ഗുകേഷിനു തോൽവി; പ്രഗ്ഗയ്ക്കു സമനില
Mail This Article
ടൊറന്റോ (കാനഡ) ∙ ലോകചാംപ്യന് എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനു ടൂർണമെന്റിലെ ആദ്യ തോൽവി. ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലിറേസ ഫിറൂസ്ജയാണ് ഏഴാം റൗണ്ടിൽ ഗുകേഷിനെ തോൽപിച്ചത്. ഇതോടെ റഷ്യക്കാരൻ യാൻ നീപോംനീഷിക്കൊപ്പം ഒന്നാമതുണ്ടായിരുന്ന ഗുകേഷിന് ഒരു സ്ഥാനം നഷ്ടമായി. മറ്റൊരു മത്സരത്തിൽ ഇന്ത്യൻ കൗമാര ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ അമേരിക്കയുടെ ഫാബിയോ കരുവാനയെ അനായാസം സമനിലയിൽ തളച്ചു. 7 റൗണ്ടുകൾ കൂടി ബാക്കിനിൽക്കെ ഗുകേഷ്, പ്രഗ്നാനന്ദ, കരുവാന എന്നിവർ 4 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിടുന്നു.
അമേരിക്കക്കാരൻ ഹികാരു നകാമുറയോടു സമനില വഴങ്ങിയ നീപോംനീഷി 4.5 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിലെ അവസാന സ്ഥാനക്കാരൻ നിജാത് അബാസോവുമായി സമനില വഴങ്ങിയ ഇന്ത്യക്കാരൻ വിദിത് ഗുജറാത്തി 3.5 പോയിന്റുമായി 5–ാം സ്ഥാനത്താണ്. നകാമുറ, അലിറേസ എന്നിവരും വിദിത്തിന് ഒപ്പമുണ്ട്.വനിതകളുടെ മത്സരത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു. പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി തുടർച്ചയായ 3–ാം തോൽവി വഴങ്ങി. ചൈനയുടെ ലീ ടിങ്ജിയാണു വൈശാലിയെ കീഴടക്കിയത്. കൊനേരു ഹംപി യുക്രെയ്നിന്റെ അന മ്യൂസിചുക്കുമായി സമനിലയിൽ പിരിഞ്ഞു.