കാൻഡിഡേറ്റ്സിൽ സഹോദര വിജയം: പ്രഗ്നാനന്ദയ്ക്കും സഹോദരി വൈശാലിക്കും ആദ്യ ജയം
Mail This Article
ടൊറന്റോ (കാനഡ)∙ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ സഹോദരങ്ങളുടെ ദിനം. ഓപ്പൺ വിഭാഗത്തിൽ ആർ. പ്രഗ്നാനന്ദയും വനിതാവിഭാഗത്തിൽ വൈശാലി രമേഷ് ബാബുവും തങ്ങളുടെ ആദ്യ ജയം നേടി. മൂന്നാം റൗണ്ടിലെ മറ്റു കളികൾ സമനിലയായി.ഹികാരു നകാമുറയെ കഴിഞ്ഞ റൗണ്ടിൽ അട്ടിമറിച്ചെത്തിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിദിത് ഗുജറാത്തി വെള്ളക്കരുക്കളുമായി റുയ്‌ലോപസ് പ്രാരംഭം തിരഞ്ഞെടുത്തെങ്കിലും കഴിഞ്ഞ കളിയിലെപ്പോലെ എതിരാളിയെ ചിന്തയിലാഴ്ത്തുന്ന മറുപടിയുമായാണ് പ്രഗ്നാനന്ദ എത്തിയത്.
എലീറ്റ് ടൂർണമെന്റുകളിൽ അധികം പ്രയോഗിക്കാറില്ലാത്ത ഷ്ലീമാൻ പ്രതിരോധം. അപരിചിത മേഖലകളിൽ വിദിത്തിനെ സമ്മർദത്തിലാഴ്ത്തുക എന്ന പ്രഗ്ഗയുടെ തന്ത്രം ലക്ഷ്യം കണ്ടു. രാജാവിനെ ലക്ഷ്യംവച്ചുള്ള പ്രഗ്നാനന്ദയുടെ കനത്ത ആക്രമണവും സമയസമ്മർദവും കൂടിയായപ്പോൾ വിദിത്തിനു പിഴച്ചു. 45 നീക്കങ്ങളിൽ പ്രഗ്ഗയ്ക്കു വിജയം.
വനിതാവിഭാഗത്തിൽ ന്യുർഗിൽ സലിമോവയ്ക്കെതിരെയായിരുന്നു വൈശാലിയുടെ ജയം. കൊനേരു ഹംപി–ടാൻ സോങ് യി മൽസരം സമനിലയായി. ഫാബിയാനോ കരുവാനയും യാൻ നീപോംനീഷിയും ഡി. ഗുകേഷുമാണ് 2 പോയിന്റുമായി മുന്നിൽ. ഒന്നര പോയിന്റുമായി പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയും തൊട്ടു പിന്നിലുണ്ട്.