‘രോഹിത് ക്യാപ്റ്റനാകുന്നത് ഇന്ത്യൻ ടീമിനെ ബാധിക്കും, മറ്റൊരു മുംബൈ താരം ലോകകപ്പിൽ നയിക്കട്ടെ’
Mail This Article
കൊല്‍ക്കത്ത∙ രോഹിത് ശർമയെ ക്യാപ്റ്റനാക്കുന്നത് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ മുന്നോട്ടുപോക്കിനു തടസ്സമാകുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മുൻ ഡയറക്ടർ ജോയ് ഭട്ടാചാര്യ. ബിസിസിഐ സെക്രട്ടറി ജയ്ഷാ പിന്തുണച്ചതോടെ ട്വന്റി20 ലോകകപ്പിൽ രോഹിത് ശര്‍മ കളിക്കുമെന്നു വ്യക്തമായിരുന്നു. ‘‘രോഹിത് ശർമയെ ക്യാപ്റ്റനായി നിയമിച്ചത് ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിനു തടസ്സമാകും. ട്വന്റി20 ഫോർമാറ്റിൽ നയിക്കാനായി ഇപ്പോഴത്തെ സാഹചര്യത്തിൽ രോഹിത്തിനെ തിരഞ്ഞെടുക്കുന്നത് ഉചിതമല്ല.’’– ജോയ് ഭട്ടാചാര്യ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘രോഹിത് ശർമയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം മികച്ചൊരു ക്രിക്കറ്ററാണ്. എന്നാൽ രോഹിത് ശർമ ഇപ്പോൾ ഫോമിലല്ല. വിരാട് കോലി, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നിവരൊക്കെ ഓപ്പണർമാരാകാൻ മികവുള്ളവരാണ്. രോഹിത് ക്യാപ്റ്റനായാൽ അദ്ദേഹം തന്നെ ഓപ്പണറായി ഇറങ്ങും. അപ്പോൾ ഫോമിലുള്ള ഈ താരങ്ങൾക്ക് ബാറ്റിങ് ക്രമത്തിൽ താഴേക്കു പോകേണ്ടിവരും.’’– ജോസ് ഭട്ടാചാര്യ പ്രതികരിച്ചു.
രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ പേസർ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കണമെന്നാണ് കൊൽക്കത്ത ഡയറക്ടറുടെ നിലപാട്. ‘‘ഞാൻ രോഹിത് ശർമയ്ക്കു പകരം ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനായി തിരഞ്ഞെടുക്കും. ബോളറെന്ന നിലയിൽ ബുമ്രയുടെ പ്രതിഭ അദ്ദേഹത്തെ ടീമിലെ പ്രധാന അംഗമാക്കി. രോഹിത് കരിയറിൽ എല്ലാം നേടിയിട്ടുണ്ട്, പക്ഷേ ലോകകപ്പ് മാത്രം വിജയിക്കാൻ സാധിച്ചിട്ടില്ല. രോഹിത് മികച്ച രീതിയിൽ തന്നെ കരിയർ അവസാനിപ്പിക്കുന്നതു കാണാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.’’– ജോയ് ഭട്ടാചാര്യ വ്യക്തമാക്കി.
2022ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ തോറ്റതിനു ശേഷം രോഹിത് ശർമ ഏറെക്കാലം ട്വന്റി20 കളിച്ചിരുന്നില്ല. ഒരു വർഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണു താരം കളിക്കാനിറങ്ങിയത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ പിന്തുണച്ചതോടെ രോഹിത് ട്വന്റി20യിലേക്കു മടങ്ങിയെത്തുകയായിരുന്നു. രോഹിത് ശർമയെ ഈ വർഷമാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയത്. ഐപിഎലിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്കു കീഴിലാണ് രോഹിത് ഇപ്പോൾ കളിക്കുന്നത്.