ADVERTISEMENT

പാരിസ് എന്നു കേട്ടാലേ സഞ്ചാരികളുടെ മനസ്സിൽ തലപ്പൊക്കത്തോടെ ഉയരുന്ന ഐഫൽ ടവറിന്റെ ഉയരമെത്ര എന്നു ചോദിച്ചാൽ പാരിസിയൻസ് (പാരിസിൽ താമസിക്കുന്നവർ) ഒരുപക്ഷേ, ആലോചിച്ചു നിന്നുപോകും. പക്ഷേ, ഒളിംപിക്സ് എന്നു തുടങ്ങുമെന്നു ചോദിച്ചാൽ ഉറക്കത്തിൽപ്പോലും അവർ വിളിച്ചുപറയും: ‘വാൻ സീസ് ജ്യൂയീയേ (ജൂലൈ 26).’ സിറ്റി ടൗൺ ഹാളിനു മുന്നിൽ ഉൾപ്പെടെ നഗരത്തിൽ പലയിടത്തും ഒളിംപിക്സിനെ വരവേൽക്കുന്ന ബോർഡുകളുണ്ട്. ഐഫൽ ടവറിനു താഴെ സ്ഥാപിച്ചിരിക്കുന്ന ഒളിംപിക്സ് കൗണ്ട് ഡൗൺ ക്ലോക്കിനു മുന്നിൽനിന്നു ഫോട്ടോയെടുക്കാൻ ആളുകൾ മത്സരിക്കുകയാണ്.

എന്നാൽ, ഫ്രാൻസ് ഒറ്റക്കെട്ടായി ഒളിംപിക്സിനെ വരവേൽക്കാൻ കാത്തുനിൽക്കുകയാണെന്നു കരുതേണ്ട. 26ന്റെ ഉദ്ഘാടനച്ചടങ്ങിൽ പാടാൻ അയാ നകാമുറ എന്ന ഗായികയെ ക്ഷണിച്ചതിനെച്ചൊല്ലിയാണ് ഏറ്റവും പുതിയ വിവാദം. ആഫ്രിക്കൻ രാജ്യമായ മാലിയിൽനിന്നു ഫ്രാൻസിലേക്കു കുടിയേറിയ കുടുംബത്തിൽപെട്ട നകാമുറയ്ക്കു നല്ല ഫ്രഞ്ചിൽ പാടാനറിയില്ലെന്നും ശരീരപ്രദർശനമാണ് ജനപ്രീതിക്കു പിന്നിലെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തിറങ്ങിക്കഴിഞ്ഞു. വിവിധ എജൻസികളും ദിനപത്രങ്ങളും ഒളിംപിക്സിനെക്കുറിച്ചു ജനഹിതമറിയാൻ സർവേകൾ നടത്തിയിരുന്നു. ഒളിംപിക്സിനെ ഏറെ പിന്തുണച്ച സർവേയിൽപ്പോലും 65% പേരുടെ മാത്രം അനുകൂല പ്രതികരണമാണു ലഭിച്ചത്. 

മറുവശത്ത്, ഏറ്റവും മികച്ച മെഡൽനേട്ടത്തിനുള്ള ഒരുക്കം ആതിഥേയർ നടത്തുന്നുണ്ട്. മെഡൽപട്ടികയിൽ 5-ാം സ്ഥാനമാണു ഫ്രാൻസിന്റെ ലക്ഷ്യം. ഫ്രഞ്ച് ഫുട്ബോൾ ടീമിൽ സൂപ്പർതാരം കിലിയൻ എംബപെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു പിഎസ്ജിയുടെ സീസൺ ടിക്കറ്റ് ഉടമയായ ഞാൻ ഉൾപ്പെടെയുള്ളവർ. 

ഒളിംപിക്സ് കാലത്തെ കാലാവസ്ഥയെപ്പറ്റിയുള്ള ആശങ്കകളും അന്തരീക്ഷത്തിലുണ്ട്. പൊതുവിൽ ജൂലൈ മധ്യം മുതൽ പാരിസിൽ ഭേദപ്പെട്ട കാലാവസ്ഥയാണ്. എന്നാൽ, ഉഷ്ണതരംഗ സാധ്യതയെപ്പറ്റിയുള്ള ചർച്ചകളാണ് എവിടെയും. രണ്ടുവർഷം മുൻപു പാരിസിൽ ജൂലൈയിൽ ചില ദിവസങ്ങളിൽ കടുത്ത ചൂടായിരുന്നു. താപനില 40 ഡിഗ്രി വരെയെത്തി. കഴിഞ്ഞയാഴ്ച മറ്റൊരു ഞെട്ടിക്കുന്ന സംഭവവും നടന്നു. ഈ മാസം 8ന് ആണു സെയ്ൻ നദിക്കരയിൽ ഉദ്ഘാടനച്ചടങ്ങിന്റെ റിഹേഴ്സൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, രണ്ടുദിവസം മുൻപു പെയ്ത കനത്ത മഴയിൽ നദിയിൽ വെള്ളമുയർന്നു, റോഡുകളിൽ വെള്ളം കയറി. അതോടെ റിഹേഴ്സൽ 28ലേക്കു മാറ്റി. ഇതിനെല്ലാമിടയ്ക്ക് ഒരേയൊരു പ്രാർഥനയേയുള്ളൂ: ലോകമാകെ കാത്തിരിക്കുന്ന മഹാമേള പ്രതിസന്ധികളില്ലാതെ വിജയത്തിലെത്തട്ടെ.

(തൃശൂർ പുതുക്കാട് സ്വദേശിയായ ബിശ്വജിത്ത് 25 വർഷമായി പാരിസിലാണു താമസം)

English Summary:

Malayali's note about preparations for Olympics in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com