ചെന്നൈ സൂപ്പർ കിങ്സിനെ മലർത്തിയടിച്ചു; പ്ലേ ഓഫ് പ്രതീക്ഷയോടെ പഞ്ചാബ് കിങ്സ്
Mail This Article
ചെന്നൈ ∙ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 7 വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറിൽ 7ന് 162 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 17.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഇതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കു നിറംവച്ചു.
ക്യാപ്റ്റൻ സാം കറൻ (20 പന്തിൽ 26), ശശാങ്ക് സിങ് (26 പന്തിൽ 25) സഖ്യമാണു പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്. ജോണി ബെയർസ്റ്റോ (30 പന്തിൽ 46), റിലീ റോസൗ (23 പന്തിൽ 43) എന്നിവരുടെ ബാറ്റിങ് പ്രകടനവും പഞ്ചാബിനെ തുണച്ചു. 10 പന്ത് നേരിട്ട പ്രഭ്‍സിമ്രാൻ സിങ് 13 റൺസെടുത്തു. ചെന്നൈയ്ക്കായി ഷാർദൂൽ ഠാക്കൂർ, റിച്ചാർഡ് ഗ്ലീസൻ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 48 പന്തിൽ 62 റൺസെടുത്ത ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്‌ക്‌വാദാണു ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. അജിൻക്യ രഹാനെ (29), സമീർ റിസ്‌വി (21), മൊയീൻ അലി (15), എം.എസ്.ധോണി (14) എന്നിവരും രണ്ടക്കം കടന്നു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.