ADVERTISEMENT

ജയ്പുർ ∙ ഐപിഎൽ 17–ാം സീസണിൽ കളിച്ച എട്ടിൽ ഏഴ് മത്സരങ്ങളും ജയിച്ച് കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി മികവ് റോയൽസിന്റെ വിജയത്തിൽ നിർണായകമാണെന്ന വിലയിരുത്തൽ പല കോണുകളിൽനിന്ന് ഉയർന്നു കഴിഞ്ഞു. മുൻ സീസണുകളെ അപേക്ഷിച്ച് താരതമ്യേന സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന സഞ്ജുവിന്റെ ബാറ്റിങ് പെർഫോമൻസും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ സഞ്ജുവിനെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ താരം ഹർഭജൻ സിങ്.

ലോകകപ്പ് ടീമിൽ സഞ്ജുവിനെ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ഹർഭജൻ പറയുന്നത്. രോഹിത് ശർമയ്ക്കു ശേഷം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ നായക സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമായി സഞ്ജു വളർന്നുവെന്നും ഹർഭജൻ പറയുന്നു. മുംബൈക്കെതിരെ സെഞ്ചറി നേടിയ യശസ്വി ജയ്സ്‌വാളിന്റെ പ്രകടനത്തേയും ഭാജി പ്രശംസിച്ചു. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഹർഭജന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജൂണിൽ വെസ്റ്റിൻഡീസിലും യുഎസിലുമായാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് നടക്കുന്നത്.

ഐപിഎലിൽ മികച്ച ഫോമിൽ കളിക്കുന്ന ദിനേഷ് കാർത്തിക്കും ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാകാൻ തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഋഷഭ് പന്ത്, കെ.എൽ.രാഹുൽ, ഇഷൻ കിഷൻ എന്നിവരും ഈ സ്ഥാനം ലക്ഷ്യമിടുന്നുണ്ട്. 2022ൽ ഓസ്ട‌്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കാർത്തിക് അതിനുശേഷം ദേശീയ ടീമിൽ കളിച്ചിട്ടില്ല. എന്തായാലും ‌പരിശീലകൻ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത്, ചീഫ് സിലക്ട‌ർ അജിത് അഗാർക്കർ എന്നിവർക്ക് ടീം സിലക്‌ഷനിൽ അന്തിമ തീരുമാനം എളുപ്പത്തിൽ‌ സ്വീകരിക്കാനാവില്ലെന്ന് ഉറപ്പായി.

English Summary:

Sanju Samson should be groomed as India’s next T20I captain: Harbhajan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com