ADVERTISEMENT

ചെന്നൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ പരിഗണിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ശുഭ്മൻ ഗില്ലിനെ റിസർവ് താരങ്ങളുടെ ലിസ്റ്റിൽ ഉള്‍പ്പെടുത്തിയതും ശ്രീകാന്തിനു പിടിച്ചിട്ടില്ല. ഒരു ഫോർമാറ്റിലും തിളങ്ങിയില്ലെങ്കിലും ഗില്ലിനെ ടീമിലെടുക്കുന്ന അവസ്ഥയാണെന്നും ശ്രീകാന്ത് തുറന്നടിച്ചു.

‘‘ശുഭ്മന്‍ ഗിൽ ഫോമിലല്ല ഉള്ളത്. പിന്നെന്തിനാണ് അദ്ദേഹത്തെ ടീമിൽ എടുക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്. അതിൽ സംശയമൊന്നും വേണ്ട. 17 ഇന്നിങ്സുകളിൽനിന്ന് അഞ്ഞൂറിലേറെ റണ്‍സ് നേടിയ താരമാണ്. ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചറിയടിച്ചു. ശുഭ്മൻ ഗിൽ സിലക്ടർമാർക്കു പ്രിയപ്പെട്ടവനാണ്. ബാറ്റിങ്ങിൽ പരാജയപ്പെട്ടാലും അവസരം ഉറപ്പായും കിട്ടും. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഫോമിലല്ലെങ്കിലും ചാൻസുണ്ടാകും. പ്രിയപ്പെട്ടവർക്കു മാത്രമായി ടീം സിലക്ഷൻ മാറി.’’– ഒരു യുട്യൂബ് ചാനലിൽ സംസാരിക്കവെ ശ്രീകാന്ത് തുറന്നടിച്ചു.

ഫിനിഷർ റോളിൽ കഴിവു തെളിയിച്ചിട്ടും റിങ്കു സിങ്ങിനെ ടീമിലെടുക്കാത്തതിലും ബിസിസിഐയ്ക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഓൾ റൗണ്ടർ ശിവം ദുബെ എന്നിവരായിരിക്കും ലോകകപ്പിൽ ഫിനിഷറായി ഇറങ്ങുക. ഐപിഎല്ലിൽ ഇതുവരെ ബാറ്റുകൊണ്ടോ, പന്തുകൊണ്ടോ തിളങ്ങാൻ ഹാർദിക് പാണ്ഡ്യയ്ക്കു സാധിച്ചിട്ടില്ല. വൈസ് ക്യാപ്റ്റനാക്കിയാണ് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്തിരിക്കുന്നത്.

ചെന്നൈയുടെ ഓപ്പണിങ് ബാറ്ററായ ഋതുരാജ് ഗെയ്ക്‌വാദിനെ റിസർവ് താരമായി പോലും ബിസിസിഐ പരിഗണിച്ചിരുന്നില്ല. ക്യാപ്റ്റൻ രോഹിത് ശർമയും യശസ്വി ജയ്സ്വാളുമായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർമാര്‍. വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ തുടങ്ങിയ ബാറ്റർമാർ പിന്നാലെ ഇറങ്ങും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ യശസ്വി ജയ്സ്വാൾ താളം കണ്ടെത്തിയതോടെയാണ് ഗെയ്ക്‌വാദിന്റെ ലോകകപ്പ് സാധ്യതകൾ ഇല്ലാതെയായത്.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

English Summary:

India Great Slams BCCI For Ignoring CSK Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com