ഓൾ ദ് ബെസ്റ്റ,് ടീം ഇന്ത്യ !
Mail This Article
ചെങ്‍ഡു (ചൈന) ∙ ബാഡ്മിന്റനിലെ ലോകകപ്പ് എന്നറിയപ്പെടുന്ന തോമസ് കപ്പ്, യൂബർ കപ്പ് ചാംപ്യൻഷിപ്പുകൾക്ക് ഇന്ന് തുടക്കമാകുമ്പോൾ പ്രതീക്ഷയുടെ റാക്കറ്റേന്തി ഇന്ത്യൻ താരങ്ങൾ. പുരുഷൻമാരുടെ ലോക ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പായ തോമസ് കപ്പും വനിതകളുടെ ടീം ചാംപ്യൻഷിപ്പായ യൂബർ കപ്പുമാണ് ചൈനയിലെ ചെങ്ഡുവിൽ ഇന്നാരംഭിക്കുന്നത്. തോമസ് കപ്പിലെ നിലവിലെ ചാംപ്യൻമാരുടെ പകിട്ടോടെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ ഫെബ്രുവരിയിൽ നടന്ന ഏഷ്യൻ വനിതാ ടീം ചാംപ്യൻഷിപ്പിൽ കന്നി കിരീടമുയർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വനിതകൾ. പുരുഷൻമാർ ആദ്യ മത്സരത്തിൽ ഇന്ന് തായ്‌ലൻഡിനെ നേരിടുമ്പോൾ വനിതാ ടീമിന്റെ എതിരാളികൾ കാനഡയാണ്.
2022ൽ തോമസ് കപ്പിലൂടെ രാജ്യത്തിന് അഭിമാനനേട്ടം കൈവരിച്ച താരങ്ങളെത്തന്നെയാണ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലും ഇന്ത്യ കളത്തിലിറക്കുന്നത്. മലയാളി താരം കിരൺ ജോർജ് മാത്രമാണ് ടീമിലെ പുതുമുഖം. എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ സിംഗിൾസ് പോരാട്ടങ്ങൾക്ക് ഇറങ്ങുമ്പോൾ ഡബിൾസിൽ ലോക ഒന്നാം നമ്പർ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയുടെ പ്രധാന ആയുധം. ധ്രുവ് കപിലയും മലയാളി താരം എം.ആർ.അർജുനുമാണ് ഡബിൾസിലെ രണ്ടാം സഖ്യം.
വനിതകളുടെ യൂബർ കപ്പിൽ പുതുമുഖങ്ങളെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ഒളിംപിക്സ് തയാറെടുപ്പുകളുടെ ഭാഗമായി പി.വി.സിന്ധു ചാംപ്യൻഷിപ്പിൽ നിന്നു പിൻമാറി. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ, ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യങ്ങളും മത്സരത്തിനില്ല.