ADVERTISEMENT

ന്യൂഡൽഹി∙ തിലക് വർമയുടെ പ്രതിരോധം മുംബൈ ഇന്ത്യൻസിനെ രക്ഷിച്ചില്ല. ഡൽഹി ക്യാപിറ്റൽസ് 10 റൺസിനാണ് മുംബൈ ഇന്ത്യൻസിനെ തോൽപിച്ചത്. സീസണിലെ ആറാം തോൽവി വഴങ്ങിയതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി. 257 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മുംബൈയ്ക്കായി തിലക് വർമ അർധ സെഞ്ചറി നേടി. 32 പന്തുകൾ നേരിട്ട താരം 63 റൺസെടുത്തു പുറത്തായി.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 24 പന്തിൽ 46 റൺസെടുത്തു. ആറു പോയിന്റുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസ് അഞ്ചാമതുണ്ട്. മറുപടി ബാറ്റിങ്ങിൽ സ്കോർ 35ൽ നിൽക്കെയാണ് മുംബൈയുടെ ആദ്യ വിക്കറ്റു പോയത്. എട്ട് റൺസ് മാത്രമെടുത്ത് ഓപ്പണർ രോഹിത് ശർമ പുറത്തായി. ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും ഇഷാൻ കിഷനും (20), സൂര്യകുമാര്‍ യാദവിനും (26) അധിക നേരം ക്രീസിൽ തുടരാനായില്ല. ഒന്‍പത് ഓവറിലാണ് മുംബൈ നൂറു കടന്നത്. മധ്യനിരയിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നന്നായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അതുമതിയായിരുന്നില്ല.

സ്കോർ 136ൽ നിൽക്കെ മുംബൈ ക്യാപ്റ്റൻ പുറത്തായി. റാഷിദ് സലാമിന്റെ പന്തിൽ മുകേഷ് കുമാർ ക്യാച്ചെടുക്കുകയായിരുന്നു. നേഹൽ വധേര (നാല്) വന്നപോലെ മടങ്ങി. തിലക് വർമയിലും ടിം ഡേവിഡിലുമായിരുന്നു മുംബൈ ആരാധകരുടെ പിന്നീടുള്ള പ്രതീക്ഷ. 17.1 ഓവറിൽ മുംബൈ 200 പിന്നിട്ടു. 17 പന്തിൽ 37 റൺസെടുത്ത ടിം ഡേവിഡിനെ മുകേഷ് കുമാർ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ അഫ്ഗാൻ ബാറ്റർ മുഹമ്മദ് നബിയും മടങ്ങി. അവസാന ഓവറിൽ 25 റൺസായിരുന്നു മുംബൈ ഇന്ത്യൻസിന് ജയിക്കാൻ വേണ്ടിയിരുന്നത്. മുകേഷ് കുമാറിന്റെ ആദ്യ പന്തിൽ ഡബിൾ ഓടാനുള്ള ശ്രമത്തിനിടെ തിലക് വർമ റൺഔട്ടായത് മുംബൈയുടെ സാധ്യതകളെ ഇല്ലാതാക്കി. ഡൽഹിക്കു വേണ്ടി പേസർ റാസിഖ് സലാം മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

വെള്ളിടിയായി ജേക്, മുംബൈ ‘ഫ്രീസ്’

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. 27 പന്തുകൾ മാത്രം നേരിട്ട ജേക് ഫ്രെയ്സര്‍ 84 റൺസെടുത്തു. ആറു സിക്സറുകള്‍ ബൗണ്ടറി കടത്തിയ താരം 15 പന്തുകളിലാണ് അർധ സെഞ്ചറിയിലെത്തിയത്. ഐപിഎൽ സീസണിലെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. നേരത്തേ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും ഫ്രെയ്സർ 15 പന്തിൽ അർധ സെഞ്ചറിയിലെത്തിയിരുന്നു. 

jake-frazer
ജേക്ക് ഫ്രേസറുടെ ബാറ്റിങ്. Photo: X@DC

മികച്ച തുടക്കം ലഭിച്ച ഡൽഹി പവർപ്ലേയിൽ 92 റൺസാണ് അടിച്ചെടുത്തത്. എട്ടാം ഓവറിൽ പിയുഷ് ചൗളയുടെ പന്തിൽ മുഹമ്മദ് നബി ക്യാച്ചെടുത്ത് ഫ്രെയ്സറെ പുറത്താക്കി. 27 പന്തുകൾ നേരിട്ട അഭിഷേക് പൊറേൽ 36 റൺസെടുത്തു മടങ്ങി. 17 പന്തുകൾ നേരിട്ട ഷായ് ഹോപ് അഞ്ചു സിക്സറുകൾ പറത്തി. 41 റൺസെടുത്ത താരത്തെ ലൂക് വുഡാണു പുറത്താക്കിയത്. 16.1 ഓവറിൽ (98 പന്തുകൾ‌) ഡൽഹി സ്കോർ 200 പിന്നിട്ടു. 19 പന്തുകളിൽനിന്ന് 29 റണ്‍സാണ് ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് നേടിയത്. അവസാന ഓവറുകളിൽ ബൗണ്ടറികൾ പായിച്ച് ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹി സ്കോർ ഉയര്‍ത്തി. സ്റ്റബ്സ് 48 റൺസും അക്ഷർ പട്ടേൽ 11 റൺസും നേടി പുറത്താകാതെ നിന്നു.

മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ , ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, നേഹൽ വധേര, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ടിം ഡേവിഡ്, മുഹമ്മദ് നബി, പിയൂഷ് ചൗള, ലൂക്ക് വുഡ്, ജസ്പ്രീത് ബുമ്ര, നുവാൻ തുഷാര.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ– ജേക് ഫ്രേസർ, കുമാര്‍ കുശാഗ്ര, ഷായ് ഹോപ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പൊറേൽ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ലിസാഡ് വില്യംസ്, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്.

English Summary:

Delhi Capitals vs Mumbai Indians Match Updates, IPL 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com