയുണ്ടാകണമെന്ന് പഞ്ചാബ് ക്യാപ്റ്റൻ സാം കറൻ മത്സരത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

ബാറ്റു ചെയ്യുകയായിരുന്ന സൂര്യകുമാർ യാദവിന് മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽനിന്ന് നിർദേശങ്ങൾ നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈഡ് ലഭിക്കുന്നതിനായി ഡിആർഎസ് എടുക്കാനായിരുന്നു ടിം ഡേവിഡ് ആംഗ്യം കാണിച്ചത്. ടിവിയിൽ റീപ്ലേ കണ്ട ശേഷമാണ് ടിം ഡേവിഡ് സൂര്യകുമാര്‍ യാദവിനെ സഹായിക്കാനെത്തിയതെന്നും ആരോപണമുയർന്നിരുന്നു.

ടിം ഡേവിഡും പൊള്ളാര്‍ഡും ഐപിഎൽ ചട്ടത്തിലെ ലെവല്‍ 1 കുറ്റമാണു ചെയ്തതെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ഇരുവരുടേയും മാച്ച് ഫീയുടെ 20 ശതമാനം തുക പിഴയായി അടയ്ക്കേണ്ടിവരും. പിഴവു പറ്റിയതായി ഇരുവരും സമ്മതിച്ചതായും, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും ബിസിസിഐ വ്യക്തമാക്കി.

ടിം ഡേവിഡ് ആംഗ്യം കാണിച്ചതിനു പിന്നാലെ മുംബൈ വൈഡിനു വേണ്ടി ഡിആർഎസ് എടുത്തിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പഞ്ചാബ് ബോളർ എറിഞ്ഞത് വൈഡാണെന്ന് അംപയർ വിധിച്ചു. മത്സരത്തിന്റെ 15–ാം ഓവറിലായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യൻസ്. ഡിആർഎസ് എടുക്കുന്നതിനായി രണ്ടു വട്ടമാണ് ടിം ഡേവിഡ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു നിർദേശം നൽകിയത്.

പഞ്ചാബ് കിങ്സിന്റെ ഹോം ഗ്രൗണ്ടായ മുല്ലൻപൂർ സ്റ്റേ‍ഡിയത്തില്‍ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഒൻപതു റൺസ് വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടിയ മുംബൈ, ബോളിങ്ങിൽ വെറും 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ പിഴുതു. ശശാങ്ക് സിങ്ങിന്റെയും അശുതോഷ് ശർമയുടെയും തകർപ്പൻ ബാറ്റിങ്ങിൽ പഞ്ചാബ് കളി പിടിക്കുമെന്നു തോന്നിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അഞ്ചു പന്തുകൾ ശേഷിക്കെ പഞ്ചാബ് ഓൾ ഔട്ടാകുകയായിരുന്നു.

English Summary:

DRS help from dugout, BCCI punish Pollard and Tim David

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com