ADVERTISEMENT

കൊൽക്കത്ത ∙ ഐപിഎൽ ക്രിക്കറ്റിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലി പുറത്തായ പന്തിനെച്ചൊല്ലി ചർച്ചകൾ. കൊൽക്കത്ത പേസർ ഹർഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് കോലി പുറത്തായത്. റാണയുടെ സ്‌ലോ ഫുൾടോസ് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ടോപ് എഡ്ജിൽ റിട്ടേൺ ക്യാച്ചിലൂടെയായിരുന്നു കോലി പുറത്തായത്. പന്ത് നോ ബോൾ ആണെന്നു സംശയമുള്ളതിനാൽ തേഡ് അംപയർ പരിശോധിച്ച ശേഷമാണ് ഔട്ട് വിധിച്ചത്. എന്നാൽ, ഇത് അംഗീകരിക്കാൻ വിസമ്മതിച്ച കോലി അംപയർമാരോട് പ്രതിഷേധം അറിയിച്ച ശേഷമാണ് കളം വിട്ടത്.

നിയമം പറയുന്നത് 

ഫുൾടോസ് ബോൾ നോബോൾ ആകണമെങ്കിൽ അത് ബാറ്ററുടെ ഇടുപ്പിനെക്കാ‍ൾ ഉയരത്തിൽ ആയിരിക്കണം. ബാറ്റർ  ക്രീസിൽ നിൽക്കുമ്പോഴുള്ള ഉയരമാണ് കണക്കാക്കുക.  എല്ലാ താരങ്ങളുടെയും ഇടുപ്പ് വരെയുള്ള ഉയരം ഐപിഎൽ സംഘാടകർ അളന്നു സൂക്ഷിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് 1.04 മീറ്ററാണ് കോലിയുടെ ഇടുപ്പ് വരെയുള്ള ഉയരം. ഹർഷിത് റാണയുടെ ഫുൾടോസ് ബോൾ, കോലി ക്രീസിൽ നിൽക്കുക ആയിരുന്നെങ്കിൽ 0.92 മീറ്റർ ഉയരത്തിലാകും കടന്നുപോവുക. 

എതിർവാദം

കോലിയുടെ  സ്റ്റാൻസ് ക്രീസിനു പുറത്തായിരുന്നു. പോയിന്റ് ഓഫ് ഇംപാക്ട് (പന്ത്  ബാറ്റിൽ തട്ടുന്ന സമയം) കോലിയുടെ ഇടുപ്പിനെക്കാൾ  ഉയരത്തിലും. സ്ലോ ഫുൾടോസ് ആയതിനാൽ പന്ത് ഡിപ് (താഴ്ന്നിറങ്ങുക) ചെയ്യുമെന്നു കണക്കാക്കാമെങ്കിലും പോയിന്റ് ഓഫ് ഇംപാക്ട് സമയത്തെ പന്തിന്റെ ഉയരം പരിഗണിച്ചിട്ടില്ല. അതിനാൽ തീരുമാനം ബാറ്റർക്ക് അനുകൂലമാകണമെന്നാണ് എതിർവിഭാഗത്തിന്റെ വാദം.

കോലിക്ക് പിഴ 

വിവാദ പുറത്താകലിനു പിന്നാലെ അംപയർമാരോടു തർക്കിച്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി. ഔട്ട് ആയതിനു പിന്നാലെ അംപയർമാരോട് ഗ്രൗണ്ടിൽ വച്ചു തർക്കിച്ച കോലി, ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ വേസ്റ്റ് ബിൻ തട്ടിമറിക്കുകയും ചെയ്തിരുന്നു.

English Summary:

Was Virat Kohli out or not? Here’s what you need to know about controversial moment at Eden Gardens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com