ചെഫ് ഡി മിഷൻ: മേരികോം പിന്മാറി, വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം
Mail This Article
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ മേധാവി (ചെഫ് ഡി മിഷൻ) സ്ഥാനത്തുനിന്ന് ബോക്സിങ് താരവും മുൻ ലോക ചാംപ്യനുമായ എം.സി. മേരികോം പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണു പിൻമാറ്റമെന്നാണ് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി മേരികോം കത്തു നൽകിയെന്നു ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞു.
‘രാജ്യത്തിനു സാധ്യമായ എല്ലാ വിധത്തിലും പിന്തുണ നൽകുന്നത് ഒരു ബഹുമതിയായി കരുതുന്നു. അതിനായി ഞാൻ മാനസികമായി തയാറായിരുന്നു. എന്നിരുന്നാലും അഭിമാനകരമായ ഈ ചുമതല ഏറ്റെടുക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറാൻ ആഗ്രഹിക്കുന്നു’ മേരി കോം ഉഷയ്ക്ക് അയച്ച കത്തിൽ പറയുന്നു. ചുമതലയിൽ നിന്നു പിൻമാറുന്നത് ഏറെ വേദനാജനകമാണെന്നും പക്ഷേ, മറ്റു വഴികളില്ലെന്നും കത്തിലുണ്ട്. ചെഫ് ഡി മിഷനായി മേരി കോമിനെയും ഡപ്യൂട്ടി ചെഫ് ഡി മിഷനായി ശിവ കേശവനെയും കഴിഞ്ഞ മാസം 21നാണു ഐഒഎ നിയമിച്ചത്.