‘42 വയസ്സായെന്ന് അറിയാം, പക്ഷേ ധോണിയോട് നേരത്തേ ബാറ്റിങ്ങിന് ഇറങ്ങാൻ ആരെങ്കിലും പറയണം’
Mail This Article
മുംബൈ∙ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ എം.എസ്. ധോണി ഗോൾഡൻ ഡക്കായതിനു പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ധരംശാലയിൽ ഒൻപതാമനായി ബാറ്റു ചെയ്യാനിറങ്ങിയ ധോണി, ഹർഷൽ പട്ടേൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബോൾഡായിരുന്നു. ട്വന്റി20 കരിയറിൽ ആദ്യമായാണ് ധോണി ഒൻപതാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങുന്നത്. ധോണി ഉത്തരവാദിത്തം ഏറ്റെടുത്തു ബാറ്റിങ്ങില്‍ നേരത്തേ ഇറങ്ങണമെന്ന് ഇർഫാൻ പഠാൻ വ്യക്തമാക്കി.
‘‘എം.എസ്. ധോണി ഒൻപതാം നമ്പരിൽ ബാറ്റു ചെയ്യാനിറങ്ങുന്നത് ചെന്നൈ സൂപ്പർ കിങ്സ് ടീമിനു ഗുണം ചെയ്യില്ല. ധോണിക്ക് 42 വയസ്സായെന്ന് എനിക്കും അറിയാം. പക്ഷേ ഇപ്പോഴും അദ്ദേഹം മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ ധോണി നേരത്തേ ബാറ്റിങ്ങിന് ഇറങ്ങണം. എല്ലാ കളികളിലും ധോണി നാലോ അഞ്ചോ ഓവറുകൾ ബാറ്റു ചെയ്യട്ടെ. അവസാനത്തെ ഒന്നോ, രണ്ടോ ഓവറുകൾ മാത്രം കളിക്കുന്നതു ചെന്നൈ സൂപ്പർ കിങ്സിന് ഏറെക്കാലം ഗുണം ചെയ്യില്ല.’’– ഇർഫാൻ പഠാൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘പ്ലേ ഓഫ് ഉറപ്പിക്കാനുള്ള എല്ലാ സാധ്യതയും ചെന്നൈ സൂപ്പർ കിങ്സിനു മുന്നിലുണ്ട്. 90 ശതമാനം മത്സരങ്ങളും ചെന്നൈയ്ക്കു വിജയിക്കാൻ സാധിക്കും. ഫോമിലുള്ള സീനിയർ താരമെന്ന നിലയിൽ ധോണി അതു ചെയ്യാൻ തയാറാകണം. ടീമിനു നിങ്ങളെ ആവശ്യമുള്ളപ്പോൾ ഷാർദൂൽ ഠാക്കൂറിനെ ബാറ്റിങ്ങിന് ഇറക്കി വിടാനാകില്ല. നാല് ഓവറുകളെങ്കിലും ബാറ്റു ചെയ്യാൻ ധോണിയോട് ആരെങ്കിലും പറയണം.’’– ഇർഫാൻ പഠാൻ വ്യക്തമാക്കി.