ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ പാരിസ് ഒളിംപിക്സ് റിലേയിൽ മത്സരിക്കും, യോഗ്യത ഉറപ്പിച്ചു
Mail This Article
നാസോ (ബഹാമസ്) ∙ ഇന്ത്യയുടെ പുരുഷ– വനിതാ ടീമുകൾ പാരിസ് ഒളിംപിക്സ് 4x400 മീറ്റർ റിലേയ്ക്കു യോഗ്യത നേടി. നാസോയിൽ നടന്ന ലോക റിലേ ചാംപ്യൻഷിപ്പിന്റെ രണ്ടാം റൗണ്ട് ഹീറ്റ്സിലാണ് ഈ നേട്ടം.മലയാളികളായ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർക്കൊപ്പം തമിഴ്നാട് സ്വദേശി ആരോഗ്യരാജീവും ഉൾപ്പെടുന്ന ഇന്ത്യയുടെ പുരുഷ ടീം ഹീറ്റ്സിൽ യുഎസ്എയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. സമയം: 3 മിനിറ്റ് 3.23 സെക്കൻഡ്.
ഞായറാഴ്ച നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ടാമത് ഓടിയ രാജേഷ് രമേഷിനു പേശിവലിവു മൂലം മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യ യോഗ്യത തേടിയിറങ്ങിയത്. വനിതാ ടീമിൽ മലയാളികളില്ല.
രുപാൽ ചൗധരി, എം.ആർ.പൂവമ്മ, ജ്യോതിക ശ്രീ ദൻഡി, ശുഭ വെങ്കടേശൻ എന്നിവരടങ്ങിയ ടീം 3 മിനിറ്റ് 29.35 സെക്കൻഡിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഇന്ത്യൻ പുരുഷ റിലേ ടീമംഗങ്ങളായ മുഹമ്മദ് അനസ്, ആരോഗ്യരാജീവ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ എന്നിവർ. ഇന്ത്യൻ വനിതാ റിലേ ടീമംഗങ്ങളായ ശുഭ വെങ്കടേശൻ, ജ്യോതിക ശ്രീ ദൻഡി, എം.ആർ.പൂവമ്മ, രുപാൽ ചൗധരി എന്നിവർ.