അരീന സബലെങ്കയുടെ കാമുകനെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
Mail This Article
മയാമി∙ ബെലാറൂസിയൻ ടെന്നിസ് താരം അരീന സബലെങ്കയുടെ കാമുകൻ കോൺസ്റ്റാന്റിൻ കോസോവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 42 വയസ്സുകാരനായ മുൻ ഐസ് ഹോക്കി താരം റിസോര്‍ട്ടിലെ ബാൽക്കണിയിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് സ്ഥീരീകരിച്ചു. യുഎസിലെ മയാമിയിലുള്ള സെന്റ് റെജിസ് ബാൽ ഹാർബർ റിസോർട്ടില്‍വച്ചാണ് കോൺസ്റ്റാന്റിൻ മരിച്ചതെന്ന് പൊലീസ് വക്താവ് രാജ്യാന്തര മാധ്യമങ്ങളോടു പ്രതികരിച്ചു.
Read Also: പേരും ജഴ്സിയും മാറ്റി ആർസിബി; പുത്തൻ ‘ലുക്കിൽ’ കിരീടം ലക്ഷ്യമിട്ട് കോലിയും സംഘവും
സംഭവത്തിൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അരീന സബലെങ്കയ്ക്ക് മയാമിയിൽ സ്വന്തമായി വീടുണ്ട്. പരിശീലനത്തിന്റെ ഭാഗമായി നഗരത്തിനു പുറത്താണു സബലെങ്കയുള്ളത്. ഡബ്ല്യുടിഎയിലും എടിപി മയാമി ഓപ്പണിലും സബലെങ്കയ്ക്ക് ഈ ആഴ്ച മത്സരങ്ങളുണ്ട്.
കോൺസ്റ്റാന്റിൻ കോസോവിന്റെ മരണം ബെലാറൂസ് ഹോക്കി ഫെഡറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ ഹോക്കി ലീഗിൽ പിറ്റ്സ്ബെർഗ് പെൻഗ്വിൻസിനു വേണ്ടി 144 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കോൺസ്റ്റാന്റിൻ കോസോവ്. 2002, 2010 ശൈത്യകാല ഒളിംപിക്സുകളിൽ ബെലാറൂസിനു വേണ്ടി താരം മത്സരിച്ചിട്ടുണ്ട്.
ഒൻപതു തവണ ലോക ചാംപ്യൻഷിപ്പിലും ഐസ് ഹോക്കി ടീമിനൊപ്പം ഇറങ്ങി. വിവാഹ ബന്ധത്തിൽ താരത്തിന് മൂന്നു മക്കളുണ്ട്. ജൂലിയയുമായുള്ള വിവാഹബന്ധം 2020ൽ അവസാനിപ്പിച്ച കോൺസ്റ്റാന്റിൻ കോസോവ് പിന്നീടാണ് ബെലാറൂസ് ടെന്നിസ് താരവുമായി അടുപ്പത്തിലായത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)