മാന്ത്രിക സ്പെൽ പ്രതീക്ഷിച്ചു, ആശങ്കയായി ചെഹലിന്റെ ഫോം; കൂടുതൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ സ്പിന്നർ
Mail This Article
ഹൈദരാബാദ് ∙ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടിയതിനുശേഷമുള്ള ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിൽ നിന്ന് ഒരു മാന്ത്രിക സ്പെല്ലാണ് എല്ലാവരും പ്രതീക്ഷിച്ചത്. ലോകകപ്പ് ടീം പ്രവേശനം വിക്കറ്റ് നേട്ടത്തോടെ ആഘോഷമാക്കാനിറങ്ങിയ ചെഹൽ പക്ഷേ ഒരൊറ്റ മത്സരത്തിലൂടെ ഇന്ത്യൻ ആരാധകരെയെല്ലാം ആശങ്കയിലാക്കി. ഹൈദരാബാദിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ 4 ഓവറിൽ വിക്കറ്റ് നേട്ടമില്ലാതെ 62 റൺസാണ് ലെഗ് സ്പിന്നർ വഴങ്ങിയത്. ഒരു ഐപിഎൽ മത്സരത്തിൽ കൂടുതൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ സ്പിന്നറെന്ന നാണക്കേടും ഇന്ത്യയുടെ ലോകകപ്പ് താരത്തിനു സ്വന്തമായി.
അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒരു റണ്ണിനായിരുന്നു ഹൈദരാബാദിന്റെ ജയം. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് അവസാന പന്തിൽ 2 റൺസായിരുന്നു ലക്ഷ്യം. എന്നാൽ ആ പന്തിൽ റോവ്‍മാൻ പവലിനെ വിക്കറ്റിനു മുൻപിൽ കുരുക്കിയ പേസർ ഭുവനേശ്വർ കുമാർ ഹൈദരാബാദിനു നാടകീയ ജയം സമ്മാനിച്ചു.
ട്വന്റി20 ലോകകപ്പ് അടുക്കും തോറും ഫോമിൽ പിന്നോട്ടുപോകുകയാണ് സ്പിൻ ആക്രമണത്തിൽ ഇന്ത്യയുടെ വജ്രായുധമാകേണ്ട ചെഹൽ. ഈ ഐപിഎൽ സീസണിലെ ആദ്യ 4 മത്സരങ്ങളിൽ നിന്ന് 6.4 ഇക്കോണമിയിൽ 8 വിക്കറ്റ് വീഴ്ത്തിയാണ് ചെഹൽ തുടങ്ങിയത്. എന്നാൽ തുടർന്നുള്ള 6 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റ് മാത്രം നേടാനായ താരം റൺസ് വഴങ്ങിയത് 11.6 ഇക്കോണമിയിലാണ്. ആദ്യ ഘട്ടത്തിൽ 5 സിക്സ് മാത്രം വഴങ്ങിയ ചെഹൽ അവസാന 6 മത്സരങ്ങളിൽ നിന്ന് 15 സിക്സുകൾ വഴങ്ങി നിരാശപ്പെടുത്തി.