ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ കളി കൈവിട്ടത് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലിന്റെ ചില തന്ത്രങ്ങളെന്നു വിമർശനം. വ്യാഴാഴ്ച ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാലു റൺസിനാണ് ടൈറ്റൻസ് തോറ്റത്. 225 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ടോസ് അനുകൂലമായിട്ടും മത്സരത്തിൽ ഡൽഹിയെ ചെറിയ സ്കോറിലേക്ക് ഒതുക്കാമെന്ന ഗുജറാത്തിന്റെ പ്ലാൻ നടപ്പായില്ല. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡൽഹിയെ വമ്പൻ സ്കോറിലെത്തിച്ചത്. 43 ബോളുകൾ നേരിട്ട ഋഷഭ് പന്ത് 88 റണ്‍സുമായി പുറത്താകാതെനിന്നു.

ഏഴു ഗുജറാത്ത് താരങ്ങളാണ് ഡൽഹി ക്യാപിറ്റല്‍സിനെതിരെ പന്തെറിഞ്ഞത്. അതിൽ കൂടുതൽ റൺസ് വഴങ്ങിയത് വെറ്ററൻ പേസർ മോഹിത് ശർമയായിരുന്നു. നാല് ഓവറിൽ താരം വിട്ടുകൊടുത്തത് 73 റൺസായിരുന്നു!. ഏഴു സിക്സറുകളും നാലു ഫോറുകളും മോഹിത്തിന്റെ പന്തുകളിൽ ഡൽഹി താരങ്ങൾ ബൗണ്ടറി കടത്തി. മത്സരത്തിൽ 12–ാം ഓവറാണ് മോഹിത് ആദ്യം എറിയാനെത്തിയത്. ഈ ഓവറിൽ 12 റൺ‌സ് വഴങ്ങി. 16–ാം ഓവറിൽ 16 ഉം 18–ാം ഓവറിൽ 14 ഉം റൺസ് താരം വിട്ടുകൊടുത്തു.

അത്ര മികച്ച രീതിയിലുള്ള ബോളിങ്ങ് ആയിരുന്നില്ല ഇന്ത്യൻ പേസറുടേത്. എന്നിട്ടും അവസാന ഓവർ എറിയാൻ ഗിൽ പന്തു നൽകിയത് മോഹിതിന് തന്നെ. അതും ഫോമായി നിൽക്കുന്ന ഋഷഭ് പന്തിനു മുന്നിലേക്ക്. 31 റൺസാണ് ഡൽഹി ഈ ഓവറിൽ സ്വന്തമാക്കിയത്. നാലു സിക്സുകളും ഒരു ഫോറും പന്ത് ബൗണ്ടറി കടത്തി. 19–ാം ഓവർ സായ് കിഷോറിനു നൽകാനുള്ള ശുഭ്മൻ ഗില്ലിന്റെ തീരുമാനവും പിഴച്ചു. ആദ്യ ഓവർ എറിഞ്ഞ സായ് വിട്ടുകൊടുത്തത് 22 റണ്‍സ്. പന്തിനൊപ്പമുണ്ടായിരുന്ന ട്രിസ്റ്റൻ സ്റ്റബ്സ് രണ്ടു വീതം സിക്സുകളും ഫോറുകളും പറത്തി.

മറ്റു ഗുജറാത്ത് താരങ്ങളുടെ ഓവർ ക്വാട്ട തീർന്നപ്പോഴായിരുന്നില്ല ഗുജറാത്ത് ക്യാപ്റ്റന്റെ ഈ സാഹസം. മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും മൂന്ന് ഓവറുകൾ മാത്രമാണ് മലയാളി താരം സന്ദീപ് വാരിയർക്ക് ഗിൽ നല്‍കിയത്. 15 റൺസ് മാത്രം വഴങ്ങിയ താരം മൂന്നു വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. എന്നിട്ടും നാല് ഓവറുകൾ പൂർത്തിയാക്കാൻ സന്ദീപിനു സാധിച്ചില്ല. മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ അസ്മത്തുല്ല ഒമർസായി 33 റൺസും റാഷിദ് ഖാൻ 35 റൺസും വഴങ്ങിയിരുന്നു.

മത്സരത്തിലെ രണ്ടാം ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത സന്ദീപ് അടുത്ത ഓവറില്‍ ഗംഭീര തിരിച്ചുവരവാണു നടത്തിയത്. ജേക് ഫ്രേസർ, പൃഥ്വി ഷാ എന്നിവരെ പുറത്താക്കിയാണ് സന്ദീപ് ഗുജറാത്തിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചത്. ഷായ് ഹോപ്പിന്റെ വിക്കറ്റും വീഴ്ത്തി സന്ദീപ് വാരിയർ വിക്കറ്റു നേട്ടം മൂന്നാക്കി. പവർ പ്ലേ ഓവറിൽ മൂന്നു വിക്കറ്റു വീഴ്ത്തുന്ന രണ്ടാമത്തെ ഗുജറാത്ത് ബോളറാണ് സന്ദീപ്. ഈ നേട്ടത്തിലേക്ക് ആദ്യമെത്തിയത് പേസർ മുഹമ്മദ് ഷമിയായിരുന്നു.

അവസാനത്തെ ഓവറുകളിൽ കുറച്ച് റൺസ് അധികം വഴങ്ങിയതാണു തോൽക്കാൻ കാരണമെന്ന് ശുഭ്മൻ ഗിൽ മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘ഒരു ഘട്ടത്തിൽ ഡൽഹിയെ 200–210 റൺസിൽ നിർത്താമെന്നു തോന്നിയിരുന്നു. എന്നാൽ അവസാനത്തെ 2–3 ഓവറിൽ കൂടുതൽ റൺസ് വിട്ടുകൊടുത്തതു തിരിച്ചടിയായി. മികച്ച ഫോമിലുള്ള ഒരു ബാറ്ററോ, ഫിനിഷറോ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായി കാര്യങ്ങൾ ചെയ്യാമായിരുന്നു.’’– ശുഭ്മൻ ഗിൽ വ്യക്തമാക്കി.

English Summary:

Shubman Gill's bowling strategy against Delhi Capitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com