പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെല്ലുവിളി ഉയർത്താൻ പത്തൊൻപതുകാരൻ
Mail This Article
ഈ വർഷം ഫെബ്രുവരി 25 വരെ മാക്സ് ഡെനിങ് എന്ന ജർമൻ കായികതാരത്തിന്റെ പേര് കായികലോകത്തിന് അത്ര പരിചിതമായിരുന്നില്ല. 2020ലെ അണ്ടർ 20 ലോക ചാംപ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടി എന്നതിനപ്പുറം മറ്റ് അദ്ഭുതങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന വെറുമൊരു പയ്യൻസ്. 25നു മുൻപുവരെയുള്ള ഏറ്റവും മികച്ച ദൂരം 79.13 മീറ്റർ. എന്നാൽ, 25നു ജർമനിയിലെ ഹലെ നഗരത്തിൽ നടന്ന വിന്റർ ചാംപ്യൻഷിപ്പിൽ മാക്സ് എറിഞ്ഞ ജാവലിൻ ചെന്നുപതിച്ചത് 90.20 മീറ്റർ ദൂരത്തിനപ്പുറത്തേക്കാണ്. ജാവലിനിൽ 90 മീറ്റർ കടക്കുന്ന 24–ാമത്തെ മാത്രം അത്‌ലീറ്റ്. ആറാമത്തെ ജർമൻ താരം. പാരിസ് ഒളിംപിക്സ് യോഗ്യതാ മാർക്കും (85.50 മീറ്റർ) മാക്സ് മറികടന്നു.
പരുക്കിന്റെ പിടിയിൽനിന്നു മോചിതനായി ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ നിലവിലെ ഒളിംപിക് ചാംപ്യനായ നീരജിനു പുതിയൊരു എതിരാളിയെ പാരിസിൽ കിട്ടിയെന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പെട്ടെന്നൊരു ദിവസം പൊട്ടിവീണ നക്ഷത്രമെന്നു വിമർശനമുയർന്നെങ്കിലും ഈ കൗമാരക്കാരന്റെ ഉയരവും (ആറടി രണ്ടിഞ്ച്) തൂക്കവും (108 കിലോ) മനസ്സിലാക്കിയവർ അതിശയിക്കുന്നില്ല. നീരജിന് (ആറടി പൊക്കവും 86 കിലോ ശരീരഭാരവും) ഇതുവരെ 90 മീറ്റർ കടമ്പ കടക്കാനായിട്ടില്ല.
കായികപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണു മാക്സിന്റെ വരവ്. പിതാവ് ഹാൻഡ്‌ബോൾ താരമായിരുന്നു. അമ്മ നീന്തലിൽ മത്സരിച്ചിരുന്നു. സഹോദരി മേരി ഹെപ്റ്റാത്‌ലണിലെ യൂറോപ്യൻ ജൂനിയർ മെഡൽ ജേതാവാണ്.
പുരുഷ ജാവലിനിലെ ലോക റെക്കോർഡ് (98.48 മീ) ചെക്ക് റിപ്പബ്ലിക്കിന്റെ യാൻ സെലസ്നിയുടെ പേരിലാണ്. 2023ലെ മികച്ച ഏറുകാരിൽ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലേ (89.51 മീ) ഒന്നാമത്. നീരജ് (88.88) രണ്ടാമതും ജർമനിയുടെ ജൂലിയൻ വെബർ (88.72) മൂന്നാമതും പാക്കിസ്ഥാന്റെ അർഷദ് നദീം (87.82) നാലാമതും ഇന്ത്യയുടെതന്നെ കിഷോർ ജെന (87.54) അഞ്ചാമതുമാണ്. ഇവരിൽ യാക്കൂബും അർഷദും 90 മീറ്റർ പിന്നിട്ടവരാണ്. പോയിന്റ് അടിസ്ഥാനമാക്കി ലോക അത്‌ലറ്റിക് സംഘടന തയാറാക്കുന്ന റാങ്കിങ്ങിൽ നീരജ് തന്നെയാണ് ഇപ്പോഴും ഒന്നാമത്.