2024 ഐപിഎല്ലിൽ ധോണിയുടെ ആദ്യ പുറത്താകൽ, തൊട്ടുപിന്നാലെ വിവാദം
Mail This Article
ചെന്നൈ ∙ പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ സിംഗിൾ ഓടാൻ വിസമ്മതിച്ച ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്.ധോണിക്കെതിരെ വ്യാപക വിമർശനം. ചെന്നൈ ബാറ്റിങ്ങിന്റെ അവസാന ഓവറിലായിരുന്നു വിവാദ സംഭവം. അർഷ്‍ദീപ് സിങ്ങിന്റെ മൂന്നാം പന്ത് ധോണി ഡീപ് കവറിലേക്കു പായിച്ചു. സിംഗിളോ ഡബിളോ ഉറപ്പായിരുന്ന ഷോട്ട്.
ഇതു മനസ്സിലാക്കി നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് ബാറ്റർ ഡാരിൽ മിച്ചൽ ബാറ്റിങ് ക്രീസിലേക്ക് ഓടിയെത്തിയെങ്കിലും ധോണി അനങ്ങിയില്ല. അനായാസ സിംഗിൾ നിഷേധിച്ചതോടെ തിരിച്ച് ഓടേണ്ടി വന്ന മിച്ചൽ നേരിയ വ്യത്യാസത്തിലാണ് റണ്ണൗട്ടിൽ നിന്ന് രക്ഷപെട്ടത്.
സംഭവത്തിൽ ധോണിക്കെതിരെ രൂക്ഷ വിമർശന മുന്നയിച്ചവരിൽ ഒരാൾ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനാണ്. ‘ഇതൊരു ടീം ഗെയിമാണെന്ന് ധോണി ഓർക്കേണ്ടതായിരുന്നു. അപ്പുറത്തുള്ളത് ബോളറായിരുന്നെങ്കിൽ സിംഗിളിന് വിസമ്മതിച്ചത് മനസ്സിലാക്കാം. പക്ഷേ അദ്ദേഹം മികച്ചൊരു ബാറ്ററാണ്. മുൻപ് രവീന്ദ്ര ജഡേജയോടും ധോണി ഇതു തന്നെ ചെയ്തിട്ടുണ്ട്– പഠാൻ പ്രതികരിച്ചു. ബുധനാഴ്ച നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
സിംഗിൾ നിഷേധിച്ച മൂന്നാം പന്ത് പിന്നിടുമ്പോൾ 9 പന്തിൽ 7 റൺസായിരുന്നു ധോണിയുടെ നേട്ടം. നാലാം പന്തിൽ റണ്ണെടുക്കാനായില്ല. 5–ാം പന്തിൽ സിക്സർ നേടി. അവസാന പന്തിൽ ഡബിളിനായി ശ്രമിക്കുന്നതിനിടെ റണ്ണൗട്ടാകുകയും ചെയ്തു. ഈ ഐപിഎൽ സീസണിൽ ധോണിയുടെ ആദ്യ പുറത്താകലായി അത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെ അർധ സെഞ്ചറി നേടിയ ഡാരിൽ മിച്ചൽ (52) ഇന്നലെ ഒരു പന്തിൽ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.