പാരിസ് ഒളിംപിക്സിൽ അത്‍ലറ്റിക്സ് ചാംപ്യന് പ്രൈസ് മണി; സ്വർണത്തിനൊപ്പം 41.6 ലക്ഷം
Mail This Article
മൊണാക്കോ ∙ പാരിസ് ഒളിംപിക്സിലെ അത്‍ലറ്റിക്സ് ചാംപ്യൻമാർക്ക് സ്വർണ മെഡലിനൊപ്പം കാഷ് പ്രൈസും. ഒളിംപിക്സിലെ 48 അത്‍ലറ്റിക്സ് മത്സര ഇനങ്ങളിലെയും സ്വർണ ജേതാക്കൾക്ക് 50,000 യുഎസ് ഡോളർ വീതം (ഏകദേശം 41.6 ലക്ഷം രൂപ) പ്രൈസ് മണി നൽകുമെന്ന് അത്‍ലറ്റിക്സിലെ ആഗോള സംഘടനയായ വേൾഡ‍് അത്‍ലറ്റിക്സ് പ്രഖ്യാപിച്ചു. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 3 മെഡലിസ്റ്റുകൾക്കും പ്രൈസ് മണി നൽകും. ഒളിംപിക്സ് ഗെയിംസിന്റെ 128 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മത്സര വിജയികൾക്ക് കാഷ് പ്രൈസ് ഏർപ്പെടുത്തുന്നത്.
‘ഒളിംപിക്സ് സ്വർണത്തിന്റെ മൂല്യം നിർണയിക്കാനാകില്ല. എങ്കിലും കായിക താരങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരവും സാമ്പത്തിക പിന്തുണ നൽകുകയാണ് ലക്ഷ്യം– സുപ്രധാന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് വേൾഡ് അത്‍ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ വ്യക്തമാക്കി.
അത്‍ലറ്റിക്സിലെ ടീം ഇനമായ റിലേയിൽ കാഷ് പ്രൈസ് ടീമംഗങ്ങൾക്കു വീതിച്ചു നൽകും. ഒളിംപിക്സിൽ കാഷ് പ്രൈസ് ഏർപ്പെടുത്തുന്ന ആദ്യ മത്സരയിനമെന്ന നേട്ടം അത്‍ലറ്റിക്സ് സ്വന്തമാക്കിയെങ്കിലും തീരുമാനത്തോട് ഒളിംപിക്സ് സംഘാടകരായ ഐഒസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിൽ നിന്നു (ഐഒസി) കായിക ഫെഡറേഷനുകൾക്കു ലഭിക്കുന്ന ലാഭ വിഹിതത്തിൽ നിന്നാണ് വേൾഡ് അത്‍ലറ്റിക്സ് ജേതാക്കൾക്കുള്ള പ്രൈസ് മണി നൽകുന്നത്.