ADVERTISEMENT

∙ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് മീരാബായ് ചാനു  ഏഷ്യൻ ഗെയിംസ് വില്ലേജിൽ എത്തുമ്പോൾ ഒരു മേൽവിലാസം മതി അറിയപ്പെടാൻ: ഇന്ത്യയുടെ അഭിമാനതാരം! ചാനുവിനു മാത്രമല്ല, ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് സംഘത്തിലുൾപ്പെട്ട എല്ലാ മണിപ്പുരി കായികതാരങ്ങൾക്കും ഇടനെഞ്ചിൽ ഇന്ത്യ എന്ന ഒരേയൊരു വികാരം മാത്രം. നാട്ടിൽ ജനങ്ങൾ വംശം തിരിഞ്ഞു പോരടിക്കുമ്പോൾ ഹാങ്ചോയിലുള്ള മണിപ്പുരുകാർക്കിടയിൽ വേർതിരിവിന്റെ മതിലുകളില്ല. ഇവരിൽ മെയ്തെയ്, കുക്കി വിഭാഗക്കാർ ആരൊക്കെയെന്ന് ആർക്കുമറിയില്ല,  ആരും തിരക്കാറുമില്ല. നിറഞ്ഞ ചിരിയും കളിതമാശകളുമായി ഏഷ്യൻ ഗെയിംസ് നഗരത്തിൽ ഒരുമിച്ചു കഴിയുന്ന മണിപ്പുർ താരങ്ങൾ നാടിനു നൽകുന്ന സന്ദേശം ഇങ്ങനെ: ഒരു മെയ്യാണ് നമ്മൾ!

കലാപത്തിൽ 175 പേർ കൊല്ലപ്പെട്ട മണിപ്പുരിൽനിന്ന് 38  താരങ്ങളാണ് ഇന്ത്യൻ  സംഘത്തിലുള്ളത്. കലാപത്തിന്റെ ദുരിതം മുഴുവൻ ഏറ്റുവാങ്ങിയ ഒരാൾ ഇന്ത്യയുടെ പുരുഷ ഫുട്ബോൾ ടീമിലുണ്ട്: ഡിഫൻഡർ ചിംഗ്ലെൻസെന സിങ്. കലാപത്തിൽ സെനയുടെ വീടു ചുട്ടെരിക്കപ്പെട്ടു. ഏറെ നാൾ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ സെനയ്ക്ക് അവസാനനിമിഷമാണ് ഏഷ്യൻ ഗെയിംസ് ടീമിലേക്കുള്ള വിളിയെത്തിയത്. 

കുടുംബാംഗങ്ങളെ വാടകവീട്ടിലാക്കിയശേഷമാണ് ചൈനയിലേക്കു പുറപ്പെട്ടത്. മിഡ്ഫീൽഡർ അമർജിത് സിങ് കിയാമിന്റെ കുടുംബവും കലാപത്തിൽ മുറിവേറ്റവരാണ്.

ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിൽ മൂന്നും വനിതാ ടീമിൽ‌ ഏഴും മണിപ്പുരികളാണുള്ളത്.  ചാനുവിനൊപ്പം വെയ്റ്റ്‌ലിഫ്റ്റിങ് ടീമിൽ മത്സരിക്കുന്ന ബിന്ദ്യ റാണിയും മണിപ്പുരുകാരിയാണ്. വനിതാ ഹോക്കി, സെപക്തക്രോ, വുഷു, സൈക്ലിങ്, ജൂഡോ, റോവിങ്, ഡൈവിങ് ഇനങ്ങളിലും മണിപ്പുർ താരങ്ങൾ ഹാങ്ചോയിൽ ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കും.

 

English Summary: Asian Games team members from Manipur with a message of unity during the riots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com