അശ്വിനി– തനിഷ സഖ്യം ഒളിംപിക്സിന്, ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യത്തിനു യോഗ്യതയില്ല
Mail This Article
ന്യൂഡൽഹി ∙ ഏഷ്യ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ ആദ്യ റൗണ്ട് വിജയത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യതയുറപ്പിച്ച് അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ വനിതാ ഡബിൾസ് സഖ്യം. ലോക റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്താണെങ്കിലും ഒളിംപിക്സ് ക്വാളിഫിക്കേഷൻ റാങ്കിങ്ങിൽ 12–ാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം. ആദ്യ 16 ടീമുകൾക്കാണ് ഒളിംപിക്സ് എൻട്രി. മുപ്പത്തിനാലുകാരി അശ്വിനി പൊന്നപ്പയുടെ മൂന്നാം ഒളിംപിക്സാണിത്. ഇരുപതുകാരി തനിഷയുടെ ആദ്യ ഒളിംപിക്സും.
ഇതോടെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങളുടെ എണ്ണം ഏഴായി. പുരുഷ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെൻ, വനിതാ സിംഗിൾസിൽ പി.വി.സിന്ധു, പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം എന്നിവർക്കും നിലവിലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ യോഗ്യത ഉറപ്പാണ്. വനിതാ ഡബിൾസിൽ ലോക റാങ്കിങ്ങിൽ 27–ാം സ്ഥാനത്തായ ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യത്തിനു യോഗ്യത നഷ്ടമായി.