ADVERTISEMENT

‘‘ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ ഫോമാകുകയും, പിന്നീട് അതു നഷ്ടമാകുകയും ചെയ്യുന്ന താരം.’’– ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള സഞ്ജു സാംസണിന്റെ ശ്രമങ്ങൾക്ക് ഏറ്റവും വലിയ പോരായ്മയായി വിമർശകര്‍ പറയുന്ന ഒരു കാരണം ഇതാണ്. ഐപിഎല്ലിൽ വമ്പൻ സെഞ്ചറികൾ നേടിയ സീസണുകളിൽ വരെ മത്സരങ്ങൾ പലതു കഴിയുമ്പോൾ സഞ്ജുവിന്റെ ഗ്രാഫ് താഴോട്ടുപോകുന്നതായി താരം വിമർശനങ്ങൾ കേട്ടിരുന്നു. എന്നാൽ 2024 ഐപിഎല്ലില്‍ പുതിയൊരു സഞ്ജുവിനെയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള താരം, ക്യാപ്റ്റൻസി കൊണ്ടും ക്രിക്കറ്റ് ആരാധകരെ കയ്യിലെടുത്തു.

എട്ടു വിജയവും ഒരു തോൽവിയുമായി പോയിന്റു പട്ടികയിൽ ടോപ് ടീമാണ് രാജസ്ഥാൻ റോയൽസ്. സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീം മുന്നിൽനിന്ന് കെട്ടിപ്പടുത്ത സഞ്ജു, തന്നെക്കാൾ സീനിയറായ താരങ്ങളെയും ജൂനിയേഴ്സിനെയും ഭംഗിയായി ഒരുമിച്ചുകൊണ്ടുപോകുന്നു. ഇന്ത്യൻ ടീമിലെ സീനിയർ താരം ആർ. അശ്വിനും ഇംഗ്ലിഷ് ടീം ക്യാപ്റ്റൻ ജോസ് ബട്‌ലറും വിൻഡീസ് ക്യാപ്റ്റൻ റോവ്മൻ പവലും സഞ്ജുവിനു കീഴിൽ മികച്ച പ്രകടനം നടത്തുന്നു.

സ്ഥിരതയില്ലായ്മയെന്ന വിമർശനത്തിന് ബാറ്റു കൊണ്ടായിരുന്നു മലയാളി താരത്തിന്റെ മറുപടി. ഒൻപതു മത്സരങ്ങളിൽ 385 റൺസാണു സഞ്ജു അടിച്ചെടുത്തത്. നാല് അർധ സെഞ്ചറികളുമായി റൺവേട്ടക്കാരില്‍ സഞ്ജു ആറാമതുണ്ട്. 398 റൺസ് അടിച്ച ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് നാലാം സ്ഥാനത്താണ്. പക്ഷേ ഡൽഹി ഇതിനകം 11 കളികൾ പൂർത്തിയാക്കിയിട്ടുണ്ട്.

സിക്സറിലൂടെ വിജയറൺ നേടിയ ശേഷം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ആഹ്ലാദം.
സിക്സറിലൂടെ വിജയറൺ നേടിയ ശേഷം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ആഹ്ലാദം.

സീസണിൽ ലക്നൗവിനെതിരായ ആദ്യ മത്സരത്തിൽ 52 പന്തിൽ 82 റൺസെടുത്ത സഞ്ജു പുറത്താകാതെനിന്നു. രാജസ്ഥാൻ വിജയിച്ചെങ്കിലും, സഞ്ജുവിന്റെ പ്രകടനം ‘പതിവ് തുടക്കം’ മാത്രമാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ വിമർശനം. പിന്നീട് ഡൽഹിക്കെതിരെ 15 ഉം മുംബൈയോട് 12 ഉം റൺസെടുത്തു. അടുത്ത മത്സരങ്ങളിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും ഗുജറാത്ത് ടൈറ്റൻസിനെതിരെയും അർധ സെഞ്ചറികൾ നേടി സഞ്ജു ട്വന്റി20 ലോകകപ്പ് ടീമിലേക്കുള്ള അവകാശവാദം ശക്തമാക്കി. ലക്നൗവിനെതിരെ കഴിഞ്ഞ ദിവസം നടന്ന കളിയിൽ 71 റൺസെടുത്ത് ടീമിനെ വിജയതീരത്തെത്തിച്ചതോടെ സഞ്ജു ലോകകപ്പ് ടീമിലുണ്ടാകുമെന്ന കാര്യം ഏറക്കുറെ ഉറപ്പായിരുന്നു.

ആദ്യം പന്ത്, പിന്നെ സഞ്ജു

ഐപിഎൽ ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനേക്കാളും മികച്ച പ്രകടനമായിരുന്നു സഞ്ജുവിന്റേത്. എങ്കിലും വിക്കറ്റ് കീപ്പറായി ബിസിസിഐയുടെ ഫസ്റ്റ് ചോയ്സ് ഋഷഭ് പന്ത് തന്നെ. ഐപിഎല്ലിനു തൊട്ടുമുന്‍പാണു ഋഷഭ് പന്ത് പൂർണ ഫിറ്റ്നസിലേക്കു തിരിച്ചെത്തിയത്. ഇതോടെ ഡൽഹി ക്യാപിറ്റൽസിനായി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. വാഹനാപകടത്തിനു ശേഷം ഒരു രാജ്യാന്തര മത്സരം പോലും കളിക്കാതെയാണ് ഋഷഭ് പന്ത് ലോകകപ്പ് കളിക്കാനൊരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

Delhi Capitals' captain Rishabh Pant runs between the wickets during the Indian Premier League (IPL) Twenty20 cricket match between Punjab Kings and Delhi Capitals at the Maharaja Yadavindra Singh Stadium in Mohali on March 23, 2024. (Photo by Sajjad HUSSAIN / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE -- - -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ഋഷഭ് പന്ത് ബാറ്റിങ്ങിനിടെ. Photo: SajjadHUSSAIN/AFP

2022 ൽ ബംഗ്ലദേശിനെതിരെയാണ് ഋഷഭ് പന്ത് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഈ പരമ്പരയ്ക്കു ശേഷം ‍ഡൽഹിയിൽനിന്ന് ജന്മനാടായ റൂർക്കിയിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെയാണ് താരം അപകടത്തിൽപെട്ടത്. 25 വയസ്സുകാരനായ പന്ത് ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ ശേഷം തീപിടിക്കുകയായിരുന്നു. ബസ് ജീവനക്കാരാണു താരത്തെ വാഹനത്തിൽനിന്ന് പുറത്തെടുത്ത്, ആശുപത്രിയിലെത്തിച്ചത്. പരുക്കിൽനിന്ന് അതിവേഗം മുക്തനായ പന്തിന് എല്ലാ പിന്തുണയും നൽകിയ ബിസിസിഐ, ലോകകപ്പിലെ വിക്കറ്റ് കീപ്പർ സ്ഥാനവും സമ്മാനിച്ചു.

ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

English Summary:

Rishabh Pant and Sanju Samson to play Twenty 20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com