'ഒരുനാൾ ഞാനും വളരും വലുതാവും'; ആ സ്വപ്നം യാഥാർഥ്യമാക്കി ഇന്ത്യയുടെ സ്വന്തം ഗുകി
Mail This Article
വർഷം 2013. ഒരു വർഷം മാത്രം മൂപ്പുള്ള ആർ. പ്രഗ്നാനന്ദ അണ്ടർ 8 ലോക കിരീടം വിജയിച്ച കാലം. ദൊമ്മരാജു ഗുകേഷ് അന്ന് പൊടിപ്പയ്യനാണ്. മൈക്രോബയോളജിസ്റ്റായ അമ്മ പദ്മയും ഇഎൻടി സർജൻ ആയ അച്ഛൻ രജനീകാന്തും ചെസ് കളിക്കുന്നത് കണ്ടു കളി പഠിച്ചുവരുന്നതേയുള്ളൂ കൊച്ചു ‘ഗുകി’.
‘‘നിന്നെക്കാൾ ഒരു വയസ്സുമാത്രം കൂടുതലുള്ള അണ്ണൻ ലോക ചാംപ്യനായതു കണ്ടില്ലേ’’ എന്ന് അച്ഛൻ ചോദിച്ചപ്പോൾ മുതൽ പ്രഗ്ഗയെ ശ്രദ്ധിക്കാൻ തുടങ്ങി ഗുകേഷ്. അന്നുമുതൽ ടൂർണമെന്റുകളിൽ പ്രഗ്ഗ എങ്ങനെ ഇരിക്കുന്നു, നടക്കുന്നു, കളിക്കുന്നു അത് അതേപടി അനുകരിക്കുമായിരുന്നു ഗുകേഷ്. ഒരുനാൾ ഞാനും വളരും വലുതാവും അണ്ണനെപ്പോലെ ലോക ചാംപ്യനാവും എന്ന് ആ പയ്യൻ സ്വപ്നം കണ്ടു. അണ്ണനോളവും അണ്ണനുമപ്പുറവും വളർന്നു കഴിഞ്ഞു ഇന്ന് ഗുകേഷ്.
12 വയസ്സായപ്പോഴേ ഗ്രാൻഡ്മാസ്റ്റർ. അന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ. അന്ന് സെർജി കര്യാക്കിൻ മാത്രമായിരുന്നു അതിലും ചെറിയ പ്രായത്തിൽ ആ നേട്ടം കൈവരിച്ചയാൾ. തുടർന്ന് പടിപടിയായി വളർച്ച. 2022 ആയിരുന്നു ഗുകേഷിന്റെ കരിയറിൽ കുതിച്ചുചാട്ടമുണ്ടായ വർഷം. 2022 ജനുവരിയിലെ 2614 റേറ്റിങ്ങിൽനിന്ന് 2725 റേറ്റിങ്ങിലേക്കൊരു വൻ കുതിപ്പ്. മഹാബലിപുരത്തു നടന്ന ചെസ് ഒളിംപ്യാഡിൽ തുടർച്ചയായ എട്ടു വിജയങ്ങളുടെ ബലത്തിൽ സ്വർണമെഡൽ നേട്ടം. അതോടെ ലോകശ്രദ്ധ ഗുകേഷിലായി.
പ്രായത്തിലേറെ പക്വത ആ കളിക്കുണ്ടെന്ന് പണ്ടേ തെളിയിച്ചതാണ് ഗുകേഷ്. എന്നാൽ തോൽവിയും തനിക്ക് ഊർജമാണെന്നു വ്യക്തമാക്കുന്നതായിരുന്നു വിജയത്തിനുശേഷമുള്ള ഗുകിയുടെ പ്രതികരണം.
‘‘കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ എന്റേതെന്ന് തോന്നിയ നിമിഷം ഒന്നുണ്ടെങ്കിൽ അത് ഏഴാം റൗണ്ടിനു ശേഷമാണ്. അലി റേസയോടു തോറ്റശേഷം. തോൽവി എന്നെ ബാധിച്ചിരുന്നു. എന്നാൽ, തൊട്ടടുത്ത വിശ്രമ ദിവസം ഞാൻ നല്ല മൂഡിലേക്കു തിരിച്ചുവന്നു. ആ തോൽവി എനിക്കു മികച്ച ചെസ് കളിക്കാൻ പ്രചോദനമായി. ഞാൻ എന്റെ ഏറ്റവും മികച്ച ഫോമിലാണെന്നും ടൂർണമെന്റ് വിജയിക്കാമെന്നും തോന്നി’’.
1985 ൽ കാസ്പറോവ് ലോകചാംപ്യനാകുമ്പോൾ പ്രായം 22. ആ റെക്കോർഡ് ഇന്നു വരെ ആരും തകർത്തിട്ടില്ല, മാഗ്നസ് കാൾസൻ പോലും. ഈ വർഷമൊടുവിൽ ഗുകേഷ് ലോക ചാംപ്യൻ ഡിങ് ലിറനെ നേരിടുമ്പോൾ ചരിത്രത്തിലേക്ക് മറയാൻ ആ റെക്കോർഡ് തയാറായിട്ടുണ്ടാകും. 1968ലെ മെക്സിക്കോ സിറ്റി ഒളിംപിക്സിൽ ദൂരച്ചാട്ടത്തിൽ അന്നത്തെ ലോക റെക്കോർഡിനെ 55 സെന്റി മീറ്റർ വ്യത്യാസത്തിൽ മറികടന്ന്, പറക്കുന്ന പക്ഷികളിൽ മനുഷ്യന്റെ പേരെഴുതിച്ചേർത്ത ബോബ് ബീമോൻ എന്ന ഇതിഹാസ താരത്തെപ്പോലെ, നാലു വയസ്സിന്റെ വ്യത്യാസത്തിന് ഇന്ത്യയുടെ ഗുകി ആ നേട്ടം മറികടക്കുന്നതിനു നമുക്ക് കാത്തിരിക്കാം...
പോയിന്റ് നില
ഡി. ഗുകേഷ് (ഇന്ത്യ) – 9
യാൻ നീപോംനീഷി (റഷ്യ) – 8.5
ഹികാരു നകാമുറ (യുഎസ്) – 8.5
ഫാബിയാനോ കരുവാന (യുഎസ്) –8.5
ആർ. പ്രഗ്നാനന്ദ (ഇന്ത്യ) – 7
വിദിത് ഗുജറാത്തി (ഇന്ത്യ) – 6
അലിറേസ ഫിറൂസ്ജ (ഫ്രാൻസ്)– 5
നിജാത് അബാസോവ് (അസർബൈജാൻ ) – 3.5