ADVERTISEMENT

മുല്ലൻപുർ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുമ്രയെ ഫലപ്രദമായി ഉപയോഗിച്ചില്ലെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. മുംബൈ ഇന്ത്യന്‍സ് ഒൻപതു റണ്‍സിനു ജയിച്ച മത്സരത്തിൽ, ഓപ്പണർ സാം കറൻ, റിലീ റൂസോ, ശശാങ്ക് സിങ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുമ്ര കളിയിലെ താരമായിരുന്നു. ക്യാപ്റ്റൻ പാണ്ഡ്യ ബുമ്രയെ ശരിയായ രീ‌തിയിൽ ഉപയോഗിക്കുന്നില്ലെന്നാണ് ടോം മൂഡിയുടെ വിമർശനം.

മത്സരത്തിലെ രണ്ടാം ഓവറിൽ പന്തെറിയാനെത്തിയ ബുമ്ര, ക്യാപ്റ്റൻ സാം കറൻ, റൂസോ എന്നിവരെ പുറത്താക്കി മത്സരത്തിൽ മുംബൈയ്ക്ക് ആധിപത്യം നൽകിയിരുന്നു. ‘‘നേരത്തേ തന്നെ ബുമ്രയുടെ രണ്ട് ഓവറുകൾ പഞ്ചാബ് കിങ്സിനെ പ്രതിരോധത്തിലാക്കി. എന്നാൽ പിന്നീട് 13–ാം ഓവർവരെ അദ്ദേഹം പന്തെറിയാൻ എത്തിയില്ലെന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യം. മികച്ച രീതിയിലാണ് ബുമ്ര ഓവറുകൾ പൂർത്തിയാക്കിയത്. പഞ്ചാബിനെ മത്സരത്തിലേക്കു തിരികെയെത്താന്‍ മുംബൈ ഇന്ത്യൻസ് അനുവദിക്കുകയായിരുന്നു.’’– ടോം മൂഡി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

ബുമ്ര വീണ്ടും പന്തെറിയാൻ എത്തിയിരുന്നെങ്കിൽ അപ്പോൾ തന്നെ പഞ്ചാബിന്റെ സാധ്യതകൾ ഇല്ലാതാകുമായിരുന്നെന്നും ടോം മൂഡി വ്യക്തമാക്കി. മറ്റു ബോളർമാർ ജെറാൾഡ് കോട്സീക്കും ബുമ്രയ്ക്കും ആവശ്യത്തിനു പിന്തുണ നൽകുന്നില്ലെന്നു ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ വിമർശിച്ചു. ഫോമിലെത്താൻ സാധിക്കാത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു ബോളിങ്ങിൽ ഒന്നും ചെയ്യാനാകുന്നില്ലെന്നും സ്റ്റെയ്ൻ വിമർശിച്ചു.

പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 21 റൺസ് വഴങ്ങിയിരുന്നു. ഒരു സിക്സും ഫോറും മാത്രമാണു താരത്തിന്റെ പന്തുകളിൽ പഞ്ചാബ് അടിച്ചത്. മത്സരത്തിൽ നാല് ഓവറുകൾ പൂർത്തിയാക്കിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 33 റൺസ് വഴങ്ങി ഒരു വിക്കറ്റു വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണു മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിങ്ങിൽ 183 റൺസ് നേടാൻ മാത്രമാണ് പഞ്ചാബ് കിങ്സിനു സാധിച്ചത്.

English Summary:

IPL Winning Coach Questions Hardik Pandya's Captaincy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com