തോമസ് കപ്പ് ബാഡ്മിന്റൻ: ഇന്ത്യ കുതിപ്പ് തുടങ്ങി
Mail This Article
ചെങ്ഡു (ചൈന) ∙ കരുത്തരായ തായ്‌ലൻഡിനെതിരെ അനായാസ ജയത്തോടെ തോമസ് കപ്പ് ബാഡ്മിന്റനിൽ ഇന്ത്യൻ ടീം കുതിപ്പ് തുടങ്ങി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 4–1നായിരുന്നു നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ വിജയം. ആദ്യ സിംഗിൾസിൽ എച്ച്.എസ്.പ്രണോയ് കുൻലാവുറ്റ് വിറ്റിസാനോട് പരാജയപ്പെട്ടതോടെ തായ്‌ലൻഡിന് ലീഡായി. എന്നാൽ രണ്ടാം മത്സരത്തിലെ ജയത്തോടെ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ ഒപ്പമെത്തിച്ചു. രണ്ടാം സിംഗിൾസിൽ ലക്ഷ്യ സെന്നിന്റെയും രണ്ടാം ഡബിൾസിൽ ധ്രുവ് കപില–എം.ആർ.അർജുൻ സഖ്യത്തിന്റെയും ജയത്തോടെ ലീഡുയർത്തിയ ഇന്ത്യ, ജയം പൂർത്തിയാക്കിയത് അവസാന സിംഗിൾസ് മത്സരത്തിൽ കിഡംബി ശ്രീകാന്തിന്റെ ഉജ്വല ജയത്തോടെയാണ്. നാളെ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വനിതാ ടീമിനും ജയം
വനിതകളുടെ ടീം ചാംപ്യൻഷിപ്പായ യൂബർ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കാനഡയെ 4–1ന് തോൽപിച്ചു. ആദ്യ സിംഗിൾസിൽ അഷ്മിത ചാലിഹ മുൻ കോമൺവെൽത്ത് ഗെയിംസ് ചാംപ്യൻ മിഷേൽ ലിയെ അട്ടിമറിച്ചു. ഇഷ്റാനി ബറുവ, അൻമോൽ ഖർബ് എന്നിവരും സിംഗിൾസ് മത്സരങ്ങൾ വിജയിച്ചപ്പോൾ ഡബിൾസിൽ ശ്രുതി മിശ്ര– പ്രിയ സഖ്യവും വിജയം നേടി. എന്നാൽ റിഥിക താക്കർ– സിമ്രാൻ സഖ്യം പരാജയപ്പെട്ടു.